ഓട്ടിസം സൗഹൃദ പൊലീസ് ബഹുമതി ദുബായ്ക്ക് സ്വന്തം

Mail This Article
ദുബായ് ∙ യുഎഇയിലെ പ്രഥമ ഓട്ടിസം സൗഹൃദ പൊലീസ് എന്ന ബഹുമതി ദുബായ് പൊലീസിന്. ഓട്ടിസം ബാധിതർക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷവും സൗകര്യവും ഒരുക്കിയതിനുള്ള അംഗീകാരമാണിത്. ദുബായ് ഓട്ടിസം സെന്ററിന്റെ സർട്ടിഫിക്കറ്റ് ദുബായ് പൊലീസ് മേധാവി ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി ഏറ്റുവാങ്ങി.
ഭിന്നശേഷി സൗഹൃദ നഗരമായി ദുബായിയെ മാറ്റുന്നതിന്റെ ഭാഗമായാണ് ഓട്ടിസം സൗഹൃദ പൊലീസ് സ്റ്റേഷനുകൾ സജ്ജമാക്കിയത്. അൽബർഷ, അൽ മുറഖബാത്ത് പൊലീസ് സ്റ്റേഷനുകൾക്കാണ് ഈ അംഗീകാരം ലഭിച്ചത്. ചടങ്ങിൽ ദുബായ് പൊലീസ് ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് എക്‌സലൻസ് ആൻഡ് പയനിയറിങ് ഡയറക്ടർ ബ്രിഗേഡിയർ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുഅല്ല, പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എംപവർമെന്റ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ക്യാപ്റ്റൻ മുഹമ്മദ് അബ്ദുൽറഹ്മാൻ അൽ മസ്റൂയി തുടങ്ങിയവരും പങ്കെടുത്തു.