ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ട് തയാറാക്കി അൽ വക്ര നഗരസഭ
Mail This Article
ദോഹ ∙ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പൂച്ചെണ്ട് തയാറാക്കി അൽ വക്ര നഗരസഭ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി.
കത്താറ കൾചറൽ വില്ലേജിലെ വിസ്ഡം സ്‌ക്വയറിലാണ് ഏറ്റവും വലിയ പൂച്ചെണ്ട് തയാറാക്കിയത്. 6 മീറ്റർ നീളവും 6 മീറ്റർ വ്യാസവുമാണ് പൂച്ചെണ്ടിനുള്ളത്. പ്രാദേശിക പൂച്ചെടികളിലൊന്നായ പെറ്റിയൂണിയയുടെ 5,564 തൈകളും ഉൾപ്പെടുത്തിയാണ് വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂച്ചെണ്ട് നിർമിച്ചിരിക്കുന്നത്. ഖത്തറിന്റെ സൗന്ദര്യവും പ്രകൃതിയുടെ സാംസ്‌കാരിക വൈവിധ്യവും കോർത്തിണക്കിയാണ് പൂച്ചെണ്ട് തയാറാക്കിയത്. കത്താറയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അൽ വക്ര നഗരസഭ, കത്താറ, ഗിന്നസ് ലോക റെക്കോർഡ് അധികൃതർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം പൂച്ചെണ്ട് നിർമിക്കാനുപയോഗിച്ച പൂക്കൾ കത്താറയിലെത്തിയ സന്ദർശകർക്ക് സമ്മാനിക്കുകയും ചെയ്തു.