വ്യത്യസ്ത തലങ്ങളിൽ വൻ വിജയങ്ങൾ കൈവരിക്കാൻ സൗദി അറേബ്യക്ക് സാധിച്ചു: സൽമാൻ രാജകുമാരൻ

Mail This Article
റിയാദ് ∙ വ്യത്യസ്ത തലങ്ങളിൽ വൻ വിജയങ്ങൾ കൈവരിക്കാൻ സൗദി അറേബ്യക്ക് ഇതിനകം സാധിച്ചു. ആഗോള തലത്തിൽ സൗദി അറേബ്യക്കുള്ള മുൻനിര സ്ഥാനം നിലനിർത്താനും കൂടുതൽ വികസനവും അഭിവൃദ്ധിയും കൈവരിക്കാനും വിഷൻ 2030 സഹായിക്കുമെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
സാമ്പത്തിക പരിഷ്‌കാരങ്ങൾ കൈവരിക്കുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിലും സമഗ്രമായ സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിലും കൂടുതൽ വിജയങ്ങൾ നേടാൻ കഴിയുമെന്ന് ഇതിനകം കൈവരിച്ച അനുകൂല ഫലങ്ങൾ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് എട്ടാമത് ശൂറാ കൗൺസിലിന്റെ നാലാം വർഷ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആദ്യ പാദത്തിൽ ടൂറിസം മേഖലയിൽ ചരിത്രപരമായ പ്രകടനം കാഴ്ചവെക്കാൻ രാജ്യത്തിന് സാധിച്ചു. കഴിഞ്ഞ വർഷം ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച കൈവരിച്ചത് സൗദി അറേബ്യയാണ്. കഴിഞ്ഞ കൊല്ലം സാമ്പത്തിക വളർച്ച 8.7 ശതമാനമായിരുന്നു. പെട്രോളിതര മേഖലയിൽ 4.8 ശതമാനം വളർച്ച കൈവരിക്കാനും സാധിച്ചു. നിരവധി മേഖലകളിൽ മുൻനിര സ്ഥാനങ്ങൾ കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. യു.എന്നിന്റെ 50 ശതമാനത്തിലേറെ സുസ്ഥിര വികസന സൂചകങ്ങളിൽ സൗദി അറേബ്യ മുന്നേറിയിട്ടുണ്ട്. കഴിഞ്ഞ വർഷം 18 ലക്ഷത്തിലേറെ വിദേശ ഹജ് തീർഥാടകരെയും ഒരു കോടിയിലേറെ വിദേശ ഉംറ തീർഥാടകരെയും സൗദി അറേബ്യ സ്വീകരിച്ചു. വിഷൻ 2030 ന്റെ ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെ ഫലങ്ങളിൽ ഒന്നാണിത്.
മേഖലാ, ആഗോള തലങ്ങളിൽ സൗദി അറേബ്യക്കുള്ള പ്രത്യേക സ്ഥാനത്തെയും എല്ലാ തലങ്ങളിലും രാജ്യത്തിനുള്ള ശക്തമായ സാന്നിധ്യത്തെയും അടിസ്ഥാനമാക്കി, ലോക രാജ്യങ്ങളുമായുള്ള ക്രിയാത്മക ബന്ധം ശക്തിപ്പെടുത്താൻ സൗദി അറേബ്യ പ്രവർത്തിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഏതാനും വലിയ ഉച്ചകോടികൾക്ക് രാജ്യം ആതിഥേയത്വം വഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.