ലുലുവും എംബിസിയും ഓഹരി വിപണിയിലേക്ക്; ഐപിഒയിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികളും സ്വദേശികളുമായ നിക്ഷേപകർ
Mail This Article
കോട്ടയം∙ ഓഹരി വിപണി നിക്ഷേപകർക്ക് എന്നും പ്രിയപ്പെട്ടതാണ്. സൂക്ഷിച്ചു നിക്ഷേപിച്ചാൽ സമ്പാദ്യം വളരും, അല്ലെങ്കിൽ കൈപൊള്ളും. പ്രവാസികൾക്കും ഗൾഫിലെ സ്വദേശികളായ നിക്ഷേപകർക്കും ഏറെ പ്രതീക്ഷ പകരുന്ന ചില പ്രാഥമിക ഓഹരി വിൽപനകളാണ് (ഐപിഒ) വിപണിയിൽ എത്തുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പ്രധാനപ്പെട്ട രണ്ട് ഐപിഒകൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
∙ എംബിസി ഗ്രൂപ്പ്
സൗദി മാധ്യമ ഭീമനായ എംബിസി ഗ്രൂപ്പ് ഐപിഒയ്ക്കായി 10 ശതമാനം ഓഹരി വിൽപനയ്ക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനുള്ള അംഗീകാരം സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (സിഎംഎ) യിൽനിന്ന് ലഭിച്ചു. ഒരു ഓഹരിക്ക് 25 റിയാൽ എന്ന നിലയിലായിരിക്കും ഐപിഒ എത്തുക. 222 ദശലക്ഷം ഡോളർ സമാഹരിക്കുകയാണ് ലക്ഷ്യം. വൻ തോതിൽ നിക്ഷേപകർ ഓഹരി വാങ്ങാൻ ശ്രമിക്കുമെന്നതിനാൽ ഐപിഒ സ്വന്തമാക്കുന്നവർക്ക് ലിസ്റ്റിങ് സമയത്ത് നേട്ടമുണ്ടാകുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. വ്യക്തിഗത നിക്ഷേപകരിൽ നിന്നുള്ള സബ്‌സ്‌ക്രിപ്‌ഷനുകളുടെ അടിസ്ഥാനത്തിലാവും പങ്കാളികൾക്ക് അനുവദിച്ചിട്ടുള്ള ഓഫർ ഷെയറുകളുടെ അന്തിമ എണ്ണം തീരുമാനിക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യൻ പൗരന്മാർക്കും സൗദിയിലെ വിദേശ താമസക്കാർക്കും ജിസിസി പൗരന്മാർക്കും ഐപിഒ സ്വന്തമാക്കാം. അറബ് നാഷനൽ ബാങ്ക്, ബാങ്ക് സൗദി ഫ്രാൻസി, റിയാദ് ബാങ്ക്, സൗദി നാഷനൽ ബാങ്ക് എന്നിവരാണ് ഏജന്‍റുമാർ.
∙ പ്യൂവർ ഹെൽത്ത്
മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ പ്യൂവർ ഹെൽത്ത് ഐപിഒയുമായി വിപണിയിൽ എത്തിയ ആദ്യ ദിനം തന്നെ മുഴുവൻ ഐപിഒയും വിറ്റുപോയി. ഇതോടെ നിക്ഷേപകർക്ക് ലിസ്റ്റിങ് നടക്കുമ്പോൾ മികച്ച നേട്ടമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിക്ഷേപകരുടെ വിശ്വാസത്തിനും പ്യൂവർ ഹെൽത്തിനുള്ള സ്വീകാര്യതയ്ക്കും കമ്പനി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഫർഹാൻ മാലിക് നന്ദി പറഞ്ഞു. അന്തിമ ഓഫർ വില ഓഹരി ഒന്നിന് 3.26 ദിർഹമായിട്ടാണ് തീരുമാനിച്ചിരുന്നത് 1.11 ബില്യൻ ഓഹരികളാണ് ഐപിഒയിലൂടെ വിറ്റത്. ഇത് കമ്പനിയുടെ ഓഹരി മൂലധനത്തിന്‍റെ 10% അഥവാ 3.62 ബില്യൻ ദിർഹമാണ്.
∙ ലുലു ഗ്രൂപ്പ്
ഏറെ പ്രതീക്ഷയോടെയാണ് വിപണി ലുലു ഗ്രൂപ്പ് ഇന്‍റർനാഷനലിന്‍റെ ഐപിഒ കാത്തിരിക്കുന്നത്. അടുത്ത ജനുവരിയിൽ ഐപിഒ വിപണിയിലെത്തുമെന്ന് കരുതപ്പെടുന്നു. പ്രത്യേക സ്റ്റോക്ക് എക്സ്ചേഞ്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും സ്റ്റോക്ക് ഗൾഫിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ ആസ്ഥാനമായ കമ്പനിയുടെ ചെയർമാനും എംഡിയുമായ എം.എ.യൂസഫലി വ്യക്തമാക്കിയിരുന്നു.
ഷോപ്പിങ് മാളുകൾക്ക് പുറമേ സാധനങ്ങളുടെ നിർമാണത്തിലും വ്യാപാരത്തിലും ഹോസ്പിറ്റാലിറ്റി ആസ്തികളിലും റിയൽ എസ്റ്റേറ്റ് ബിസിനസിലും സജീവമാണ് ലുലു ഗ്രൂപ്പ്. 8 ബില്യൻ ഡോളറിന്‍റെ വാർഷിക വിറ്റുവരവും 65,000 ത്തിലധികം ജീവനക്കാരുമുള്ള ലുലു ഗ്രൂപ്പ് നിലവിലുള്ള കടങ്ങൾ വീട്ടാനും പുതിയ മേഖലളിലേക്ക് വിപണി വ്യാപിപ്പിക്കാനും സപ്ലൈ ചെയിൻ നെറ്റ്‌വർക്കുകൾ മെച്ചപ്പെടുത്താനും ഇ-കൊമേഴ്‌സ് സാധ്യതകൾ വർധിപ്പിക്കാനും ഫണ്ട് ഉപയോഗിക്കും.
(ശ്രദ്ധിക്കുക– ഹ്രസ്വകാലയളവിൽ ഓഹരി വിപണി ശക്തമായ ചാഞ്ചാട്ടത്തിന് വിധേയമാകാൻ സാധ്യതയുണ്ട്. ഈ ലേഖനത്തിലെ നിഗമനങ്ങൾ ഓഹരി നിക്ഷേപത്തിനുള്ള ശുപാർശയല്ല, അറിവിലേക്കായി മാത്രമാണ്)