ADVERTISEMENT

അബുദാബി ∙ ലൈസൻസുള്ള, അംഗീകൃത സ്ഥാപനങ്ങൾക്കു മാത്രമേ അബുദാബിയിൽ ധനസമാഹരണം നടത്താൻ അനുമതിയുള്ളൂവെന്ന് സാമൂഹിക വികസന വിഭാഗം (ഡിസിഡി) അറിയിച്ചു. ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചായിരിക്കണം പണപ്പിരിവ്. ധനസമാഹരണത്തെക്കുറിച്ച് ഡിസിഡിയെ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങണം. എമിറേറ്റിലെ ധനസമാഹരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ദാതാക്കളുടെ ഫണ്ടുകൾ സംരക്ഷിക്കുക, ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ലൈസൻസ് നൽകുക, നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കുക എന്നിവ ഡിസിഡിയുടെ ഉത്തരവാദിത്തമാണെന്നും ഇതുസംബന്ധിച്ചു നടന്ന ശിൽപശാലയിൽ അധികൃതർ പറഞ്ഞു.

സംഘടനകളിൽ പരിശോധന
സംഘടനകൾക്ക് ഫണ്ട് വരുന്ന വഴികളും  ചെലവഴിച്ച രീതിയും ഡിസിഡി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിച്ചുവരുന്നു. ഇടപാടുകളുടെ വിശദാംശങ്ങൾ ഡിസിഡിക്കു സമർപ്പിക്കണം. നിരോധിത മേഖലകളിൽനിന്ന് ഫണ്ട് വന്നിട്ടില്ലെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അവ ചെലവഴിച്ചിട്ടില്ലെന്നും ഉറപ്പാക്കും.

തടവും പിഴയും
അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് തടവും 2 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും. നിയമം ലംഘിച്ച് പിരിച്ച തുക കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കാനും വ്യവസ്ഥയുണ്ട്.

ഏകീകൃത സംവിധാനം
ധനസമാഹരണവും സംഭാവനകളും അർഹരായ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് യുഎഇയിൽ ഏകീകൃത സംവിധാനം നടപ്പാക്കി വരുന്നു. ഇതിനായി ഫെഡറൽ, പ്രാദേശിക ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകീകരിച്ചുവരികയാണ്. ഡൊണേഷൻ റെഗുലേറ്ററി നിയമത്തെ ഫെഡറൽ, പ്രാദേശിക സർക്കാരുകളും പൂർണമായി പിന്തുണയ്ക്കുന്നുണ്ട്.

പ്രത്യേക അനുമതി
ലൈസൻസ് ഉള്ള റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള ജീവകാരുണ്യ സംഘടനകൾ ഓരോ ആവശ്യങ്ങൾക്കും പണപ്പിരിവ് നടത്തുന്നതിന് ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപാർട്മെന്റിൽ നിന്ന് പ്രത്യേക അനുമതി എടുക്കണം.

റെഡ് ക്രസ‌ന്റിനെ സമീപിക്കാം
സഹായം ആവശ്യമുള്ളവർ സ്വന്തം നിലയ്ക്കോ മറ്റേതെങ്കിലും സംഘടനകൾ വഴിയോ വിവരങ്ങൾ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജൻസിയെ അറിയിക്കുകയാണ് വേണ്ടത്. ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി/കോൺസുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യൻ സംഘടനകൾ മുഖേനയോ സഹായം തേടാവുന്നതാണ്.

English Summary:

Department of Community Development: Abu Dhabi clarifies guidelines on fundraising

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com