ADVERTISEMENT

അബുദാബി ∙ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യ–യുഎഇ ബന്ധം ഉറപ്പിക്കുന്നതാണ് ഇന്തോ–അറബ് സാംസ്കാരിക ഉത്സവമെന്ന് യൂണിവേഴ്സൽ ഹ്യൂമൻ റൈറ്റ്സ് ഹ്യുമാനിറ്റി ആൻഡ് പീസ് അംബാസഡർ ഷെയ്ഖ് റക്കാദ് അബ്ദുല്ല ബിൻ റക്കാദ് അൽ അമരി പറഞ്ഞു. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ഫെസ്റ്റിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്തരം ഉത്സവങ്ങൾ ഇരുരാജ്യക്കാരുടെ പ്രവർത്തനങ്ങൾ കൂടുതൽ അടുത്തറിയാൻ ഇടയാക്കുമെന്നും പറഞ്ഞു. മലയാളി സമാജത്തിന്റെ 55 വർഷത്തെ ചരിത്രം ചിത്രീകരണത്തിൽനിന്ന് മനസ്സിലാക്കിയ ഷെയ്ഖ് റക്കാദ് ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.  സാംസ്കാരികോത്സവം ഇന്ത്യൻ എംബസി കൗൺസിലർ ഡോ. ബാലാജി രാമസ്വാമി ഉദ്ഘാടനം ചെയ്തു. 

മുസഫ ക്യാപിറ്റൽ മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബൊലെവാർഡ് അവന്യൂവിൽ നടക്കുന്ന പരിപാടിയിലേക്ക് ആദ്യ 2 ദിവസങ്ങളിലായി വൻ ജനാവലി എത്തി. സമാജത്തിന് പുറത്ത് ഇത്ര വലിയ പരിപാടി സംഘടിപ്പിക്കുന്നതും ആദ്യം. 

ഇരുരാജ്യങ്ങളുടെയും കലാസാംസ്കാരിക പൈതൃകം സമ്മേളിക്കുന്ന ഉത്സവത്തിന്റെ ഉദ്ഘാടന ദിനത്തിൽ അവതരിപ്പിച്ച അറബിക് കലാപരിപാടികൾ വൻ കയ്യടി നേടി. വിവിധ സംസ്ഥാനങ്ങളിലെ തനത് വിഭവങ്ങളും ഒരുക്കിയിരുന്നു. നടി സരയു മോഹൻ, മനോജ് ഗിന്നസ്, കൃഷ്ണപ്രഭ, രാജേഷ് തിരുവമ്പാടി എന്നിവർ നയിക്കുന്ന കലാവിരുന്നാണ് ജനങ്ങളെ ആവേശഭരിതരാക്കിയത്. ഇന്ന് ഇന്ത്യൻ–അറബിക് സംസ്കാരം വിളിച്ചോതുന്ന പരിപാടികളും നറുക്കെടുപ്പും നടക്കും. 10 ദിർഹത്തിന്റെ പ്രവേശന കൂപ്പണിൽ 3 ദിവസവും പ്രവേശനം അനുവദിക്കുന്നതിനൊപ്പം നറുക്കെടുപ്പിലൂടെ ഒരാൾക്ക് 20 പവനും വിലപിടിപ്പുള്ള മറ്റു 55 സമ്മാനങ്ങളും നേടാം. സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, ജനൽ സെക്രട്ടറി എം.യു. ഇർഷാദ്, ലുലു ഗ്രൂപ്പ് അബുദാബി അൽദഫ്ര മേഖലാ ഡയറക്ടർ ടി.പി. അബൂബക്കർ, ഹൻഡു ഹ്യൂമൻ ഇവന്റ്സ് ഓർഗനൈസേഷൻ ജനറൽ മാനേജർ മസൂമ അൽ ഐദാനി അൽ ബുആലി, സാമ്പത്തിക വികസന വിഭാഗം (ആക്ടിവേഷൻ മാർക്കറ്റ്സ്) വൈസ് പ്രസി‍ഡന്റ് ഖാലിദ് മുബാറക് ബനിസാമ, കമ്മ്യൂണിറ്റി പൊലീസിലെ ഫസ്റ്റ് വാറന്റ് ഓഫിസർ ക്യാപ്റ്റൻ ഫാദി സാലിഹ് അൽ തമീമി, ജാബർ അൽ അഹ്ബാദി എന്നിവർ പ്രസംഗിച്ചു.

English Summary:

Abu Dhabi Malayali Samajam organized Indo-Arab Cultural Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com