ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ ദേശീയ ദിനം അടുത്ത് വന്നതോടെ രാജ്യം മുഴുവനും ദീപാലങ്കാരങ്ങളാൽ സമൃദ്ധമാണ്.  അതോടൊപ്പം തന്നെ വിവിധ ഇടങ്ങളിൽ സാംസ്കാരിക വിനോദ പരിപാടികളും  പരമ്പരാഗത പ്രകടനങ്ങൾ മുതൽ  വെടിക്കെട്ട് പ്രദർശനങ്ങൾ വരെയുള്ള ആകർഷക പരിപാടികളാണ് വരും ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഔദ്യോഗിക പരിപാടികൾ പലതും ഒരുക്കുമ്പോൾ പ്രവാസി സംഘടനകൾ അടക്കമുള്ള കൂട്ടായ്മകളും വിവിധ സ്‌ഥാപനങ്ങളും പ്രത്യേകം പ്രത്യേകം ആഘോഷങ്ങൾ ഒരുക്കുന്നുണ്ട്.

ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി

∙ ആഘോഷ രാവുകൾ 
ഈ മാസം 13-ന് നടക്കുന്ന ഖലീഫ ടൗൺ സെലിബ്രേഷനിൽ ഘോഷയാത്രയോടെയാണ്  ആഘോഷങ്ങൾക്ക് തുടക്കമിടുക. ഇവിടെ ബഹ്‌റൈൻ പാരമ്പര്യ കലാരൂപമായ 'അർദ' നൃത്തവും കവിതാ പാരായണങ്ങളുമാണ് നടക്കുക. ബഹ്‌റൈനിലെ പ്രമുഖ കവികൾ പങ്കെടുക്കുന്ന പരിപാടിയാണിത്.  അവിടെ പ്രത്യേകം സജ്ജമാക്കിയ കൂടാരങ്ങളിൽ  കളറിങ് ,ഡ്രോയിങ് തുടങ്ങിയ പരിപാടികളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കാളികൾ ആകാം. പ്രമുഖ കലാകാരന്മാർ അവിടെ ലൈവ് ചിത്രങ്ങൾ വരയ്ക്കുന്ന പരിപാടിയും അരേങ്ങറും. 

ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി

14 മുതൽ 2024 ജനുവരി 5 വരെ ബഹ്‌റൈൻ ഹാർബറിൽ  ദേശീയ ദിനാഘോഷം മുതൽ പുതുവത്സര ആഘോഷങ്ങൾ വരെയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗൾഫ് ഫിനാൻഷ്യൽ ഹാർബറുമായി സഹകരിച്ച്  ക്യാപിറ്റൽ സെലിബ്രേഷൻസ്, വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ദീപങ്ങളുടെ  ഉത്സവവും ആണ്  വാഗ്ദാനം ചെയ്യുന്നത് . വൈദ്യുത ദീപങ്ങളുടെ പ്രത്യേക ഡിസ്‌പ്ളേയും സംഗീതത്തിന്റെ അകമ്പടിയോടെ  ഇവിടെ നിന്ന് ആസ്വദിക്കാം. ഡിസംബർ 14 വ്യാഴാഴ്ച, 2024 ജനുവരി 5 വരെ പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 11 വരെയും വാരാന്ത്യങ്ങളിൽ വൈകുന്നേരം 5 മുതൽ 12 വരെയുമാണ് ഇവിടെ ആഘോഷങ്ങൾ നടക്കുക. 14, 15 തീയതികളിൽ അൽ ദാന ആംഫി തിയേറ്ററിൽ ഇതിഹാസതാരം അബ്ദൽ മജീദ് അബ്ദുല്ല അവതരിപ്പിക്കുന്ന സംഗീത പരിപാടി.അറബിക് സംഗീത മേഖലയിൽ ഏറെ ആരാധകരുള്ള  ഈ കലാകാരന്റെ മാസ്മരിക പ്രകടനം കാണാൻ രാജ്യത്തിന് പുറത്തുനിന്നും ആളുകൾ എത്തിച്ചേരുമെന്നാണ് കരുതുന്നത്. 

ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി

16 മുതൽ 31 വരെ വാട്ടർ ഗാർഡൻ സിറ്റി ഫെസ്റ്റിവൽ സിറ്റിയായി മാറുകയാണ്. ഇവിടെയും ദീപാലങ്കാരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന വിനോദ പരിപാടികലും സംഘടിപ്പിച്ചിട്ടുണ്ട്.രാജ്യത്ത് എത്തുന്ന സന്ദർശകർക്ക് വേണ്ടി  മൂന്ന് രാത്രികളിലെ താമസസൗകര്യം,  ദിവസേനയുള്ള പ്രഭാതഭക്ഷണം, ഊർജ്ജസ്വലമായ കാർണിവലിലേക്കുള്ള പ്രവേശനം, മനാമയിലേക്ക് ഒരു ഗൈഡഡ് ടൂർ, അൽ ഫത്തേഹ് മസ്ജിദ്, നാഷനൽ മ്യൂസിയം എന്നിവ സന്ദർശിക്കുന്നത് പോലെയുള്ള ആകർഷകമായ പാക്കേജ് കൂടാതെ ബഹ്‌റൈൻ ഫോർട്ടിനടുത്തുള്ള  സൂര്യാസ്തമയ സമയത്തെ കുതിര സവാരിയും ആസ്വദിക്കാനുള്ള സംവിധാനമുണ്ട്.

16, 17 തീയതികളിലായിരിക്കും  കരിമരുന്ന് പ്രകടനങ്ങൾ .  ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് മുതൽ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലായാണ് വെടിക്കെട്ട് നടക്കുക. ദേശീയ ദിനാഘോഷങ്ങൾക്കായി ബഹ്‌റൈനിൽ  16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. 

English Summary:

Bahrain is Gearing up for National Day Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com