വികസന പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം; ഈ വർഷവും സുസ്ഥിരതയ്ക്ക് മുൻഗണന

Mail This Article
അബുദാബി ∙ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതികൾക്ക് യുഎഇ മന്ത്രിസഭയുടെ അംഗീകാരം. 2024ലും സുസ്ഥിരതയ്ക്കാകും മുൻഗണനയെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗം വ്യക്തമാക്കി.
യൂണിയൻ ദിനത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച പദ്ധതികൾ മുൻഗണനയോടെ നടപ്പിലാക്കാനും തീരുമാനിച്ചു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ആദരസൂചകമായാണ് സുസ്ഥിര വികസന പദ്ധതികൾ പ്രഖ്യാപിച്ചത്. യുഎഇ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സായിദ് ഹൗസിങ് പദ്ധതി ഇതിൽ ഉൾപ്പെടും. 320 കോടി ദിർഹം ചെലവിൽ 4300 വീടുകൾ നിർമിക്കും. നിലവിൽ 90% പൗരന്മാർക്കും സ്വന്തം വീടായി. ലോകത്ത് രണ്ടാമത്തെ ഉയർന്ന ഭവന ഉടമസ്ഥാവകാശ നിരക്കാണിത്. സ്വദേശിവൽക്കരണ പദ്ധതിയിലൂടെ 2 വർഷത്തിനകം സ്വകാര്യമേഖലയിൽ 92,000 സ്വദേശികൾക്കു ജോലി ലഭ്യമാക്കിയ നാഫിസ് പദ്ധതിയെയും മന്ത്രിസഭ പ്രശംസിച്ചു.
2023ലെ ആദ്യ 9 മാസങ്ങളിൽ യുഎഇയുടെ എണ്ണ ഇതര മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 5.9% വളർച്ച നേടിയതായും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 215ലേറെ വികസന, സാമ്പത്തിക, മാനുഷിക സർവേകളിൽ രാജ്യം ആഗോളതലത്തിൽ ഒന്നാമതെത്തി. ഹോസ്പിറ്റാലിറ്റി മേഖലയിലും 11.6% വളർച്ച നേടി. 73 ഫെഡറൽ നിയമങ്ങൾ പാസാക്കി. രാജ്യത്തിന്റെ ചരിത്രത്തിൽ 2023 നിയമനിർമാണം സജീവമായ വർഷമായെന്നും പറഞ്ഞു. കാലാവസ്ഥ ഉച്ചകോടി, യുഎഇ ബഹിരാകാശ പദ്ധതി എന്നിവയുടെ വിജയവും പോയ വർഷത്തിലെ പ്രധാന നേട്ടമായി മന്ത്രിസഭ ചൂണ്ടിക്കാട്ടി.