ADVERTISEMENT

ദോഹ ∙ ടൈപ്പ്-2 പ്രമേഹ രോഗികളിൽ 20 ശതമാനം പേർക്കും അത്തറോസ്‌ക്ലെറോട്ടിക് കാർഡിയോ വാസ്‌കുലർ രോഗമുണ്ടെന്ന് (എഎസ്‌സിവിഡി) പഠനം. ടൈപ്പ്-2 പ്രമേഹ ബാധിരായ അഞ്ചിൽ ഒരാൾക്ക് വീതം ഇതുണ്ടെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെയും (എച്ച്എംസി) വെയിൽ കോർണൽ മെഡിസിനിലെയും ഗവേഷകർ ചേർന്ന് നടത്തിയ പഠനം വെളിപ്പെടുത്തി. പ്രമേഹ രോഗികൾക്കിടയിലെ എഎസ്‌സിവിഡി രോഗബാധിതരുടെ ആധിക്യം കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പഠനം നടത്തിയത്. ടൈപ്പ്-2 പ്രമേഹബാധിതർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. 

ഹൃദയത്തിന്റെ രക്തധമനികളുടെ ഭിത്തികളിൽ കൊഴുപ്പും മറ്റും അടിഞ്ഞു കൂടുന്നതാണ് അത്തറോസ്‌ക്ലെറോട്ടിക് കാർഡിയോ വാസ്‌കുലറിനും ഹൃദയാഘാതത്തിനും ഇടയാക്കുന്നത്. ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം എത്തിക്കുന്നതിനെ പ്രമേഹം തടയുകയും സാധാരണ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും. 

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതും ഹൃദയത്തിലെ രക്തക്കുഴലുകളിലും ധമനികളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമാണ് പ്രമേഹരോഗികൾക്കിടയിൽ ഹൃദയരോഗങ്ങൾ കൂടാൻ കാരണമെന്ന് എച്ച്എംസി സീനിയർ കൺസൽറ്റന്റും  ഗവേഷകരിലൊരാളുമായ ഡോ. താരിക് എൽഹദ്ദ് ചൂണ്ടിക്കാട്ടി. എഎസ്‌സിവിഡി നിരക്ക് കുറയ്ക്കാൻ ടൈപ്പ്-2 പ്രമേഹ ബാധിതരെ പരിചരിക്കുന്നതിലും ബോധവൽക്കരിക്കുന്നതിലും ആരോഗ്യ വിദഗ്ധർ നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പാണ് പഠന വെളിപ്പെടുത്തലുകൾ നൽകുന്നത്. 

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക, ശാരീരിക വ്യായാമം പതിവാക്കുക, പതിവായി പ്രമേഹ പരിശോധന നടത്തുക, ഡോക്ടറുടെ ഉപദേശങ്ങൾ കൃത്യമായി പാലിക്കുക എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രമേഹ ബാധിതരെ ബോധവാന്മാരാക്കണമെന്നാണ് പഠനം ശുപാർശ ചെയ്യുന്നത്. നോവോ നോർഡിസ്‌കിന്റെ പങ്കാളിത്തത്തോടെ മേന മേഖലയിലെ ഖത്തർ ഉൾപ്പെടെയുള്ള 7 രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

English Summary:

Hamad Medical Corporation revealed 20% of type 2 diabetes patients in Qatar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com