ഹമദ് വിമാനത്താവളത്തിൽ യാത്രക്കാർക്കായി നൂതന സംവിധാനങ്ങൾ; തിരക്ക് ഒഴിവാക്കാം, സുരക്ഷിതമായി സഞ്ചരിക്കാം
Mail This Article
ദോഹ ∙ ശൈത്യകാല അവധി അടുത്തതോടെ യാത്രാനടപടികൾ സുഗമമാക്കാൻ യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. അടുത്തയാഴ്ച രാജ്യത്തെ സ്‌കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങുന്നതിനാൽ രാജ്യത്തിനു പുറത്തു പോകുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചത്.
യാത്രക്കാർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വിമാനത്താവളത്തിനുള്ളിൽ എല്ലായിടത്തേക്കും വഴികാട്ടാൻ ഡിജിറ്റൽ വേ ഫൈൻഡർ ഉണ്ട്. എല്ലാ പ്രധാന ഡിജിറ്റൽ ടച്ച് പോയിന്റുകളിലുമുള്ള ക്യുആർ കോഡുകൾ ഉപയോഗിച്ച് ടെർമിനലുകളിലുടനീളം വഴിതെറ്റാതെ സഞ്ചരിക്കാം. കൃത്യമായ നാവിഗേഷനു വേണ്ടി പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌കികളുമുണ്ട്. 20 ഭാഷകളിലെ സേവനമാണ് കിയോസ്‌കികളിലുള്ളത്. സഹായത്തിനായി ജീവനക്കാരുമുണ്ട്. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും യാത്രക്കാർ പാലിക്കണ്ട നിർദേശങ്ങൾ അറിയാം.
ബാഗേജ് പരിധി നോക്കാം
ബാഗേജ് പരിധിയും ആനുകൂല്യങ്ങളും അതത് വിമാനക്കമ്പനികളാണ് നിശ്ചയിക്കുന്നത്. ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ബാഗേജ് പരിധിയെക്കുറിച്ച് അറിഞ്ഞിരിക്കണം. അനുവദിച്ച തൂക്കത്തിൽ കൂടുതൽ ആകാതിരിക്കാൻ ശ്രദ്ധിക്കണം. വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ഹാളിൽ തന്നെ ബാഗേജുകൾ റീ-പാക്ക് ചെയ്യാനുള്ള സൗകര്യവും ഭാരം തൂക്കുന്ന മെഷീനുകളുമുണ്ട്. സുരക്ഷാ പരിശോധന കഴിയുമ്പോൾ തന്നെ വാച്ചുകൾ, പേഴ്‌സ്, ആഭരണങ്ങൾ, ബെൽറ്റ് തുടങ്ങി വ്യക്തിഗത സാധനങ്ങൾ ട്രേകളിൽ നിന്നെടുക്കാൻ മറക്കരുത്.
ഇവ സുരക്ഷിതമായി ബാഗുകളിൽ തിരികെ വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. എക്‌സ്റേ പരിശോധനയ്ക്കായി ബാഗിനുള്ളിൽ നിന്ന് ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകളും പുറത്തെടുക്കണം. ദോഹയിലേക്ക് എത്തുന്ന യാത്രക്കാരുടെ അമിതമായ വലുപ്പമുള്ള അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിലുള്ള ബാഗേജുകൾ പ്രത്യേക ബാഗേജ് ബെൽറ്റുകളിലാണ് എത്തുക.
നിരോധിത സാധനങ്ങൾ പാടില്ല
നിരോധിക്കപ്പെട്ട സാധനങ്ങൾ ബാഗുകളിലില്ലെന്ന് ഉറപ്പാക്കണം. ലിക്വിഡുകൾ, ജെല്ലുകൾ, എയ്‌റോസോൾ, ലിഥിയം ബാറ്ററികളാൽ പ്രവർത്തിക്കുന്ന ഹോവർ ബോർഡുകൾ പോലുള്ള ചെറു വാഹനങ്ങൾ തുടങ്ങിയ നിരോധിത വസ്തുക്കൾ കൈവശം പാടില്ല. 100 മില്ലിയിൽ കൂടുതൽ ലിക്വിഡ് സാധനങ്ങൾ പാടില്ല.
ഇ-ഗേറ്റുകൾ ഉപയോഗിക്കാം
ഇമിഗ്രേഷൻ നടപടികൾ എളുപ്പമാക്കാൻ, 18 വയസ്സിനു മുകളിലുള്ള രാജ്യത്തെ പ്രവാസി താമസക്കാർക്ക് ഇ-ഗേറ്റുകൾ ഉപയോഗിക്കാം. ദോഹയിലേക്ക് മടങ്ങിവരുന്ന യാത്രക്കാർ ഇമിഗ്രേഷൻ ഹാളിലെ ഇ-ഗേറ്റുകൾ ഉപയോഗിക്കണം. രാജ്യത്തേക്ക് ഹയാ വീസകളിൽ എത്തുന്നവർക്കും ഇ-ഗേറ്റുകൾ ഉപയോഗിക്കാം.
പാർക്കിങ്, ടാക്‌സി സേവനങ്ങൾ
ഈ മാസം 10 മുതൽ 2024 ജനുവരി 3 വരെ ഹ്രസ്വകാല കാർ പാർക്കിങ്ങിൽ ആദ്യത്തെ 60 മിനിറ്റ് തികച്ചും സൗജന്യമാണ്. അറൈവൽ ഹാളിന് സമീപം ബസ്, ടാക്‌സി, ലിമോസിൻ സേവനങ്ങളും ലഭ്യമാണ്.
ശൈത്യകാല തിരക്ക്; യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ
'ചെക്ക് ഇൻ' നേരത്തെ ആക്കാം. വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപ് തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണം. ടിക്കറ്റ് ബുക്കിങ് സമയത്ത് തന്നെ വിമാനത്തിൽ യോജ്യമായ സീറ്റും തിരഞ്ഞെടുക്കണം. സെൽഫ് സർവീസ് ചെക്ക്-ഇൻ, ബാഗ്-ഡ്രോപ് സൗകര്യങ്ങൾ വിമാനത്താവളത്തിലുണ്ട്. കിയോസ്‌കിയിൽ സെൽഫ് ചെക്ക്-ഇൻ ചെയ്ത് ബോർഡിങ് പാസും ബാഗുകൾക്കുള്ള ടാഗുകളും പ്രിന്റ് ചെയ്യാം. ബാഗേജുകൾ ഡ്രോപ്പ് ചെയ്യാം. ജനുവരി 3 വരെ ഖത്തർ എയർവേയ്‌സിന്റെ യുഎസ്, കാനഡ ഒഴികെയുള്ള യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുതൽ 4 മണിക്കൂർ വരെ നേരത്തെ ചെക്ക് ഇൻ ചെയ്യാം. വിമാനത്താവളത്തിലെ വെർട്ടിക്കൽ സർക്കുലേഷൻ നോഡിലെ റോ 11 ലാണ് ഈ സൗകര്യം.