ADVERTISEMENT

മനാമ ∙ ആഗോളതാപനത്തിനെതിരെ സന്ദേശവുമായി ഇന്ത്യക്കാരനായ ഡോക്ടർ നടത്തുന്ന സൈക്കിൾ പര്യടനം ബഹ്‌റൈനിലെത്തി. സൈക്കിൾ ബാബ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഹരിയാന സ്വദേശി ഡോ. രാജ് ഫാൻഡൻ ആണ് കഴിഞ്ഞ ദിവസം തന്റെ നീണ്ട നാളത്തെ യാത്രയുടെ മറ്റൊരു ഇടത്താവളമായ ബഹ്‌റൈനിൽ  എത്തിയത്. ബഹ്‌റൈനിൽ എത്തിയ അദ്ദേഹത്തിന്  ബഹ്‌റൈൻ  ഇന്ത്യൻ എംബസിയിൽ സ്വീകരണം നൽകി. ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും സംഘടനാ പ്രതിനിധികളും അദ്ദേഹത്തെ സന്ദർശിച്ച് തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

ഇന്ത്യൻ എംബസി ജീവനക്കാർക്കൊപ്പം ഡോ. രാജ് ഫാൻഡൻ
ഇന്ത്യൻ എംബസി ജീവനക്കാർക്കൊപ്പം ഡോ. രാജ് ഫാൻഡൻ

2016  സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്ന് പര്യടനം തുടങ്ങിയ ഡോക്ടർ  രാജ് ഫാൻഡൻ വലിയ ഒരു ലക്ഷ്യത്തിലൂന്നിയാണ് സൈക്കിളിൽ ലോക സഞ്ചാരം തുടങ്ങിയത്. ആഗോള താപനം മൂലം ഉണ്ടാകുന്ന കാലാവസ്‌ഥാ വ്യതിയാനവും അത് മനുഷ്യരിൽ ഉണ്ടാക്കുന്ന സ്വാധീനം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്നതുമാണ് തന്റെ യാത്ര കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ആയുർവേദത്തിൽ ബിരുദാനന്തര ബിരുദം കൂടിയുള്ള ഡോക്ടർ ഇന്ത്യയിലെ ആയുർവേദത്തിന്റെ മഹത്വവും സംസ്കാരവും ലോകം മുഴുവൻ പ്രചരിപ്പിക്കുക എന്ന ദൗത്യം  കൂടി  നിറവേറ്റുന്നുണ്ട്. 

ഡോ. രാജ് ഫാൻഡൻ ഇന്ത്യൻ അംബാസഡർക്കൊപ്പം.
ഡോ. രാജ് ഫാൻഡൻ ഇന്ത്യൻ അംബാസഡർക്കൊപ്പം.

കഴിഞ്ഞ ഏഴു വർഷങ്ങൾ കൊണ്ട് 103 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ഓരോ രാജ്യത്ത് എത്തുമ്പോഴും യാത്രയുടെ അടയാളമായി ഒരു മരം വീതം രാജ്യത്ത് അദ്ദേഹം നടുന്നു. സ്‌കൂൾ ,കോളജ് വിദ്യാർഥികളുമായി സംവദിക്കുകയും ഭൂമിയെ ഹരിതാഭമാക്കി  സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റിയും അദ്ദേഹം സംസാരിക്കുകയും ചെയ്യുന്നുണ്ട്. ആഗോള താപനം മനുഷ്യന്റെ ആയുസ്സിനെ വരെ ബാധിക്കുന്നുണ്ടെന്നും കാൻസർ പോലുള്ള രോഗങ്ങൾ വളരെ ചെറുപ്പക്കാരിൽ പോലും  സാധാരണമായിട്ടുണ്ടെന്നും ഭൂമിയിൽ ഹരിതാഭ നിലനിറുത്തുക എന്നതാണ് ഏക പോംവഴി എന്നും അദ്ദേഹം പറഞ്ഞു. ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ച ശേഷമാണ്  47 കാരനായ ഇദ്ദേഹം ബഹ്‌റൈനിൽ എത്തിയത്. കുവൈത്തിലേക്കാണ് അടുത്ത പ്രയാണം. അത് കഴിഞ്ഞ് ഇറാഖിലേക്ക് കടക്കും.

English Summary:

Cycle Baba In Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com