ADVERTISEMENT

ദുബായ് ∙ ഫോസിൽ ഇന്ധനം പൂർണമായും ഒഴിവാക്കണമെന്നത് മയപ്പെടുത്തി യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) കരട് പ്രമേയം. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗവും ഉൽപാദനവും കുറയ്ക്കാൻ ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം. 2050ലോ അതിനു മുൻപോ കാർബൺ മലിനീകരണം പൂജ്യം ആക്കുക എന്ന ലക്ഷ്യം കൈവരിക്കണമെന്നും ആവശ്യപ്പെട്ടു.   

കാലാവസ്ഥാ സമ്മേളനത്തിൽ തർക്കവിഷയമായ ഫോസിൽ ഇന്ധനങ്ങൾ പൂർണമായും ഒഴിവാക്കണമെന്ന പദം കരട് പ്രമേയത്തിൽനിന്ന് ഒഴിവാക്കി. ഉച്ചകോടിയുടെ അഭിലാഷങ്ങൾ തുടക്കം മുതൽ വ്യക്തമാക്കിയതാണെന്നും മനുഷ്യരാശിക്കും ഗ്രഹത്തിനും വേണ്ടി ഏറ്റവും മികച്ച നടപടികളാണ് സ്വീകരിച്ചതെന്നും തുടർപ്രവർത്തനങ്ങളിലൂടെ അവ യാഥാർഥ്യമാക്കേണ്ടത് ഓരോ രാജ്യവുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിൽ പുനരുപയോഗിക്കാവുന്ന ഊർജശേഷി മൂന്നിരട്ടിയാക്കുക, 2030ഓടെ വാർഷിക ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തുന്നത് ആഗോള ശരാശരി നിരക്ക് ഇരട്ടിയാക്കുക, അനിയന്ത്രിത കൽക്കരി ഉപയോഗം എത്രയും വേഗം കുറയ്ക്കുക, കാർബൺ രഹിത ഊർജത്തിനായുള്ള ആഗോള ശ്രമം ശക്തമാക്കുക, സൗരോർജം, ഹൈഡ്രജൻ, ആണവോർജം തുടങ്ങിയവയുടെ ഉൽപാദനവും സംഭരണവും വ്യാപിപ്പിക്കുക, മീഥേൻ, കാർബൺ പുറന്തള്ളൽ 2030ഓടെ ഗണ്യമായി കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കി മലിനീകരണം കുറയ്ക്കുന്നതിലേക്കു നയിക്കുക, ഫോസിൽ ഇന്ധന സബ്സിഡി ഘട്ടം ഘട്ടമായി നിർത്തലാക്കുക തുടങ്ങിയവയാണ് കരട് പ്രമേയത്തിൽ ഉൾപ്പെട്ട പ്രധാന നിർദേശങ്ങൾ. 13 ദിവസം നീളുന്ന ഉച്ചകോടി ഇന്നു സമാപിക്കും.

ഉച്ചകോടിയുടെ നേട്ടങ്ങൾ
∙ കാലാവസ്ഥ പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് 8300 കോടി ഡോളറിന്റെ ധനസമാഹരണം.
∙ വ്യവസായങ്ങളെ കാർബൺ മുക്തമാക്കുന്നതിനുള്ള സംരംഭങ്ങൾ ഉൾപ്പെടെ പുനരുപയോഗ ഊർജം കാര്യക്ഷമാക്കൽ.
∙ ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്ന രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതിയ്ക്ക് 79.2 കോടി ഡോളറിന്റെ സഹായം
∙ ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് 350 കോടി ഡോളർ, അഡാപ്റ്റേഷൻ ഫണ്ടിലേക്ക് 13.4 കോടി ഡോളർ പ്രഖ്യാപനം.
∙ അവികസിത രാജ്യങ്ങളുടെ ഫണ്ടിലേക്ക് 12.93 കോടി ഡോളർ.
∙ സ്പെഷ്യൽ ക്ലൈമറ്റ് ചേഞ്ച് ഫണ്ടിലേക്ക് 3.1 കോടി ഡോളർ.
∙ കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി യുഎഇ 3000 കോടി ഡോളറിന്റെ കാറ്റലറ്റിക് ഫണ്ട് ആരംഭിച്ചു. 
∙ ദുർബല രാജ്യങ്ങളെ സഹായിക്കാൻ 20 കോടി ഡോളറും ജലക്ഷാമം പരിഹരിക്കുന്നതിന് 15 കോടി ഡോളറും യുഎഇ പ്രഖ്യാപിച്ചു.
∙ കാലാവസ്ഥ പദ്ധതികൾക്ക് (2024, 2025) ലോകബാങ്കിന്റെ ധനസഹായം വർഷത്തിൽ  900 കോടി ഡോളർ. ബഹുമുഖ വികസന ബാങ്കുകൾ 2260 കോടി ഡോളറും നൽകും.
∙ ഗ്ലോബൽ റിന്യൂവബിൾസ് ആൻഡ് എനർജി എഫിഷ്യൻസി പ്രതിജ്ഞ 130 രാജ്യങ്ങൾ അംഗീകരിച്ചു.
∙ കൃഷി, ഭക്ഷണം, കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള യുഎഇ പ്രഖ്യാപനം 153 രാജ്യങ്ങൾ അംഗീകരിച്ചു
∙ കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച പ്രഖ്യാപനം 141 രാജ്യങ്ങൾ അംഗീകരിച്ചു.
∙ ഗ്ലോബൽ കൂളിങ് പ്രതിജ്ഞയ്ക്ക് 66 രാജ്യങ്ങളുടെ പിന്തുണ
∙ കാലാവസ്ഥാ സഹായം, വീണ്ടെടുക്കൽ, സമാധാനം എന്നിവയെക്കുറിച്ചുള്ള  പ്രഖ്യാപനം 78 രാജ്യങ്ങളും 40 സംഘടനകളും അംഗീകരിച്ചു.

English Summary:

COP28: draft Aims to Curb Use and Production of Fossil Fuel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com