ADVERTISEMENT

മസ്‌കത്ത് ∙ ബദൂവിയന്‍ ജനത പോലും ഉള്ളറകളിലേക്ക് കടന്നുചെല്ലാന്‍ ഭയക്കുന്ന, അറേബ്യന്‍ ഉപദ്വീപിന്റെ മൂന്ന് ഭാഗത്തേയും ഉള്‍ക്കൊള്ളുന്ന വമ്പന്‍ മരുഭൂമിയായ റുബുല്‍ ഖാലി അഥവാ എംപ്റ്റി ക്വാര്‍ട്ടര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒമാന്‍, സൗദി അറേബ്യ, യെമന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലായി പരന്നുകിടക്കുകയാണ് ലോകത്തെ ഏറ്റവും വലിയ അടുത്തടുത്തിരിക്കുന്ന ഈ മണല്‍ മരുഭൂമി. പരുക്കന്‍ സ്വഭാവത്തിലുള്ള അധിവസിക്കാന്‍ പറ്റാത്ത മരുഭൂമിയാണിത്. പേര് സുചിപ്പിക്കുന്നത് പോലെ കാലിയായ വിശാല ഭൂമി. ഏതാനും മരുപ്പച്ചകളുണ്ടെങ്കിലും അവിടങ്ങളില്‍ മനുഷ്യവാസം നന്നേ കുറവാണ്. ബദുവിയന്‍ സമൂഹങ്ങള്‍ പോലും ഈ മരുഭൂമിയുടെ ഉള്ളറകളിലേക്ക് പോകാറില്ല. തങ്ങളുടെ ഒട്ടകക്കൂട്ടങ്ങളെ റുബൽ ഖാലിയുടെ വശങ്ങളില്‍ മാത്രമാണ് ഇവര്‍ പാര്‍പ്പിക്കാറുള്ളത്. ഈ മരുഭൂമിയില്‍ അകപ്പെട്ടാല്‍ പിന്നെ രക്ഷയില്ലെന്നാണ് ബദുക്കള്‍ അടക്കം പറയുന്നത്.

നിലയ്ക്കാത്ത നിശ്ശബ്ദതയാണ് ചുറ്റും. കാലിയായ വിശാല ഭൂമി Image Credits: Damian Ryszawy/Shutterstock.com
നിലയ്ക്കാത്ത നിശ്ശബ്ദതയാണ് ചുറ്റും. കാലിയായ വിശാല ഭൂമി Image Credits: Damian Ryszawy/Shutterstock.com

∙ വിശാലം; പക്ഷേ, നിഗൂഢം
മണലും കല്ലുമായി ആറര ലക്ഷം ചതുരശ്ര കിലോമീറ്ററിലാണ് റുബല്‍ ഖാലി മരുഭൂമി പരന്നുകിടക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത് ഈ മരുഭൂമിയിലാണ്, സൗദിയിൽ. ഒമാനി ഭാഗത്ത് ഈ മരുഭൂമിയുടെ സൗന്ദര്യവും നാശോന്മുഖമാകാത്ത പ്രകൃതിയും ആസ്വദിക്കാം. ചിലപ്പോള്‍ 200- 300 മീറ്റര്‍ ഉയരമുള്ള മണല്‍ക്കൂനകള്‍ കാണാനാകും. ഈ പ്രദേശത്തിന് നിലയ്ക്കാത്ത നിശ്ശബ്ദതയാണ്. അങ്ങിങ്ങായി ചില മനുഷ്യവാസ മേഖലകള്‍ കാണാം. എങ്കിലും , മനുഷ്യരെ കാണുന്നത് വളരെ അപൂർവം. 

∙ ആകർഷണീയം, ഭീതി
പരിചയ സമ്പന്നരായ ഗൈഡുമാരുടെ കൂടെയല്ലാതെ റുബൽ ഖാലി കാണാന്‍ പോകരുത്. പോകുന്ന റോഡില്‍ ചെറു മണല്‍ക്കൂനകള്‍ രൂപപ്പെട്ടത് കാണാം. പിന്നീടത് വലുതായി മാറും. ഇവയെല്ലാം നീക്കി വേണം മുന്നോട്ടുപോകാന്‍. വലിയ മണല്‍ക്കൂനകള്‍ക്ക് അടുത്തെത്തിയാല്‍ ഗോപുരം പോലെ അവ ഉയര്‍ന്നുനില്‍ക്കുന്നതായി അനുഭവപ്പെടും. വിശാലമായ ചെരിവുകളും കത്തി പോലെയുള്ള അഗ്രങ്ങളുമായി ഓറഞ്ച് നിറത്തിലുള്ള മണല്‍ക്കൂന കാണേണ്ടതുതന്നെയാണ്. മണലില്‍ ഇറങ്ങിനില്‍ക്കുമ്പോള്‍ ചൂട് കൂടുന്നതിനനുസരിച്ച് അവ കൂടുതല്‍ മിനുസമാകുകയും ഊര്‍ന്നിറങ്ങുകയും ചെയ്താല്‍ മനുഷ്യര്‍ അതില്‍ അകപ്പെട്ടുപോകും. മരുഭൂമിയുടെ ഭയാനകതയും മനുഷ്യരെ വിഴുങ്ങുന്ന നിഗൂഢതയുമാണ് റുബൽ ഖാലിയെ ഏറെ പ്രശസ്തമാക്കിയത്. 

നിലയ്ക്കാത്ത നിശ്ശബ്ദതയാണ് ചുറ്റും. കാലിയായ വിശാല ഭൂമി Image Credits: Damian Ryszawy/Shutterstock.com
നിലയ്ക്കാത്ത നിശ്ശബ്ദതയാണ് ചുറ്റും. കാലിയായ വിശാല ഭൂമി Image Credits: Damian Ryszawy/Shutterstock.com

∙ പകൽ ചുട്ടുപൊള്ളും, രാത്രിയിൽ കിടുകിടാ വിറയ്ക്കും
ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സൂര്യോദയവും അസ്തമയവും നിങ്ങള്‍ക്ക് റുബൽ ഖാലി സമ്മാനിക്കും. നാഗരികതയുടെ കൃത്രിമ വെളിച്ചത്തില്‍ നിന്ന് ഏറെ അകന്നുള്ള രാത്രികള്‍ അനിര്‍വചനീയ അനുഭൂതിയാണ് പകരുക. അതേസമയം, പുലര്‍ച്ചെകളും രാത്രികളും ഇവിടെ ചെലവഴിക്കണമെങ്കില്‍ താപനിലയിലെ വലിയ വ്യത്യാസം സംബന്ധിച്ച് ബോധവാന്മാരായിരിക്കണം. പകല്‍ സമയത്ത് 60 ഡിഗ്രി വരെയുണ്ടാകുന്ന താപനില രാത്രിയാകുമ്പോള്‍ പൂജ്യം ഡിഗ്രിയിലേക്ക് താഴും. അതായത് പകലില്‍ കൊടും ചൂടും രാത്രി കൊടുംതണുപ്പും. 

ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സൂര്യോദയവും അസ്തമയവും റുബൽ ഖാലി സമ്മാനിക്കും. Image Credits: Mlenny/Istockphoto.com
ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത സൂര്യോദയവും അസ്തമയവും റുബൽ ഖാലി സമ്മാനിക്കും. Image Credits: Mlenny/Istockphoto.com

∙ അന്ന് ഇങ്ങനെയൊന്നുമായിരുന്നില്ല
ഇന്ന് ഒന്നിനും കൊള്ളാത്ത കാലിയായ സ്ഥലമാണെങ്കിലും ഒരു കാലത്ത് തിരക്കുപിടിച്ച സാര്‍ഥവാഹക സംഘങ്ങളുടെ യാത്രാമാര്‍ഗമായിരുന്നു ഇത്. അറബി കുന്തിരിക്കം തേടിയും അത് വഹിച്ചുമുള്ള വണിക്കുമാരുടെ ഒട്ടക സംഘങ്ങള്‍ പലപ്പോഴായി ഈ മരുഭൂമിയെ കീറിമുറിച്ച് കടന്നുപോയി. എ ഡി 300 ആയപ്പോഴാണ് ഇതിലൂടെയുള്ള യാത്ര ദുര്‍ഘടമായത്. അറേബ്യയുടെ ലോറന്‍സ് എന്നറിയപ്പെടുന്ന ടി ഇ ലോറന്‍സിനെ ഉത്തേജിപ്പിച്ച ഒരു നഗരമുണ്ട് ഇവിടെ. അറേബ്യന്‍ ചരിത്രത്തില്‍ ആ നഗരത്തിന് വളരെ പ്രാധാന്യമുണ്ട്. മരുഭൂമിയുടെ അറ്റ്‌ലാന്റിക് എന്നാണ് ഈ മരുഭൂമിയെ അദ്ദേഹം വിശേഷിപ്പിച്ചത്. മരുഭൂമിയുടെ അറ്റത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരം ഏറെ സമ്പന്നമായിരുന്നു. സമ്പത്ത് ദുര്‍മാര്‍ഗത്തില്‍ ചെലവഴിച്ചത് കാരണം പ്രപഞ്ചനാഥന്റെ ശിക്ഷ ഭിച്ച നഗരം കൂടിയാണിതെന്ന് ഖുര്‍ആന്‍ പറയുന്നു. ഇന്നത്തെ ഷീര്‍ എന്ന സ്ഥലത്താണ് ആ നഗരത്തിന്റെ അവശിഷ്ടമുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉബര്‍ എന്നായിരുന്നു ആ നഗരത്തിന്റെ പേര്. റുബൽ ഖാലിയുടെ തുടക്കത്തില്‍ ഏതാനും കി മീ അകലെയായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 

ഒമാനി ഭാഗത്ത് നിന്ന് റുബൽ ഖാലിയിലേക്ക് പോകേണ്ടത് ഷിസര്‍ വഴിയാണ്. തിരിച്ചുവരുമ്പോള്‍ ഉബര്‍ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തുകൂടി വരുന്നത് പ്രത്യേക അനുഭവം തരും.

English Summary:

Rub Al Khali: Exploring the Secrets of Empty Quarter, World’s Largest Sand Desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com