ADVERTISEMENT

അബുദാബി ∙ വിഡിയോ കോൾ ചെയ്യുന്നവരെ പിന്തുടർന്നുള്ള തട്ടിപ്പിൽ മലയാളികളടക്കമുള്ളവർക്ക് പണനഷ്ടം. യുഎഇയിൽ വിഡിയോ കോളുകൾക്ക് നിയന്ത്രണമുള്ളതിനാൽ പരാതിപ്പെടാൻ മടിക്കുന്നതാണ് തട്ടിപ്പ് വ്യാപകമാകാൻ കാരണം. പണം നൽകാത്തവരെ ഭീഷണിപ്പെടുത്തും. ഇവരിൽനിന്ന് രക്ഷപ്പെടാൻ സിംകാർഡ് പല തവണ മാറ്റിയിട്ടും രക്ഷയില്ലെന്നും തട്ടിപ്പിനിരയായവർ പറയുന്നു. എമിറേറ്റ്സ് പോസ്റ്റ്, സെൻട്രൽ ബാങ്ക് എന്നിവയുടെ പേരിലും പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലും വ്യാജ സന്ദേശവും ലിങ്കും അയച്ച് തട്ടിപ്പ് തുടരുകയാണ്. 

പ്രതിരോധിക്കണം പരാതിപ്പെടണം
തട്ടിപ്പിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും പരാതിപ്പെടണമെന്നും സൈബർ സുരക്ഷാ വിദഗ്ധനും സൈബർ ഷെൽറ്റർ ഇൻഫർമേഷൻ സെക്യൂരിറ്റി സർവീസസ് ആൻഡ് സൊല്യൂഷൻസ് സിഇഒ ഇല്യാസ് കൂളിയങ്കാൽ പറഞ്ഞു. സുരക്ഷിതമല്ലാത്ത വെബ്സൈറ്റ് ഉപയോഗിക്കുന്നതും തെറ്റായ ആശയവിനിമയ മാർഗങ്ങൾ അവലംബിക്കുന്നതും അപരിചിതരുമായി ചാറ്റ് ചെയ്യുന്നതുമെല്ലാം സൈബർ തട്ടിപ്പിനുള്ള സാധ്യത കൂട്ടും. 

വിലക്കുറവ്, വ്യാജ സമ്മാന വാഗ്ദാനം, വിവാഹ തട്ടിപ്പ്, ഷിപ്പിങ് തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ തട്ടിപ്പുകാർ സമീപിക്കും. അതിൽ വഞ്ചിതരാകരുത്. വ്യക്തിഗത, ബാങ്ക്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, രഹസ്യ കോഡ് എന്നിവ കൈമാറരുത്. വ്യാജ ഫോൺ, എസ്.എം.എസ്, ഇമെയിൽ എന്നിവയോട് പ്രതികരിക്കരുത്. സമൂഹമാധ്യമ അക്കൗണ്ടുകളുടെ വ്യാജ പകർപ്പുകൾ ഉണ്ടാക്കിയുള്ള തട്ടിപ്പുകൾക്കെതിരെയും ജാഗ്രത വേണം. വ‍‍ഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിൽ പരാതിപ്പെടണം

ഫോൺ ഉപയോഗം കരുതലോടെ
∙ സമൂഹമാധ്യമങ്ങളിൽ വ്യക്തിഗത വിവരങ്ങൾ നൽകുമ്പോൾ പ്രൈവസി സെറ്റിങ് ശക്തമാക്കണം.
∙ സ്വകാര്യ വിവരങ്ങൾ മറ്റാരും കാണാത്തവിധം സെറ്റ് ചെയ്യുക
∙ വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക
∙ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈമാറരുത്
∙ പെട്ടെന്ന് പണം വേണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളെ സംശയിക്കുക.
∙ ഔദ്യോഗിക അധികാരികൾ ഇത്ര തിടുക്കപ്പെട്ട് നടപടിയെടുക്കാൻ മുതിരാറില്ല.
∙ ഓൺലൈൻ വഴി സാമ്പത്തിക ഇടപാട് നടത്തുന്നതിനു ഉറവിടം ഉറപ്പാക്കുക.
∙ യഥാർഥ ബാങ്കിന്റെ വെബ്സൈറ്റ് ആവർത്തിച്ച് പരിശോധിക്കുക
∙ സൗജന്യ വൈഫൈ സേവനം ഉപയോഗിച്ച് സാമ്പത്തിക ഇടപാട് നടത്തരുത്
∙ തിരക്കുപിടിച്ച സമയങ്ങളിൽ ഇത്തരം സന്ദേശങ്ങളിൽ നടപടി എടുക്കാതിരിക്കുക.
∙ വഞ്ചിക്കപ്പെട്ടാൽ പൊലീസിന്റെ ഇ–ക്രെയിം വിഭാഗത്തിൽ പരാതിപ്പെടുക.
∙ സ്മാർട്ഫോൺ, ലാപ്ടോപ്, ടാബ് എന്നിവ ഏറ്റവും പുതിയ ആന്റിവൈറസ് ഉപയോഗിച്ച സുരക്ഷ ശക്തമാക്കുക.

സിം മാറ്റിയിട്ടും രക്ഷയില്ല, തട്ടിപ്പുകാർ ഭീഷണി തുടരുന്നു 
3 വർഷത്തിനിടെ 4 തവണയാണ് സിംകാർഡ് മാറ്റിയതെന്ന് തൃശൂർ സ്വദേശി  പറയുന്നു. ഓരോ തവണ നമ്പർ മാറ്റുമ്പോഴും തട്ടിപ്പുകാർ കൃത്യമായി അറിയുന്നു. ഒരിക്കൽ ഹാക്ക് ചെയ്ത ഫോണിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടും തട്ടിപ്പുകാർ പിന്തുടരുന്നു. ഇന്നലെയും ഫോണിൽ വിളിച്ച് 500 ദിർഹം ഉടൻ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. ദുബായ് പൊലീസിൽ നിന്നാണെന്നും പണം കൈമാറിയില്ലെങ്കിൽ ഉടൻ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തി. ആദ്യം കുറച്ചു പണം നഷ്ടമായെങ്കിലും ശല്യം രൂക്ഷമാകുമ്പോൾ നമ്പർ മാറ്റും. കുറച്ചു നാളത്തേക്കു പ്രശ്നമുണ്ടാകില്ലെങ്കിലും വീണ്ടും വ്യത്യസ്ത നമ്പറുകളിൽനിന്ന് വിളിച്ചും വാട്സാപ് സന്ദേശം അയച്ചും ശല്യം തുടരുകയാണെന്ന് ഇദ്ദേഹം പറയുന്നു.

പൊലീസിന്റെ ഫോൺ നമ്പറിനു സമാനമായ നമ്പറുകളിൽനിന്ന് ഇന്റർനെറ്റ് വഴി വിളിച്ച് തെറ്റിദ്ധരിപ്പിച്ച് പണം ആവശ്യപ്പെട്ടെന്ന് കണ്ണൂർ തലശ്ശേരി സ്വദേശി. നമ്പർ പരിശോധിച്ചപ്പോൾ അബുദാബി പൊലീസിന്റെ അതേ നമ്പർ. പക്ഷേ ഇന്റർനെറ്റ് കോളാണെന്ന് മാത്രം. വ്യത്യാസം തിരിച്ചറിഞ്ഞതോടെ ഫോൺ കോൾ വിഛേദിച്ച് നമ്പർ ബ്ലോക്ക് ചെയ്തു.

ഇന്റർനെറ്റ് ഫോൺ വിളിച്ചതിന് 3000 ദിർഹം പിഴയുണ്ടെന്നും ഫോണിലേക്ക് അയച്ച ലിങ്ക് ക്ലിക്ക് ചെയ്ത് ഉടൻ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് അങ്കമാലി സ്വദേശിയെ തട്ടിപ്പു സംഘം സമീപിച്ചത്. ഉടൻ പണം അടച്ചില്ലെങ്കിൽ ജയിലിലാകുമെന്നും ഭീഷണിപ്പെടുത്തി. സമാന തട്ടിപ്പിൽ സുഹൃത്തുക്കൾക്ക് പണം നഷ്ടപ്പെട്ട വിവരവും ഇദ്ദേഹം സൂചിപ്പിച്ചു.

പാവങ്ങളെ സഹായിക്കുന്ന സ്ഥാപന പ്രതിനിധികളാണെന്ന് പറഞ്ഞ് നേരിട്ട് സമീപിച്ച 2 പേർക്കു പണവും ഭക്ഷണവും നൽകിയ ആറങ്ങോട്ടുകരെ സ്വദേശിക്ക് അത് പൊല്ലാപ്പായി. തട്ടിപ്പുകാരാണെന്ന് അറിയാതെ ഫോൺ നമ്പർ നൽകിയതാണ് വിനയായത്. നമ്പർ ബ്ലോക്ക് ചെയ്താലും വേറെ നമ്പറുകളിൽനിന്ന് വിളിച്ച് പണം ആവശ്യപ്പെടുകയാണ്. 

English Summary:

Malayalis and others in the UAE fell victim to phone scams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com