ADVERTISEMENT

അബുദാബി ∙ ആഗോള താപനം പ്രപഞ്ചത്തിന് ഉയർത്തുന്ന വെല്ലുവിളികളിലേക്ക് ലോകശ്രദ്ധ ക്ഷണിച്ച് മലയാളി യുവാവ് ദുബായിൽ നഗ്നപാദനായി ഓടുന്നു. ബെംഗളൂരു ആമസോണിൽ (അഡ്വർടൈസിങ്) അക്കൗണ്ട് മാനേജരായ കണ്ണൂർ കല്യാശേരി സ്വദേശി ആകാശ് നമ്പ്യാരാണ് പരിസ്ഥിതിക്കായി ഓടുന്നത്.

അൽഖുദ്ര മരുഭൂമിയിൽനിന്ന് ബുർജ് ഖലീഫയിലേക്കാണ് ഓട്ടം. 16ന് രാവിലെ 6ന് ആരംഭിക്കുന്ന ഓട്ടം ഷെയ്ഖ് സായിദ് റോഡ് വഴി പാം ജുമൈറയിലെത്തും. അവിടുന്ന് ബുർജ് അൽ അറബ്, കൈറ്റ് ബീച്ച്, ജുമൈറ ബീച്ച്, ലാ മെർ, ഇത്തിഹാദ് മ്യൂസിയം, ദുബായ് ഫ്രെയിം, ഫ്യൂച്ചർ മ്യൂസിയം തുടങ്ങി ദുബായുടെ ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ പിന്നിട്ട് ബുർജ് ഖലീഫയിൽ എത്തുമ്പോഴേക്കും 110 കിലോമീറ്റർ പിന്നിടും. 20 മണിക്കൂറിനകം ഓടിയെത്തുകയാണ് ലക്ഷ്യമെന്ന്  ആകാശ് നമ്പ്യാർ മനോരമയോടു പറഞ്ഞു. ഓട്ടത്തിന് ദുബായ് പൊലീസിന്റെ അനുമതിയുണ്ട്. യുഎൻ കാലാവസ്ഥ ഉച്ചകോടി നടക്കുന്നതിനിടെ ഓടാനാണ് പദ്ധതിയെങ്കിലും അനുമതി ലഭിച്ചത് 16നാണ്.

കോപ് 28നെക്കുറിച്ച് സാധാരണക്കാരോട് ചോദിച്ചപ്പോൾ പലർക്കും വ്യക്തമായ ധാരണയില്ലാത്തതിനാൽ യാത്രയിൽ ബോധവൽക്കരണവും ഉൾപ്പെടുത്തും. മലിനീകരണം കുറയ്ക്കാൻ വ്യക്തികളും മനസുവയ്ക്കണമെന്നു പറഞ്ഞ ആകാശ് കുറച്ചുദൂരമെങ്കിലും കൂടെ ഓടാൻ പ്രവാസികളഎയും ക്ഷണിച്ചു.  ഇതു രണ്ടാം തവണയാണ് ആകാശ് യുഎഇയിൽ ഓടുന്നത്. ജീവിതശൈലി രോഗങ്ങളെ ഓടിത്തോൽപ്പിക്കാൻ 2020 ജനുവരി 25ന് രാവിലെ 5.30ന് അബുദാബി കോർണിഷിൽനിന്ന് ആരംഭിച്ച ഓട്ടം 26ന് രാവിലെ 10ന് ദുബായ് ഇബ്ൻ ബത്തൂത്ത മാളിൽ എത്തുമ്പോഴേക്കും 118 കി.മീ. പിന്നിട്ടിരുന്നു. ശ്രീലങ്ക, ജപ്പാൻ, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും പ്രകൃതിക്കുവേണ്ടി ഓടിയിട്ടുണ്ട്. യുദ്ധത്തിന് ഇരയായവരുടെ ക്ഷേമത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയോടെ 2021ൽ അഫ്ഗാനിസ്ഥാനിൽ ഓടിയിരുന്നു. അതിർത്തി ടൂറിസം പ്രമോഷന്റെ ഭാഗമായി ഇന്ത്യൻ സേനയ്ക്കൊപ്പവും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

English Summary:

Malayali Youth Ready to Run for Nature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com