ADVERTISEMENT

റിയാദ് ∙ നാട്ടിലെ റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിനിരയായി സൗദിയിലെത്തിയ 12 പേരെ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിനെ തുടർന്ന് എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.  പതിനൊന്ന് മലയാളികളും ഒരു ഹിമാചൽ സ്വദേശിയും അടങ്ങുന്ന സംഘമാണ് റിക്രൂട്ടിങ് ഏജൻസികളുടെ ചതിയിൽപ്പെട്ടത്. അഞ്ചു മാസം മുമ്പ് 1,40,000 രൂപാ വീതം വാങ്ങി, മോഹന വാഗ്ദാനങ്ങൾ നൽകിയാണ് കേരളത്തിലെ പതിനൊന്ന് ജില്ലകളിൽ നിന്നുമുള്ള 11 ഉം മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നുമായി നാൽപ്പതോളം പേരേയും അൽ ഹയലിലെ ലേബർ റിക്രൂട്ടിങ് ഏജൻസി സൗദിയിൽ എത്തിച്ചത്. മിനിമം ശമ്പളം 1500 റിയാൽ, ഓവർ ടൈം, കമ്മീഷൻ, താമസം, ഭക്ഷണം തുടങ്ങി എല്ലാവിധ സഹായവും കമ്പനി നൽകുമെന്നും ലൈസൻസും ഇഖാമയും കമ്പനി തന്നെ എടുത്തു നൽകുമെന്നും പറഞ്ഞാണ് ഡ്രൈവർ ജോലിക്കായി ഇവർ സൗദിയിൽ എത്തുന്നത്.

നാട്ടിൽ നിന്നും ലേബർ വീസയിലാണ് എഗ്രിമെന്റ് ഒപ്പു വപ്പിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ സൗദിയിൽ എത്തിയാൽ പുതിയ എഗ്രിമെന്റ് നൽകുമെന്നും  ഏജൻസി വിശ്വസിപ്പിച്ചു. എന്നാൽ ആദ്യ ഒരു മാസം ജോലി നൽകിയില്ലെന്ന് മാത്രമല്ല, ഭക്ഷണമോ കുടിവെള്ളമോ പോലും നൽകിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. നാട്ടിൽ നിന്നും പണം വരുത്തിയാണ് ആദ്യ രണ്ട് മാസം ചിലവുകൾ നടത്തിയത്. ഒരു മാസത്തിനുശേഷം ഇഖാമ നൽകിയെങ്കിലും ജോലി ക്ലീനിങ് തൊഴിലാളി കളുടെതായിരുന്നു. ഈ വിഷയം നാട്ടിലെ ഏജൻസിയെ അറിയിച്ചപ്പോൾ അത് താൽക്കാലിക ഇഖാമയാണെന്നും ലൈസൻസ് എടുത്തതിന് ശേഷം  പുതിയ ഇഖാമ നൽകുമെന്നും അറിയിച്ചു. ഒരുമാസത്തിനു ശേഷം ലൈസൻസ് നടപടികൾക്കായി റഫയിലേക്ക് തൊഴിലാളികളെ മാറ്റി. അവിടെയും താമസിക്കാൻ ഒരു മുറി മാത്രമാണ് നൽകിയത്. എങ്കിലും ലൈസൻസ് എടുത്തു നൽകി. പക്ഷെ ഏജൻസി പറഞ്ഞതുപോലെ  പുതിയ ഇഖാമ നൽകിയില്ല.

ലൈസൻസ് കിട്ടിയിട്ടും ജോലി നൽകാൻ കമ്പനി തയാറായില്ല. ഇതിനിടയിലാണ്  മറ്റൊരു തൊഴിലാളി തൊഴിൽ വകുപ്പിന്റെ ചെക്കിങ്ങിനിടെ പിടിക്കപ്പെടുന്നത്. ഇഖാമയിൽ കാണിച്ച തൊഴിൽ അല്ല ചെയ്യുന്നതെന്ന് കണ്ട് അധികൃതർ നടപടിയെടുത്തു. ഇത്‌ തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിന് തടസ്സമാകും എന്നതിനാൽ കമ്പനിയോട് പ്രെഫഷൻ മാറാൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി തയാറായില്ല. മാത്രവുമല്ല മൂന്ന് മാസങ്ങൾക്ക് ശേഷം ശമ്പളം എന്ന പേരിൽ 900  റിയാൽ മാത്രം നൽകുകയും ചെയ്‌തു.

മൂന്നു മാസം കഴിഞ്ഞിട്ടും ജോലി നൽകാതായപ്പോൾ കമ്പനി അധികൃതരോട് ഈ രീതിയിൽ തുടരാനാവില്ലെന്നും ജോലിയില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് പരാതി നൽകി. പരാതി നൽകിയ 12 പേരെയും ജോലിക്കെന്ന് പറഞ്ഞ് അടുത്ത ദിവസം റിയാദിലെ ഒരു വൃത്തിഹീനമായ ക്യാംപിൽ എത്തിച്ചു. തുടർച്ചയായി നാല് ദിവസത്തേക്ക് ആരും തന്നെ ഇവരെ തിരിഞ്ഞു നോക്കിയില്ല.  തങ്ങൾ വഞ്ചിക്കപെട്ടു എന്ന് മനസ്സിലാക്കിയ തൊഴിലാളികൾ ആദ്യം നാട്ടിലെ ഏജൻസിയെ വിവരമറിയിച്ചെങ്കിലും വളരെ മോശമായാണ് അവർ പ്രതികരിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. തുടർന്ന്  സുഹൃത്തുക്കൾ വഴി കേളി കലാസാംസ്കാരിക വേദിയുമായി ബന്ധപ്പെടുകയും ഇന്ത്യൻ എംമ്പസിക്ക് വിശദ വിവരങ്ങൾ കാണിച്ചുകൊണ്ട് പരാതി നൽക്കുകയും ചെയ്തു. എംബസി വിഷയത്തിൽ ഇടപെട്ടതോടെ കമ്പനി പ്രതികാര നടപടികൾക്ക് മുതിർന്നു.  താമസിക്കാൻ നൽകിയ ഇടത്തിൽ നിന്നും പുറത്താക്കുമെന്ന ഭീഷണയും കമ്പനി നടത്തി. നാട്ടിലെ ഏജൻസിയെ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനായി എംമ്പസി ഇടപ്പെട്ടു.

ഇന്ത്യൻ എംബസി  അറ്റാഷെ മീനാ ഭഗവാൻ, ഫസ്റ്റ് സെക്രട്ടറി മോയിൻ അക്തർ, ഉദ്യോഗസ്‌ഥനായ ഹരി എന്നിവർ ഈ വിഷയത്തിൽ ഏജൻസിക്കെതിരെ കർശന നിലപാട് എടുത്തത്തിന്റെ ഭാഗമായാണ് കമ്പനി വഴങ്ങിയത്. ഇതിനിടയിൽ ഭക്ഷണത്തിനും കുടിവെള്ളത്തിനും ബുദ്ധിമുട്ടിയ തൊഴിലാളികൾക്ക് കേളി പ്രവർത്തകർ രണ്ട് മാസത്തോളം ആവശ്യമായ ഭക്ഷണവും വെള്ളവും അവശ്യസാധനങ്ങളും എത്തിച്ചു നൽകി. കേളി സുലൈ ഏരിയ കമ്മിറ്റി പ്രവർത്തകരോടൊപ്പം സുമേഷിയിലെ മക്കസ്റ്റോർ, പെർഫക്ട് ഫാമിലി റസ്റ്റ്റന്റ് എന്നിവർ ഇവരെ സഹായിക്കുന്നതിനായി കേളിയോടൊപ്പം കൈകോർത്തു.

എംബസിയുടെ കർശന നിലപാടിൽ രണ്ടു മാസത്തിനൊടുവിൽ  ഇവരുടെ പ്രശ്നങ്ങൾക്ക്  പരിഹാരമായി. അതിനിടയിൽ ഇവരെ നാട്ടിലേക്കയക്കാം എന്ന് പറഞ്ഞ് നിരവധി പേപ്പറുകളിൽ കമ്പനി ഒപ്പിടിക്കുകയും ചയ്തു. എക്സിറ്റ് നൽകുന്നതിന് പകരം അവധി നൽകിയാണ് കമ്പനി ഒത്തുതീർപ്പാക്കിയത്. കൂട്ടത്തോടെയുള്ള എക്സിറ്റ് കമ്പനി പുതിയ വീസ എടുക്കുന്നതിനെ ബാധിക്കുമെന്നും ഏജൻസികളാണ് തൊഴിലാളികൾക്ക് വാഗ്ദാനങ്ങൾ നൽകിയതെന്നും കമ്പനി എംബസിയെ ബോധ്യ പെടുത്തി. തിരൂരിലെയും  അങ്കമാലിയിലെയും ട്രാവൽ ഏജൻസികളാണ് ഇവർക്ക് വീസ നൽകിയതെന്ന് തൊഴിലാളികൾ പറഞ്ഞു. കേളി കേന്ദ്ര - സുലൈ ഏരിയ ജീവകാരുണ്യ വിഭാഗങ്ങൾ വിഷയത്തിൽ ഇടപെട്ട് പ്രവർത്തിച്ചു. വിവിധ തിയതികളിലായി 12 പേരേയും നാട്ടിലെത്തിച്ചു.

English Summary:

12 People who were Subjected to Labor Exploitation were Brought There Country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com