കൺപാർത്തിരിക്കുക, തീപാറും കളി; എഎഫ്‌സി ഏഷ്യൻ കപ്പ് കിക്കോഫിന് ഇനി 11 നാൾ
Mail This Article
ദോഹ ∙ പതിനെട്ടാമത് എഎഫ്‌സി ഏഷ്യൻ കപ്പിന്റെ കിക്കോഫിന് ഇനി 11 നാൾ. ജനുവരി 12ന് ഫിഫ ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ ഏഷ്യൻ കപ്പിന്റെ ആദ്യ വിസിൽ മുഴങ്ങും. 12ന് രാത്രി 7.00ന് ആദ്യ മത്സരം ആതിഥേയരും നിലവിലെ ചാംപ്യന്മാരുമായ ഖത്തറും ലബനനും തമ്മിലാണ്. ഏഷ്യയിലെ ശക്തരായ 24 ടീമുകളാണ് മത്സര രംഗത്തുള്ളത്. ജനുവരി 25 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. 28 മുതൽ 31 വരെ റൗണ്ട്-16 മത്സരങ്ങളും ഫെബ്രുവരി 2,3 തീയതികളിൽ ക്വാർട്ടർ ഫൈനൽ, 6,7 തീയതികളിൽ സെമി ഫൈനൽ, 10ന് ഫൈനൽ എന്നിങ്ങനെയാണ് മത്സരക്രമം.
ഫിഫ ലോകകപ്പ് വേദികളായിരുന്ന ലുസെയ്ൽ സ്റ്റേഡിയം, അൽ റയാനിലെ അഹമ്മദ് ബിൻ അലി, അൽ തുമാമ, ഖലീഫ ഇന്റർനാഷനൽ, എജ്യൂക്കേഷൻ സിറ്റി, അൽഖോറിലെ അൽ ബെയ്ത്, അൽ വക്രയിലെ അൽ ജനൗബ് എന്നീ സ്റ്റേഡിയങ്ങൾക്കു പുറമേ ജാസിം ബിൻ ഹമദ്, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയങ്ങളുൾപ്പെടെ 9 വേദികളായി 51 മത്സരങ്ങളാണ് നടക്കുക.
ഗാസയിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കണമെന്ന സന്ദേശം പങ്കുവയ്ക്കുന്നതു കൂടിയാണ് ഏഷ്യൻ കപ്പ്. ടിക്കറ്റ് വരുമാനം പലസ്തീൻ സഹായ ഫണ്ടിലേക്ക് സംഭാവന ചെയ്യാനാണ് സംഘാടകരുടെ തീരുമാനം. ഡെസേർട്ട് റോഡന്റ് എന്നറിയപ്പെടുന്ന ജെർബോകളുടെ രൂപമാണ് ഔദ്യോഗിക ഭാഗ്യചിഹ്നത്തിന്റേത്. ഖത്തർ ആതിഥേയത്വം വഹിച്ച 2011 ലെ ഏഷ്യൻ കപ്പിന്റെ ഭാഗ്യ ചിഹ്നമായ സബൂഗും കുടുംബവും തന്നെയാണ് ഇത്തവണയും ആരാധകരെ സ്വാഗതം ചെയ്യുന്നത്. രാജ്യത്തിന്റെ പരിസ്ഥിതി, പ്രദേശങ്ങൾ, സംസ്‌കാരം, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്നതാണ് സബൂഗും കുടുംബവും.
വൊളന്റിയർമാർ 6,000
മലയാളികൾ ഉൾപ്പെടെ 6,000 വൊളന്റിയർമാരാണ് ഏഷ്യൻ കപ്പിലെ 20 പ്രവർത്തന മേഖലകളിൽ സേവനം നൽകുക. 18 മുതൽ 72 വരെ പ്രായമുള്ള 107 രാജ്യക്കാരാണ് വൊളന്റിയർമാർ. വിദഗ്ധ പരിശീലനം നൽകിയ ശേഷമാണ് ചുമതലകൾ നൽകിയത്. പുതുമുഖങ്ങളും ഫിഫ ലോകകപ്പ് ഉൾപ്പെടെ ഖത്തറിൽ നടന്ന വിവിധ രാജ്യാന്തര കായിക ടൂർണമെന്റുകളിലെ മികച്ച അനുഭവ സമ്പത്തുള്ളവരും വൊളന്റിയർമാരായി രംഗത്തുണ്ട്.
സവിശേഷതകളുടെ ടൂർണമെന്റ്
മൂന്നു തവണ ഏഷ്യൻ കപ്പിന് ആതിഥേയരാകുന്ന രാജ്യമെന്ന നിലയിൽ ‘ഹാട്രിക്’ നേടിയതിന്റെ സന്തോഷത്തിലാണ് ഖത്തർ. എഎഫ്‌സിയുടെ പുരുഷ ഏഷ്യൻ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ റഫറിമാർ മത്സരം നിയന്ത്രിക്കുമെന്ന പ്രത്യേകതയും ഖത്തർ ഏഷ്യൻ കപ്പിനുണ്ട്. ജപ്പാന്റെ യോഷിമി യംഷിത ഉൾപ്പെടെ 5 വനിതാ റഫറിമാരാണ് ഏഷ്യൻ കപ്പിനെത്തുക. ടൂർണമെന്റിൽ ആദ്യമായി സെമി ഓട്ടമേറ്റഡ് ഓഫ് ലൈൻ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതും ഖത്തറിലാണ്. 51 മത്സരങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കും.
പന്ത് ഹൈടെക് തന്നെ
ആഗോള കായിക ഉൽപന്ന നിർമാതാക്കളായ കെൽമിയുമായി ചേർന്നാണ് എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള പന്തുകൾ നിർമിച്ചിരിക്കുന്നത്. ഖത്തറിന്റെ ദേശീയ നിറമായ മെറൂൺ ഉൾപ്പെടുത്തി ഫുട്‌ബോൾ ആവേശവും വികാരവും കളിവേഗവും കോർത്തിണക്കി ഡിസൈൻ ചെയ്ത 'വോർടെക്‌സ് എസി 23' എന്ന പന്ത് ആണ് സെമി വരെ ഉപയോഗിക്കുക. ഫൈനലിൽ ഉപയോഗിക്കുന്നത് കെൽമിയുടെ വോർട്ടെക്‌സ് എസി 23 പ്ലസ് എന്ന സുവർണ നിറത്തിലുള്ള പന്താണ്.
ടിക്കറ്റ് വേഗമെടുക്കാം
മൂന്നാം ഘട്ട ടിക്കറ്റ് വിൽപനയാണ് നിലവിൽ പുരോഗമിക്കുന്നത്. ഇ-ടിക്കറ്റുകൾ മാത്രമാണ് ഇത്തവണയുള്ളത്. ടിക്കറ്റ് വിൽപനയിൽ മുൻപിൽ ഖത്തർ, സൗദി അറേബ്യ, ഇന്ത്യ എന്നിവയാണ്. 25 റിയാൽ മുതലാണ് ടിക്കറ്റ് നിരക്ക്. ആദ്യ ഘട്ടത്തിൽ ഒന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നു.
മെട്രോയുണ്ട്, 900 ബസുകളും
ദോഹ മെട്രോയുടെ സേവനം ഏഷ്യൻ കപ്പിനെത്തുന്ന കാണികൾക്ക് സൗകര്യപ്രദമായ യാത്രയൊരുക്കും. പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റെ (കർവ) ഇലക്ട്രിക് ഉൾപ്പെടെ 900 ബസുകളാണ് നിരത്തിലോടുക. വിദഗ്ധ പരിശീലനം നേടിയ 1000 ഡ്രൈവർമാരെയാണ് കർവ നിയോഗിച്ചിരിക്കുന്നത്. കാണികൾക്ക് മാത്രമല്ല കളിക്കാർക്കും മാധ്യമ പ്രവർത്തകർക്കും വിഐപികൾക്കുമെല്ലാം പ്രത്യേക ബസ് സർവീസും കർവ സജ്ജമാക്കിയിട്ടുണ്ട്.