ADVERTISEMENT

മനാമ ∙ ബഹ്‌റൈനിൽ ശൈത്യകാലം അടുത്തെത്തിയതിന്റെ സൂചനകൾ എന്നോണം ദേശാടനപ്പക്ഷികൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് പക്ഷിവർഗ്ഗത്തിൽപ്പെട്ട സൗത്ത് അമേരിക്കൻ പക്ഷിയായ ഫ്ലെമിംഗോയാണ് ബഹ്റൈനിലേക്ക് കൂട്ടത്തോടെ എത്തിയിരിക്കുന്നത്. കാഴ്ചയിൽ ഏറ്റവും ഭംഗിയുള്ള ഈ പക്ഷികൾ എല്ലാ വർഷവും നവംബർ അവസാന വാരം മുതൽ  എത്തിത്തുടങ്ങാറുണ്ട്. ബഹ്‌റൈനിലെ എയർപോർട്ടിന് സമീപത്തെ ചെറിയ താടകത്തിലും സിത്രയിലെ നബീസല, ബുദയ്യ തുടങ്ങിയ പ്രദേശങ്ങളിലെ കടൽത്തീരങ്ങളിലുമാണ് ഇവ കൂട്ടമായി പറന്നെത്തുന്നത്.

ഓരോ വർഷവും ആയിരക്കണക്കിന്  ഫ്ലമിംഗോകളുടെ സാമീപ്യത്തിനാണ്  ബഹ്‌റൈൻ സാക്ഷ്യം വഹിക്കുന്നത്. അമേരിക്കൻ  ഭൂഖണ്ഡങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് കൂട്ടമായാണ് ഈ പക്ഷികൾ ഇവിടെ എത്തിച്ചേരുന്നത്.  

flemingo2
ശൈത്യകാലത്തിന്റെ വരവറിയിച്ച്ബഹ്‌റൈനിൽ എത്തിയ ഫ്ലെമിംഗോകൾ. ചിത്രം: സനുരാജ് കാഞ്ഞിരപ്പള്ളി

ആഴം കുറഞ്ഞ ജലാശയങ്ങളിലോ ചതുപ്പുനിലങ്ങളിലോ ആണ് അവ പ്രധാനമായും ഇര തേടുന്നത്. കാലാവസ്ഥാ വ്യതിയാനം, മണ്ണിടിച്ചിൽ, ജലമലിനീകരണം എന്നീ കാരണം കൊണ്ട്  വർഷം കഴിയുന്തോറും ഇവയുടെ  എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്, എന്നാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ. കടലിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്ന ആൽഗകൾ ആണ് ഇവയുടെ പ്രധാന ഭക്ഷണം. ഉപദ്രവകാരികളായ ആൽഗകൾ തിന്നു തീർക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഫ്ലെമിംഗോകൾ പരിസ്‌ഥിതി സംരക്ഷണത്തിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാൽ തീരപ്രദേശങ്ങളിൽ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മണ്ണിൽ അലിയാത്ത വസ്തുക്കളും ഫ്ലെമിംഗോകളുടെ ആവാസ വ്യവസ്‌ഥയെ സാരമായി ബാധിച്ചിട്ടുണ്ട്. ആൽഗകൾക്കൊപ്പം പ്ലാസ്റ്റിക്കുകളും ഇവയുടെ ഉദരത്തിൽ ചെന്നതിന്റെ ഫലമായി പോയ വർഷങ്ങളിൽ നിരവധി ദേശാടന പക്ഷികൾക്ക് ജീവഹാനി തന്നെ സംഭവിച്ചിട്ടുണ്ട്. എങ്കിലും എല്ലാ വർഷവും പവിഴ ദ്വീപിൽ ആകാശപ്പരപ്പിൽ  മാലാഖമാരെപ്പോലെ കടന്നുവരുന്ന ഫ്ലെമിംഗോകൾ ബഹ്‌റൈനിലെ പക്ഷി നിരീക്ഷകർക്കും സന്ദർശകർക്കും കുളിർമയുള്ള കാഴ്ചയാണ്. ബഹ്‌റൈനിലെ ഹവാർ ദ്വീപാണ് ബഹ്‌റൈനിലെ ദേശാടന പക്ഷികളുടെ മറ്റൊരു  ആവാസ കേന്ദ്രം. 

ഫ്ലെമിംഗോ; ഫൊട്ടോഗ്രഫർമാരുടെ ഇഷ്ടതോഴർ 
എല്ലാ വർഷവും ശൈത്യകാലത്ത് ബഹ്‌റൈനിൽ വിരുന്നെത്തുന്ന ഫ്ലെമിംഗോകൾ  ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടപ്പെട്ട പക്ഷിയാണ്‌. ഈ പക്ഷികളുടെ പ്രത്യേക നിറവും ആകാര വടിവും തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ക്യാമറയും കൊണ്ട് വളരെ അടുത്ത് ചെന്നാൽ പോലും കൃത്യമായി ' പോസ് ' ചെയ്തു തരുന്ന ഈ പക്ഷികളുടെ ഭംഗി ബഹ്‌റൈനിലെ ഫൊട്ടോഗ്രഫർമാരുടെ മാത്രമല്ല, ബഹ്‌റൈൻ സന്ദർശിക്കുന്ന നിരവധി വിദേശ ഫൊട്ടോഗ്രഫർമാരുടെയും ക്യാമറകൾ ഒപ്പിയെടുക്കാറുണ്ട്. തടാകക്കരയിൽ കൂട്ടമായി ഇര തേടുന്ന ഇവയുടെ ചിത്രങ്ങൾ ബഹ്‌റൈനിലെ ഫോട്ടോ പ്രദർശങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും  പ്രസിദ്ധീകരിക്കാറുണ്ട്.

English Summary:

Flamingos have arrived in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com