ADVERTISEMENT

ദുബായ് ∙ പുത്തൻ ആശയങ്ങളിലൂടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള കണ്ടന്റ് ക്രിയേറ്റർമാരെ പിന്തുണച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. 

ആശയ ആവിഷ്കാരങ്ങൾക്ക് ദുബായിൽ സ്ഥിരം ആസ്ഥാനം സ്ഥാപിക്കാൻ 15 കോടി ദിർഹം അനുവദിച്ചു. ആഗോള വിജ്ഞാന വളർച്ചയ്ക്കും, ശാസ്ത്ര, സാങ്കേതിക വിദ്യകൾക്കും ഒപ്പം മാധ്യമങ്ങളുടെ വളർച്ചയും നിലനിൽപ്പും സമൂഹത്തിന് ആവശ്യമാണ്. സമൂഹത്തിന്റെയും ജനാഭിലാഷങ്ങളുടെയും യഥാർഥ കണ്ണാടിയാണ് മാധ്യമങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹ മാധ്യമങ്ങളിൽ കണ്ടന്റ് ക്രിയറ്റർമാരെ ഉൾപ്പെടുത്തി ദുബായ് ന്യൂ മീഡിയ അക്കാദമി സംഘടിപ്പിച്ച വൺ ബില്യൺ ഫോളോവേഴ്സ് ഉച്ചകോടിയിയിലാണ് ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം. സമൂഹ മാധ്യമങ്ങളിൽ സ്വാധീന ശക്തികളായ ആളുകളെ ഉൾപ്പെടുത്തി രാജ്യാന്തര ഉച്ചകോടി ആദ്യമായാണ് ദുബായ് സംഘടിപ്പിക്കുന്നത്. യുഎഇയെ കൂടുതൽ ആകർഷകമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് സമൂഹ മാധ്യമ ഇടപെടലിലൂടെ ഉദ്ദേശിക്കുന്നത്. നവ മാധ്യമം എന്ന നിലയിൽ സമൂഹ മാധ്യമങ്ങളെ കൂടി ഉൾപ്പെടുത്തുന്ന നിലപാടാണ് ദുബായ് ഭരണകൂടത്തിന്റേത്.

ആസ്ഥാന മന്ദിരം പരിശീലന കേന്ദ്രം
ആസ്ഥാന മന്ദിരം എന്നത് കണ്ടന്റ് ക്രീയറ്റർമാർക്കുള്ള പരിശീലന കേന്ദ്രം കൂടിയാകും. മികച്ച സൗകര്യങ്ങളും പരിശീലനവും നൽകി സമൂഹ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം ശക്തമാക്കും. ഇത് ഭാവിയിലേക്കുള്ള രാജ്യത്തിന്റെ നിക്ഷേപം കൂടിയായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഉള്ളടക്ക നിർമാതാക്കൾ, ഡവലപ്പർമാർ, പ്രസാധകർ എന്നിവർ ഉൾപ്പെടെ മീഡിയ പ്രഫഷനലുകൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സിനും ഇത് പ്രയോജനം ചെയ്യും. ഉയർന്ന സാധ്യതയുള്ളതും അതിവേഗം വളരുന്നതുമായ നവമാധ്യമങ്ങളിൽ നിക്ഷേപം ആകർഷിക്കാനും വിദഗ്ധരുടെയും അക്കാദമിക് വിദഗ്ധരുടെയും സഹായത്തോടെ ഉള്ളടക്ക നിലവാരം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. 

സൗകര്യങ്ങൾ
പുതിയ ആസ്ഥാനത്തിൽ അത്യാധുനിക സ്റ്റുഡിയോയ്ക്ക് പുറമെ സ്റ്റോറി ടെല്ലിങ്, ഫൊട്ടോഗ്രഫി, ബ്രോഡ്കാസ്റ്റിങ്, പ്ലാറ്റ്ഫോം മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകൾ ഉൾപ്പെടെ ഒട്ടേറെ സേവനങ്ങളുണ്ടാകും. ഗൂഗിൾ, ഫെയ്സ്ബുക്ക് എന്നിവ ഉൾപ്പെടെയുള്ള കമ്പനികൾ സാങ്കേതിക പിന്തുണ നൽകും. സ്വന്തം ആശയങ്ങളും ഉള്ളടക്കവും നടപ്പിലാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം നേടാനും മികച്ച ഉള്ളടക്കം സൃഷ്ടിക്കാനും ആസ്ഥാനം സഹായിക്കും.

English Summary:

Dubai New Media Academy conducted one Billion Followers Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com