ADVERTISEMENT

ദുബായ് ∙ ദുബായിൽ പൊതുഗതാഗത്തിന് ഉപയോഗിക്കുന്ന കാർഡാണ് നോൽ കാർഡ്. പൊതുഗതാഗത സംവിധാനങ്ങളായ ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർബസ്, എന്നിവയിൽ മാത്രമല്ല, മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പടെ തിരഞ്ഞെടുത്ത കടകളിലും റസ്റ്ററന്‍റുകളിലും നോൽകാർഡ് ഉപയോഗിക്കാനാകും. മാത്രമല്ല പാർക്കിങ് ഫീസ് അടയ്ക്കാനും നോൽ കാർഡ് ഉപയോഗിക്കാം.

 ∙ മിനിമം റീചാർജ് 20 ദിർഹം
മെട്രോ സ്റ്റേഷനുകളിൽ റീചാർജ് ചെയ്യുന്നവർ ഏറ്റവും ചുരുങ്ങിയത് 20 ദിർഹത്തിന് റീചാർജ് ചെയ്യണമെന്ന നിർദ്ദേശം ജനുവരി 15 മുതൽ  പ്രാബല്യത്തില്‍ വന്നു.മെട്രോയിൽ ഒരു റൗണ്ട് യാത്രയ്ക്ക് ( 3 സോണുകളിലെ സ്റ്റേഷനുകളിലൂടെ യാത്ര ചെയ്ത് തിരിച്ച് വരാന്‍) 15 ദിർഹമാണ് ചുരുങ്ങിയ നിരക്ക്. നിലവിൽ സ്റ്റേഷനിൽ നിന്നും റീചാർജ് ചെയ്യുന്നവർക്കാണ് റീചാർജ് ചെയ്യുന്നതിനുളള ഏറ്റവും കുറഞ്ഞ നിരക്ക് 20 ദിർഹമായി നിജപ്പെടുത്തിയിട്ടുളളത്. ഓൺലൈനിൽ റീചാർജ് ചെയ്യുന്നവർക്ക് ഇത് ബാധകമല്ല. മെട്രോ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കാനാണ് റീചാർജ് ചെയ്യുന്ന കുറഞ്ഞ നിരക്കിൽ വർധനവ് വരുത്തിയത്.

 ∙  കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാനുളള വഴികൾ
 
∙ നോൽ പേ ആപ്പ്
ആപ്പിൾ സ്റ്റോറിലും ആൻഡ്രോയിഡിലും ഹുവായ് ആപ്പിലും ലഭ്യം. റീചാർജ് ചെയ്യുന്ന തുകയ്ക്ക് ലോയൽറ്റിയും  റീവാർഡ്സും ലഭിക്കും. ഇത് നോൽ ബാലൻസായും നോൽകാർഡ് സ്വീകരിക്കുന്ന റസ്റ്ററന്‍റുകളിൽ ഉൾപ്പടെയും ഉപയോഗപ്പെടുത്താം.

 ∙ ആർടിഎ വെബ്സൈറ്റ്-ആപ്
നോൽ റീചാർജിനായി ഉപയോഗിക്കാം. നോൽ കാർഡിൽ തുക എത്ര ബാക്കിയുണ്ടെന്നതടക്കമുളള കാര്യങ്ങളും ആർടിഎ വെബ്സൈറ്റ് വഴിയറിയാം.

 ∙ ഷെയിൽ
നോൽ റീചാർജ് ചെയ്യാനും കാർഡിൽ തുകയെത്ര ബാക്കിയുണ്ടെന്നതടക്കമുളള കാര്യങ്ങളും അറിയാം.

 ∙ ടിക്കറ്റ് വെൻഡിഗ് മെഷീൻ
മെട്രോ സ്റ്റേഷനുകളിൽ  സ്ഥാപിച്ചിട്ടുളള റീചാർജിങ് മെഷീൻ. മെഷീനിൽ  റീചാർജ് ചെയ്യുന്നതിനുളള ഏറ്റവും കുറഞ്ഞ തുക 5  ദിർഹമെന്നതിൽ  മാറ്റമില്ല.

 ∙ സോളാർ ടോപ് അപ് മെഷീൻ
ദുബായിലെ ബസ് സ്റ്റോപുകളിൽ  സ്ഥാപിച്ചിട്ടുളള മെഷീൻ.മെട്രോ സ്റ്റേഷനുകളിൽ  സ്ഥാപിച്ചിട്ടുളള റീചാർജിങ് മെഷീന് സമാനം. റീചാർജ് ചെയ്യുന്നതിനുളള ഏറ്റവും കുറഞ്ഞ തുക 5  ദിർഹമെന്നതിൽ  മാറ്റമില്ല.

 ∙ മഹ്ബൂബ് ചാറ്റ് ബോട്ട്
നിർമ്മിത ബുദ്ധിയിൽ പ്രവർത്തനം.ആർടിഎ വെബ്സൈറ്റ്, മൊബൈൽ ആപ്, ഷെയിൽ ആപ്ലിക്കേഷന് എന്നിവയിലൂടെ ചാറ്റ് ബോട്ടിനെ ഉപയോഗപ്പെടുത്താം.

 ∙ നോൽ കാർഡുകൾ നാല് തരം
സിൽവർകാർഡ്:
ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന നോൽ കാർഡ്. പൊതുഗതാഗതസേവനത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. 25 ദിർഹമാണ് നിരക്ക്. 19 ദിർഹം ഉപയോഗപ്പെടുത്താം. പരമാവധി 1000 ദിർഹത്തിന് റീചാർജ് ചെയ്യാം. എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയ നോൽ കാർഡാണെങ്കിൽ 5000 ദിർഹം വരെ റീചാർജ് ചെയ്യാം. 5 വർഷമാണ് കാലാവധി.

ഗോൾഡ് കാർഡ്: മെട്രോയിൽ പ്രത്യേക കാബിന് ലഭ്യം.  മറ്റ് കാബിനുകളിൽ യാത്ര ചെയ്യുന്നതിന്റെ ഇരട്ടി നിരക്ക് ഈടാക്കും. 25 ദിർഹമാണ് നിരക്ക്. 19 ദിർഹം ഉപയോഗപ്പെടുത്താം.

റെഡ് ടിക്കറ്റ്:  താൽക്കാലികമായി നൽകുന്ന ടിക്കറ്റ്. ഒരു സമയം ഒരു പൊതുഗതാഗത സംവിധാനത്തിൽ (മെട്രോ, ബസ്,ട്രാം) ഉപയോഗപ്പെടുത്താം. യാത്ര ചെയ്യേണ്ട ലക്ഷ്യസ്ഥാനമനുസരിച്ച് 2 ദിർഹം മുതൽ ലഭ്യം. പരമാവധി 10  യാത്രയ്ക്കും ദിവസേന 5 യാത്രയ്ക്കും ഉപയോഗിക്കാം.90 ദിവസമാണ് കാലാവധി

പേഴ്സണൽ കാർഡ്: എമിറേറ്റിലെ വിദ്യാർഥികൾക്കുൾപ്പടെ ലഭ്യമാകും. എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ച കാർഡാണിത്. 70 ദിർഹമാണ് നിരക്ക്. മറ്റ് ചാർജുകൾക്കായി 20 ദിർഹവും നൽകണം. 5000 ദിർഹം വരെ റീചാർജ് ചെയ്യാം. വിദ്യാർഥികൾ, നിശ്ചയദാർഢ്യക്കാർ,60 വയസിന് മുകളിലുളള പ്രവാസികൾ. സ്വദേശികൾ എന്നിവർക്ക് ലഭിക്കും.

 ∙ നോൽ കാർഡ് നഷ്ടപ്പെട്ടാൽ 
സിൽവർ നോൽ കാർഡും ഗോൾഡ് കാർഡും മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാം. നോൽ കാർഡ് നഷ്ടപ്പെട്ടാൽ ആ കാർഡിലുളള തുക മറ്റൊരു നോൽ കാർഡിലേക്കോ പുതിയ നോൽ കാർഡിലേക്കോ മാറ്റുന്നതിന് ഇത് സഹായകരമാകും. മെട്രോ യാത്രയ്ക്കിടെ നോൽ കാർഡ് നഷ്ടപ്പെട്ടാൽ ഉടനെ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് ഓഫിസിലെത്തി ഇക്കാര്യം റിപ്പോർട്ട് ചെയ്യണം. നഷ്ടപ്പെട്ട കാർഡ് ബ്ലോക്ക് ചെയ്യാനും റീഫണ്ടിന് അപേക്ഷിക്കാനും സാധിക്കും.

മറ്റ് സാഹചര്യങ്ങളിലാണ് നോൽ നഷ്ടപ്പെട്ടതെങ്കിൽ നോൽ പെ, ആർടിഎ വെബ്സൈറ്റ്, സ്മാർട് സർവ്വീസ് മെഷീനുകൾ, ടിക്കറ്റ് ഓഫിസ് മെഷീനുകൾ, സെൽഫ് സർവ്വീസ് മെഷീൻ എന്നിവ വഴി റീഫണ്ടിന് അപേക്ഷ നൽകാം. നോൽ പെ, ആർടിഎ വെബ്സൈറ്റ്, സ്മാർട് സർവ്വീസ് മെഷീനുകൾ, ടിക്കറ്റ് ഓഫിസ് മെഷീനുകൾ, സെൽഫ് സർവ്വീസ് മെഷീൻ എന്നിവ വഴി റീഫണ്ടിന് അപേക്ഷ നൽകാം. നോൽ ടാഗ് ഐഡി, മൊബൈൽ നമ്പർ, റീഫണ്ട് നൽകേണ്ട നോൽ കാർഡ് പിൻ കോഡ്. പണമായാണോ നോൽ തുകയായാണോ റീഫണ്ട് നൽകേണ്ടതെന്ന് ഓരോരുത്തർക്കും തിരഞ്ഞെടുക്കാം. കാർഡ് ബ്ലോക്ക് ചെയ്യാനുളള അപേക്ഷയും ആപ്പിലൂടെ നൽകാം. അപേക്ഷ നൽകി നാല് ദിവസത്തിനകം റീഫണ്ട് ലഭിക്കും.

പണമായി ലഭിക്കാനാണ് അപേക്ഷ നൽകിയതെങ്കിൽ എസ് എം എസ് വന്നതിന് ശേഷം ഉപഭോക്തൃസേവനകേന്ദ്രത്തിലെ സ്മാർട് ടെല്ലർ മെഷീനുകളിൽ നിന്ന് പണം സ്വീകരിക്കാം. അതേസമയം മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാത്ത നോൽ കാർഡും റെഡ് നോൽ കാർഡും നഷ്ടപ്പെട്ടാൽ റീഫണ്ട് ലഭിക്കില്ല.റീഫണ്ടിന് അനുമതി ലഭിച്ച് 30 ദിവസത്തിനകം പണം സ്വീകരിച്ചിരിക്കണം. നോൽ റീഫണ്ടാണെങ്കിൽ 180 ദിവസത്തിനകം ആക്ടിവേറ്റ് ചെയ്തിരിക്കണം. പുതിയ കാർഡിനുളള തുക ഉടമയിൽ നിന്ന് ഈടാക്കും. ബാങ്ക് കാർഡുകൾ നോൽ കാർഡായി ഉപയോഗിക്കുന്നവർക്ക് അതേ ബാങ്കുകളിൽ നിന്ന് റീഫണ്ട് തുകയ്ക്ക് അപേക്ഷ നൽകാം.

English Summary:

Many Services Nol Card in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com