ഖത്തറിന്റെ ഗാനിം അൽ മുഫ്ത ഫിഫ അംബാസഡർ

Mail This Article
ദോഹ ∙ ഫിഫയുടെ അംബാസഡർ ആയി ഖത്തറിലെ ജീവകാരുണ്യ പ്രവർത്തകനായ ഗാനിം അൽ മുഫ്തയെ നിയമിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനിൽ നടന്ന ഫിഫ ദ് ബെസ്റ്റ് ഫുട്ബോൾ പുരസ്‌കാര വിതരണ ചടങ്ങിൽ ഗാനിം അൽ മുഫ്തയ്‌ക്കൊപ്പമെടുത്ത ചിത്രങ്ങൾ പങ്കുവച്ചാണ് ഇൻഫാന്റിനോ ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാവർക്കുമുള്ള പ്രചോദനത്തിന്റെ ഉറവിടമാണ് ഗാനിം എന്നും ഇൻഫാന്റിനോ പോസ്റ്റിൽ കുറിച്ചു. ഖത്തർ ആതിഥേയത്വം വഹിച്ച 22-ാമത് ഫിഫ ലോകകപ്പിലൂടെയാണ് ഭിന്നശേഷിക്കാരനായ ഗാനിം കൂടുതൽ പ്രശസ്തനായത്. ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് താരം മോർഗൻ ഫ്രീമാനൊപ്പം വേദി പങ്കിട്ടതിലൂടെ ലോക ശ്രദ്ധ നേടി. റീച്ച് ഔട്ട് ടു ഏഷ്യയുടെ (റോട്ട) ഗുഡ് വിൽ, ചൈൽഡ് ഹുഡ് അംബാസഡർ കൂടിയായ ഗാനിം ഖത്തർ ഫിനാൻഷ്യൽ സെന്റർ അതോറിറ്റിയുടെ ബ്രാൻഡ് അംബാസഡറുമാണ്.