'ഹലോ ഏഷ്യ' ഫെസ്റ്റ്; ഇന്ത്യൻ പവിലിയനിൽ ആഘോഷമേളം
Mail This Article
ദോഹ ∙ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ആഘോഷ വേദികളിലൊന്നായ ലുസെയ്ൽ ബൊളെവാർഡിലെ 'ഹലോ ഏഷ്യ' ഫെസ്റ്റിവലിൽ പൈതൃക തിളക്കത്തിൽ ഇന്ത്യൻ പവിലിയൻ. ആരാധകർക്കായി ഇന്ത്യ ഉൾപ്പെടെ പങ്കെടുക്കുന്ന 24 ടീമുകളുടെയും പവിലിയനുകൾ ഉൾക്കൊള്ളുന്ന കൺട്രി സോണും തൽസമയ വിനോദ, കലാ പരിപാടികളുമായി ബുധനാഴ്ചയാണ് ഹലോ ഏഷ്യ ഫെസ്റ്റിവലിന് തുടക്കമായത്. മുത്തുക്കുടകളേന്തിയ വനിതകളും താളമേള വാദ്യഘോഷങ്ങളുമായി കലാകാരന്മാരും ഉദ്ഘാടന ചടങ്ങുകൾക്ക് മിഴിവേകി.
മഹാരാഷ്ട്ര മണ്ടൽ ഖത്തറിന്റെ ധോൽ താഷ പതക്, കേരളത്തിന്റെ ചെണ്ടമേളം തുടങ്ങിയ സാംസ്‌കാരിക പരിപാടികളോടെയായിരുന്നു ഉദ്ഘാടനം. ഇവിടുത്തെ 1.3 കിലോമീറ്റർ നടപ്പാതയാണ് ആഘോഷ വേദി. വർണാഭമായ പരേഡുകളാണ് പ്രധാന ആകർഷണം. വൈകിട്ട് 4 മുതൽ പുലർച്ചെ 12 വരെയാണ് ആഘോഷം. ഇന്ത്യൻ എംബസി അപെക്‌സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററാണ് (ഐസിസി) പവിലിയൻ സജ്ജമാക്കിയത്.
ഇന്ത്യയുടെ തനത് സംസ്‌കാരവും വൈവിധ്യവും പൈതൃകവും പവിലിയനിൽ കാണാം. കഥകളി രൂപങ്ങൾ, നെറ്റിപ്പട്ടം, താജ്മഹലിന്റെ ചെറു മാതൃക തുടങ്ങി ഒട്ടേറെ കാഴ്ചകളാണ് പവിലിയനിലുള്ളത്. ഒരു മാസക്കാലം ഇന്ത്യയുടെ പവിലിയനിലും വൈവിധ്യമായ സാംസ്‌കാരിക, കലാപരിപാടികൾ അരങ്ങേറും. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗലു, ഗാർഗി വൈദ്യ എന്നിവർക്കാണ് പവിലിയന്റെ ചുമതല.ലുസെയ്ൽ സ്‌റ്റേഡിയത്തിലെ മത്സര ദിനങ്ങളിൽ ഇവിടെ പരിപാടികൾ ഉണ്ടാകില്ല. ഉദ്ഘാടന മത്സരവും ഫെബ്രുവരി 10ന് ഫൈനലുമാണ് ഇവിടെ നടക്കുക.