ADVERTISEMENT

കൊച്ചി / അബുദാബി ∙ എം എ യൂസഫലിയുടെ സമാനതകളില്ലാത്ത 50 വർഷക്കാലത്തെ യുഎഇ ജീവിതത്തിനും പ്രവർത്തനങ്ങൾക്കും ആദരവുമായി നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ ഡോക്ടർ ഷംഷീർ വയലിൽ. സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാകുകയും മാനവികമായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത യൂസഫലിയിൽ നിന്നുള്ള പ്രചോദനമായാണ് കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസകരമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. 

ആയിരങ്ങൾക്ക് സ്നേഹ സ്പർശമേകുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയുടെ സേവന നിരതമായ ജീവിതത്തിന്റെ സന്ദേശം പുതു തലമുറയ്ക്ക് പകരാൻ കുരുന്നുകൾക്ക് വേണ്ടിയുള്ള  കാരുണ്യ പദ്ധതി വഴിയൊരുക്കും. എംഎ യൂസഫലിയുടെ മൂത്ത മകളും വി പി എസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ഷബീന  യൂസഫലിയുടെ ഭർത്താവായ ഡോ. ഷംഷീർ വയലിൽ മിഡിൽ ഈസ്റ്റിലെ പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ ബുർജീൽ ഹോൾഡിങ്‌സിന്റെ സ്ഥാപകനും ചെയർമാനുമാണ്. ജന്മനാലുള്ള ഹൃദയരോഗങ്ങൾ അനുഭവിക്കുന്ന 50 കുട്ടികൾക്കാണ് സൗജന്യമായി സർജറികൾ നൽകുക.  ഇത്തരം കേസുകളിൽ ശസ്ത്രക്രിയക്ക് ഭാരിച്ച ചെലവ് വരുന്നതിനാൽ പ്രതിസന്ധിയിലാകുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം. ഡോ. ഷംഷീറിന്റെ കുടുംബ ഓഫിസായ വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന പദ്ധതി അദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് നടപ്പാക്കുക. 

മനുഷ്യത്വപരമായ ഇടപെടലുകൾ കുടുംബത്തിന്‍റെ തന്നെ ഭാഗമാണെന്നും അതേ പാതയിലൂടെ യൂസഫലിയുടെ യുഎഇയിലെ അരനൂറ്റാണ്ട് അടയാളപ്പെടുത്താനാണ് ശ്രമമെന്നും ഡോ. ഷംഷീർ പറഞ്ഞു. വെല്ലുവിളികൾ നേരിടുന്ന കുട്ടികളോടും കുടുംബങ്ങളോടുമുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായി പദ്ധതി മാറട്ടെ. കുട്ടികളുടെ സർജറിയും ചികിത്സയും ഏറ്റെടുക്കുന്നതിലൂടെ അതിരുകളില്ലാതെ സ്വപ്നം കാണാനും വളരാനും അവർക്ക് അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.  ആഗോള സംരംഭകനായ എംഎ യൂസഫലിയുടെ ജൈത്ര യാത്രയുടെ തുടക്കം 1973 ഡിസംബർ 31 ന് ദുബായിലെ റാഷിദ് പോർട്ടിൽ വന്നിറങ്ങിയതോടെയാണ്. ചെറിയ തുടക്കത്തിലൂടെ വളർച്ചയിലേക്ക് നടന്നു കയറിയ അദ്ദേഹത്തിന്റെ യുഎഇയിലെ അരനൂറ്റാണ്ട് കാലത്തെ പ്രവാസ ലോകവും ഭരണാധികാരികളും ഏറെ ആദരവോടെയാണ് കാണുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധിപേർക്ക് ആശ്വാസമായ യൂസഫലിയോടുള്ള ആദരവായി കുടുംബത്തിൽ നിന്ന് തന്നെയുള്ള പുതിയ പദ്ധതി വിവിധ രാജ്യങ്ങളിലെ കുട്ടികൾക്ക് സഹായഹസ്തമേകും. 

English Summary:

Dr. Shamsheer Vayalil announced free heart surgeries for 50 children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com