ADVERTISEMENT

‘‘പണ്ട്, പണ്ട്, എന്നുവച്ചാൽ ഒരുപാട് പണ്ടല്ല, എന്നാലും പണ്ട്’’  
ക്രിസ്മസിന്‍റെ തണുപ്പ് അടിച്ചു തുടങ്ങുന്ന കാലത്ത്, പോസ്റ്റ്മാനെ കാത്തിരിക്കുമായിരുന്നു. അകലങ്ങളിൽ നിന്ന് ആശംസകളുമായി പറന്നെത്തുന്ന, ക്രിസ്മസ് കാർഡിനായി. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തുമ്പോൾ ആദ്യം നോക്കുന്നത് മേശപ്പുറത്ത് വെള്ള, ചുവപ്പ്, മഞ്ഞ, നീല കവറുകളുണ്ടോയെന്നായിരിക്കും. അതിൽ പുറത്തേക്കു ചാടാൻ വെമ്പി നിൽക്കുന്ന ക്രിസ്മസ് കാർഡുകൾ നൽകുന്നൊരു സന്തോഷം ചെറുതല്ല.  

വാട്സാപ്പിലെ ഡിസ്ട്രിബൂഷൻ ലിസ്റ്റിലേക്കു തള്ളിവിടുന്ന കാർഡായിരുന്നില്ല അത്. ജീവൻ തുടിക്കുന്ന, കരുതലിന്‍റെ, സ്നേഹത്തിന്‍റെ മഷി പുരണ്ട കാർഡുകൾ. നിങ്ങളെ ഞങ്ങൾ ഓർക്കുന്നവെന്ന ഓർമപ്പെടുത്തലിൽ ആഹ്ലാദം നിറയ്ക്കുന്നൊരു കാർഡ്. അതിൽ ഡിയർ എന്നെഴുതി കോമയിട്ട് പിന്നാലെ എഴുതുന്ന ഓരോ പേരിലും പത്മശ്രീക്ക് തുല്യമായ അംഗീകാരത്തിന്‍റെ ചൂടുണ്ടായിരുന്നു. 

ലോറിഡയിലെ സൂപ്പർ മാർക്കറ്റുകളിലെ കാർഡ് വിഭാഗം. ചിത്രം: മിന്‍റു പി. ജേക്കബ്
ഫ്‌ളോറിഡയിലെ സൂപ്പർ മാർക്കറ്റുകളിലെ കാർഡ് വിഭാഗം. ചിത്രം: മിന്റു പി. ജേക്കബ്

ആ കാർഡിൽ നമ്മുടെ പേരിന്‍റെ സ്പെല്ലിങ് തെറ്റിയാൽ പോലും നമുക്ക് ‘ഫീൽ’ ചെയ്യുമായിരുന്നു. അവരെന്നെ മറന്നോയെന്ന ചിന്ത, അയ്യേ നിന്‍റെ പേരു തെറ്റിയെ എന്നു ചുറ്റിലുമുയരുന്ന കളിയാക്കലുകൾ. അങ്ങനെ ആ ചെറിയൊരു കാർഡിനു നൽകാൻ കഴിയുന്ന അനുഭവങ്ങളെന്തെല്ലാമാണ്.  ആ കാർഡുകൾ സൂക്ഷിച്ചു വയ്ക്കുക, അതിൽ ഏറ്റവും സുന്ദരമായതിനെ നൂലിൽ കൊരുത്ത് ക്രിസ്മസ് ട്രീയിൽ അലങ്കാരമാക്കുക. അങ്ങനെ, അങ്ങനെ എന്തെല്ലാം. ‌

തുറക്കുമ്പോൾ ജിംഗിൾ ബെൽസ് പാടുന്ന കാർഡ് കണ്ട് ഞെട്ടിയിട്ടുണ്ട്. തുറന്നും അടച്ചും ആ കാർഡിന്‍റെ സാങ്കേതിക വിദ്യയെ പലതവണ പരീക്ഷിച്ചിട്ടുണ്ട്. തുറക്കുമ്പോൾ വെളിയിലേക്കു ചാടി വരുന്ന പുൽക്കൂടും, എംബോസ് ചെയ്തു നിൽക്കുന്ന ഉണ്ണിയേശുവും നേരെ നോക്കുമ്പോൾ പുൽക്കൂടും ചരിച്ചു നോക്കുമ്പോൾ കാൽവരി കുന്നും കാണുന്ന കാർഡുകളും അന്നുണ്ടാക്കിയ വിപ്ലവം ചെറുതല്ല. അങ്ങനെ കാർഡിലെ പരീക്ഷണങ്ങൾ ഓരോ വർഷവും പുതിയ അദ്ഭുതങ്ങൾ തീർക്കുമ്പോൾ, 10 വർഷം കഴിഞ്ഞുള്ള കാർഡുകൾ എന്താകുമെന്ന് ചിന്തിച്ച്, തല പുകഞ്ഞിട്ടുണ്ട്. 10 – 15 വർഷം കഴിഞ്ഞാൽ, കാർഡു തന്നെ ഇല്ലാതാകുമെന്നു ചിന്തിക്കാനുള്ള ബുദ്ധിയൊന്നും അന്നു സാമാന്യ ജനത്തിനുണ്ടായിരുന്നില്ല. 

ലോറിഡയിലെ സൂപ്പർ മാർക്കറ്റുകളിലെ കാർഡ് വിഭാഗം. ചിത്രം: മിന്‍റു പി. ജേക്കബ്
ഫ്‌ളോറിഡയിലെ സൂപ്പർ മാർക്കറ്റുകളിലെ കാർഡ് വിഭാഗം. ചിത്രം: മിന്റു പി. ജേക്കബ്

കാലം എത്ര മുന്നോട്ടു പോയി. വർഷത്തിലൊരിക്കലായിരുന്നു ആശംസയെങ്കിൽ എന്തിനും ഏതിനും ആശംസ അറിയിക്കാൻ നമ്മുടെ കൈയ്യിലെ ഫോണിന് കാലവും സമയവും നോക്കേണ്ട കാര്യമില്ല. സൗകര്യം കൂടിയപ്പോൾ ആശംസാ കാർഡുകളെ നാം സൗകര്യപൂർവം കൈവിട്ടു കളഞ്ഞു. 3 –4 വർഷം മുൻപ് വളരെ വേണ്ടപ്പെട്ട ഒരാൾക്ക് പിറന്നാൾ ആശംസകൾ അറിയിക്കാൻ ഒരു കാർഡ് തിരക്കി കടകൾ കയറി ഇറങ്ങിയപ്പോഴാണ് ആ നഗ്ന സത്യം ഞാൻ മനസിലാക്കിയത്. 

അമേരിക്കൻ പോസ്റ്റൽ സർവീസ് വണ്ടി
അമേരിക്കൻ പോസ്റ്റൽ സർവീസ് വണ്ടി

കാർഡുകളൊക്കെ കടകളുടെ പടിക്കു പുറത്തായത്രേ! കാർഡ് എടുത്തുവച്ചാൽ വാങ്ങാൻ ആളില്ലത്രേ!  പഴയ വണ്ടിക്ക് പണി വന്നാൽ, അതിന്‍റെ സ്പെയർപാർട്സ് കിട്ടുന്ന ഒരു കടയുണ്ടാകും എല്ലാ നാട്ടിലും. അങ്ങനെ പോലും ഒരു കട ആശംസാകാർഡുകൾക്ക് ഇല്ലാതെ പോയി. പണ്ട്, തുണിക്കടയിലും വിഡിയോ ലൈബ്രറികളിലുമടക്കം ഞെളിഞ്ഞിരുന്നവരാണ് ഈ കാർഡുകൾ എന്നോർക്കണം. 

പാട്ട് കസറ്റും വിഡിയോ കസറ്റും സിഡികളും ഡിവിഡികളുമൊക്കെ പുരോഗമന പാതയിൽ നമ്മെ വഴി പിരിഞ്ഞു പോയതു പോലെ ആശംസാ കാർഡുകളും നമുക്കു കൈമോശം വന്നു. ഇമെയിലുകൾ പ്രചാരം നേടിയ കാലത്ത്, സ്വന്തമായൊരു ഇമെയിൽ വിലാസമുണ്ടാക്കി, അതിലേക്ക് ഒരു ബന്ധുവിനെക്കൊണ്ട് ആശംസാ കാർഡ് അയപ്പിച്ച്, ഇന്‍റർനെറ്റ് കഫേയിൽ പോയിൽ 10 രൂപ കൊടുത്ത് അത് തുറന്നു നോക്കിയപ്പോൾ സാങ്കേതിക തികവിന്‍റെ പുത്തൻ യുഗത്തിലേക്കു കടന്നെന്ന് അഭിമാനം കൊണ്ട നിമിഷത്തെയും ഇപ്പോൾ ഓർക്കുന്നു. 

വാട്സാപ്പും ഫെയ്സ്ബുക്കും ഇൻസ്റ്റയുമൊക്കെ വന്നപ്പോൾ നമ്മുടെ പരമ്പരാഗത സഖ്യ കക്ഷികളായ പോസ്റ്റ് ഓഫിസിനെയും ആശംസാ കാർഡുകളെയും മറന്നപ്പോൾ, ഈ സാങ്കേതിക വിദ്യ ആദ്യം പരീക്ഷിച്ച അമേരിക്കക്കാർ ഇതൊന്നും കൈവിട്ടില്ല. അമേരിക്കയിൽ ഇപ്പോഴും സജീവമായ സർക്കാർ ഓഫിസ് ഏതെന്നു ചോദിച്ചാൽ അത് പോസ്റ്റ് ഓഫിസ് തന്നെയാണ്. കുറിയർ സർവീസുകാർ അടക്കി വാഴുന്ന സാമ്രാജ്യം ഉള്ളപ്പോഴും അമേരിക്കൻ പോസ്റ്റൽ സർവീസ് സജീവമായി തന്നെ തുടരുന്നു. കാരണം, അവിടത്തുകാർ ഇപ്പോഴും കത്തെഴുതുന്നു. കാർഡുകൾ അയയ്ക്കുന്നു. 

രാജ്യാന്തര റീട്ടെയിൽ ശൃംഖലയായ വോൾമാർട്ടിൽ കയറുമ്പോൾ അതിലെ ഒരു ഭാഗം നിറയെ ആശംസാ കാർഡുകൾ കാണാം. ഓരോ സൂപ്പർ മാർക്കറ്റിലും കാർഡുകൾക്കായി പ്രത്യേക വിഭാഗമുണ്ട്. ഓരോ കാർഡിലും പ്രത്യേക ആശയമുണ്ട്. അച്ഛൻ മകൾക്ക് എഴുതുന്നത് മകനെഴുതുന്നത്, ഭാര്യ ഭർത്താവിന് എഴുതുന്നത്, ഭർത്താവ് ഭാര്യയ്ക്ക് എഴുതുന്നത്. ക്രിസ്മസ്, ഹാലോവീൻ, താങ്ക്സ് ഗിവിങ്, ബർത്ത് ഡേ, ഫാദേഴ്സ് ഡേ, മദേഴ്സ് ഡേ, ഫ്രണ്ട്ഷിഫ് ഡേ, അങ്ങനെ എല്ലാത്തരം ഡേയ്ക്കും വേണ്ട കാർഡുകൾ ഇവിടെ സുലഭം. 

ഏതു വിശേഷത്തിനും ചേർന്നൊരു കാർഡ് അവർ വാങ്ങുന്നു. അതിൽ സ്വന്തം കൈപ്പടയിൽ എഴുതുന്നു. അയയ്ക്കുന്നു. എല്ലാ വീടിന്‍റെയും മുന്നിലൊരു പോസ്റ്റ് ബോക്സുണ്ട്. അതിനു മുകളിലാണ് ആ വീടിന്‍റെ നമ്പർ എഴുതിയിരിക്കുന്നത്. ജോലി കഴിഞ്ഞു വന്നാൽ, ആദ്യം തുറക്കുന്നത് ആ പോസ്റ്റ് ബോക്സ് ആയിരിക്കും. അതിൽ കത്തുകളും പലതരം ആശംസാ കാർഡുകളുമുണ്ടാകും. ഫോണിലെ ഇൻബോക്സിനേക്കാൾ വീടിനു മുന്നിലെ ഈ പോസ്റ്റ് ബോക്സിനാണ് അവർ പ്രാധാന്യം നൽകുന്നത്. അതിനൊരു ശേലുണ്ട്, ഒരു സുഖമുണ്ട്. ക്രിസ്മസിങ്ങനെ പടിവാതിലിൽ നിൽക്കുമ്പോൾ വെറുതെ ഓർത്തു പോയെന്നു മാത്രം. 

English Summary:

A Christmas card written with love and care‌

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com