ADVERTISEMENT

ദുബായ് ∙ ഇന്ത്യൻ ഉള്ളി മുറിക്കണമെന്നില്ല, വില കേൾക്കുമ്പോൾ തന്നെ പ്രവാസികൾക്ക് കണ്ണുനീർ വരും. ഇന്ത്യയിൽ നിന്ന് ഉള്ളി കയറ്റുമതി താത്കാലികമായി നിരോധിച്ചതോടെ യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും വിപണികളിൽ വില കുതിച്ചുകൊണ്ടിരിക്കുന്നു. ലുലു പോലുള്ള ഹൈപ്പർ മാർക്കറ്റുകളിൽ വില അത്ര കൂടിയിട്ടില്ലെങ്കിലും ഗ്രോസറി, ചെറുകിട സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലെ വില കുത്തനെ വർധിച്ചു. ഷാർജയിലെ ചില സൂപ്പർ മാർക്കറ്റുകളിൽ ഇന്ത്യനുള്ളിയുടെ വില ഇന്നലെ കിലോയ്ക്ക് 8 ദിർഹത്തിലേറെയായി.

ഗൾഫിൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഇന്ത്യൻ ഉള്ളിക്കാണ്. മറ്റു രാജ്യങ്ങളിലെ ഉള്ളിയേക്കാളും ഗുണനിലവാരമുള്ളതാണ്, സ്വദേശികൾക്ക് അടക്കം ഇന്ത്യൻ ഉള്ളി പ്രിയങ്കരമാകാൻ കാരണം. ഇന്ത്യയിൽ വിളവ് കുറഞ്ഞതോടെ ക്ഷാമം നേരിടുന്നത് തടയാൻ മുൻകരുതലായാണ് കയറ്റുമതി നിരോധിച്ചത്. മുൻപും ഇത്തരം സന്ദർഭങ്ങളിൽ നിരോധനം ഏർപ്പെടുത്താറുണ്ട്. എങ്കിലും ലുലു പോലുള്ള മാളുകൾ ഉള്ളിക്ക് കാര്യമായ വില വർധിപ്പിച്ചിട്ടില്ല. തങ്ങളുടെ പതിവ് ഉപഭോക്താക്കളെ ബാധിക്കാത്ത രീതിയിലുള്ള വിലയേ വാങ്ങിക്കുന്നുള്ളൂ എന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ സുൾഫിക്കർ മനോരമ ഓൺലൈനോട് പറഞ്ഞു.

ആഴ്ചയിൽ എട്ടു കണ്ടെയ്‌നർ വരെ ഉള്ളി ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ നേരത്തെയുള്ള ശേഖരത്തിൽ നിന്നാണ് വിൽപനയ്ക്കെത്തിക്കുന്നത്. ഇന്ന് ലുലുവിൽ ഇന്ത്യൻ ഉള്ളിക്ക് കിലോയ്ക്ക് 5.95 ദിർഹമാണ് വില. സാധാരണയായി കിലോയ്ക്ക് 3.45 ദിർഹം വരെയാണ് വില. ലാഭം ഈടാക്കാതെയാണ് ഈ വിലയ്ക്ക് ഇന്ത്യക്കാരുടെ ആഹാരത്തിലെ ഒഴിച്ചുകൂടാനാകാത്ത ഇനമായ ഉള്ളി വിൽകുന്നത്. ഇന്ത്യൻ ഉള്ളി കൂടാതെ, തുർക്കിയിലെ ഉള്ളിക്കും വില വർധിച്ചിട്ടുണ്ട്. ഇന്ത്യ, തുർക്കി കൂടാതെ, പാക്കിസ്ഥാൻ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും യുഎഇ വിപണിയിലേയ്ക്ക് ഉള്ളി എത്തുന്നു. യുകെ, പാക്കിസ്ഥാൻ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഉള്ളി ഇറക്കുമതി ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.  ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചില്ലെങ്കില്‍ അ‌ടുത്തയാഴ്ച ആകുമ്പോഴേയ്ക്കും കിലോയ്ക്ക് 6.95 ദിർഹം വരെയാകുമെന്നാണ് കരുതുന്നത്.

സൗദി, ബഹ്റൈന്‍, ഒമാൻ എന്നിവിടങ്ങളിൽ നേരിയ വില വർധന

സൗദി, ബഹ്റൈന്‍, ഒമാൻ എന്നിവിടങ്ങളിൽ ഇന്ത്യൻ ഉള്ളി ഇറക്കുമതി നിലച്ചതോടെ വില വർധനവുണ്ടായിട്ടുണ്ട്.  എന്നാൽ ഇവിടങ്ങളിലും യുഎഇയിലേത് പോലെ ഗ്രോസറി–ചെറുകിട സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മാത്രമേ കാര്യമായ വർധന ഉണ്ടായിട്ടുള്ളൂ. സവാളയ്ക്ക് കിലോയ്ക്ക് അഞ്ച് മുതൽ ആറ് റിയാൽ വരെയാണ് സൗദിയിൽ ഇന്നത്തെ വില. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 250 ഗ്രാമിന് 5.50 റിയാലും. ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 14 റിയാൽ എന്ന നിരക്കിൽ ചില ഹൈപ്പർമാർക്കറ്റുകളിൽ വിലക്കിഴിവും ഉണ്ടായിരുന്നു. ഇവിടുത്തെ വിപണികളിൽ നിലവില്‍ സൗദി, യെമൻ ഉള്ളിയാണ് കൂടുതലും ഇടംപിടിച്ചിട്ടുള്ളത്.

ബഹ്റൈനിൽ ഉള്ളിക്ക് ക്ഷാമം നേരിട്ടിട്ടുണ്ട്. എന്നാൽ വില 100 ഫിൽസ് വരെ മാത്രമേ കൂടിയിട്ടുള്ളൂ. വരും ദിവസങ്ങളിൽ വില ഉയരുമെന്നാണ് വിപണി നൽകുന്ന സൂചന. ഒമാനിൽ ഇന്ത്യൻ ഉള്ളി കിലോയ്ക്ക് 200 മുതൽ 300 ബൈസ വരെ വിലയുണ്ടായിരുന്നത് ഗ്രോസറികളിലും ചെറുകിട സൂപ്പർമാർക്കറ്റുകളിലും ഇന്നലെ മുതൽ 500 മുതൽ 650 ബൈസ വരെയായി വർധിച്ചു.

2024 മാർച്ച് വരെയാണ് നിലവിൽ ഇന്ത്യൻ ഉള്ളിയുടെ കയറ്റുമതിക്ക് നിരോധനം  ഏർപ്പെടുത്തിയിട്ടുള്ളത്. നിരോധനം അതുവരെ തുടർന്നാൽ ഗൾഫിലെ പ്രവാസി ഇന്ത്യക്കാർ പാക്കിസ്ഥാൻ, യുകെ, ഇറാൻ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ ഉള്ളി കൊണ്ട് സമാധാപ്പെടേണ്ടി വരും.

English Summary:

Onion Prices in UAE Soar After Temporary Ban on Exports From India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com