ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിക്കാട്ടി ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പരമ്പരാഗത ഖത്തരി സൂഖ് ‘അൽ മതാർ’ പ്രവർത്തനം തുടങ്ങി. ഖത്തർ ഡ്യൂട്ടി ഫ്രീയുടേതാണ് സൂഖ്. വിമാനത്താവളത്തിലെ നോർത്ത് നോഡ് ടെർമിനലിൽ ആണ് അൽ മതാർ എന്ന പരമ്പരാഗത സൂഖ് പ്രവർത്തിക്കുന്നത് (വിമാനത്താവളത്തിന് അറബിക് ഭാഷയിൽ മതാർ എന്നാണ് പറയുക).

7 വിൽപനശാലകളും 2 റസ്റ്ററന്റുകളുമാണ് സൂഖിലുള്ളത്. ഫിഫ ലോകകപ്പ് വേദികളിലൊന്നായിരുന്ന അൽ തുമാമ സ്റ്റേഡിയത്തിന്റെ ആർക്കിടെക്ട് ഇബ്രാഹിം.എം.ജൈദയാണ് സൂഖിന്റെ ഡിസൈനർ. വലിയ കമാനങ്ങളോടു കൂടിയ വാതിലുകൾ, തടി കൊണ്ടുള്ള ജനാലകൾ, ചൂരൽ കൊണ്ടു നെയ്ത സീലിങ് തുടങ്ങിയ ആഴത്തിലുള്ളതും സാംസ്‌കാരികവുമായ അനുഭവമാണ് സൂഖ് നൽകുന്നത്. സൂഖിനുള്ളിൽ മധ്യത്തിൽ പരമ്പരാഗത പായ്ക്കപ്പലും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമുദ്ര വ്യാപാരവും സമുദ്രയാന പൈതൃകവുമാണ് പ്രതിഫലിപ്പിക്കുന്നത്. സന്ദർശകരെ പരമ്പരാഗത അറബിക് കോഫി ഖഹ്‌വ നൽകിയാണ് സ്വാഗതം ചെയ്യുന്നത്. വിശേഷാവസരങ്ങളിൽ പുരുഷന്മാർ ധരിക്കുന്ന പരമ്പരാഗത മേലങ്കി ‘ബിഷിത്’ തുന്നുന്നവരെയും ഹെന്ന ഡിസൈൻ കലാകാരന്മാരെയും ഇവിടെ കാണാം. പെർഫ്യൂമുകൾ, പ്രീമിയം തേൻ, ഈന്തപ്പഴം, സുഗന്ധദ്രവ്യങ്ങൾ, സുവനീറുകൾ, സ്വീറ്റ്‌സ്, വനിതകൾക്കുള്ള ഫാഷൻ വസ്ത്രങ്ങൾ, ഖത്തരി പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയുടെ വിൽപനശാലകളാണ് ഇവിടെയുള്ളത്. ചപ്പാത്തിയും കരക്കും (മസാലച്ചായ) ലഭിക്കുന്ന കഫേ റസ്റ്ററന്റും ഇവിടെയുണ്ട്.

English Summary:

Al Matar Souq Opened with Amazing Views

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com