ADVERTISEMENT

ദുബായ്∙ സൗദി അറേബ്യയിലെ സ്പെഷ്യൽ ടാലന്‍റ് റസിഡൻസി പ്രോഗ്രാമിന് (പ്രീമിയം ഇഖാമ) അർഹതയുള്ള സ്പെഷ്യലൈസേഷനുകൾ പ്രീമിയം റസിഡൻസി സെന്‍റർ  പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ വികസനത്തിനും നൂതന ലക്ഷ്യങ്ങൾക്കും സംഭാവന നൽകുന്നതിന് വിവിധ മേഖലകളിലെ മികച്ച പ്രഫഷണലുകളെ ആകർഷിക്കാനാണ് പദ്ധതിയെന്ന്  പ്രീമിയം റസിഡൻസി സെന്‍ററിന്‍റെ ഇ-പോർട്ടലിൽ വ്യക്തമാക്കുന്നു. പദ്ധതിയിലൂടെ ലഭിക്കുന്ന പെർമിറ്റ് അനവധി ആനുകൂല്യങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താം.

ആരോഗ്യമേഖല, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സാമ്പത്തിക സേവനങ്ങൾ, നൂതന ഉൽപ്പാദനം, ബഹിരാകാശവും പ്രതിരോധവും, ഊർജം, ലോഹങ്ങളും ഖനനവും, ലോജിസ്റ്റിക്‌സും ഗതാഗതവും, ടൂറിസം ഇൻഫ്രാസ്ട്രക്ചർ, ഭക്ഷ്യ-കാർഷിക സാങ്കേതികവിദ്യകൾ എന്നിവ സ്പെഷ്യൽ ടാലന്‍റ് റസിഡൻസി പ്രോഗ്രാമിന് അർഹതയുള്ള  സ്പെഷ്യലൈസേഷനുകളിൽ ഉൾപ്പെടുന്നു. കൂടാതെ, ബഹിരാകാശം, വ്യോമയാനം, പരിസ്ഥിതി, ഊർജ്ജം, ആരോഗ്യം, നഗര പരിവർത്തനം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ ഗവേഷണ മേഖലയിലുള്ളവർക്കും പദ്ധതി പ്രയോജനപ്പെടുത്താം.

പദ്ധതിക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കുള്ള നടപടിക്രമം ലഘൂകരിക്കാനായി ഈ മാസം 10ന് സൗദി അറേബ്യ അഞ്ച് പുതിയ വിഭാഗങ്ങൾ പദ്ധതിയിൽ ചേർത്തിരുന്നു. സ്പെഷ്യലിസ്റ്റുകൾ, എക്സിക്യൂട്ടീവുകൾ, സാംസ്കാരിക, കായിക പ്രതിഭകൾ, നിക്ഷേപകർ, സംരംഭകർ, പ്രോപ്പർട്ടി ഉടമകൾ എന്നിവർക്ക് വേണ്ടിയാണ് അന്ന് പദ്ധതിയിൽ പുതിയ വിഭാഗങ്ങൾ ചേർത്തത്. 

യോഗ്യരായ അപേക്ഷകർക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന പെർമിറ്റിനായി ഇ-പോർട്ടലിൽ സൈൻ അപ്പ് ചെയ്യാം. ഇതിലൂടെ പ്രവാസികളുടെയും ആശ്രിതരുടെയും ഫീസ് അടയ്ക്കുന്നതിൽ നിന്നുള്ള ഇളവ് ഉൾപ്പെടെയുള്ളവ ലഭ്യമാകും. 4000 സൗദി റിയാലാണ് റസിഡൻസി പെർമിനുള്ള ഒറ്റത്തവണ ഫീസ്. പെർമിറ്റുള്ള വിദേശ പൗരന്മാർക്ക് രാജ്യത്ത് ബിസിനസുകളും വസ്തുവകകളും സ്വന്തമാക്കാനായി സ്പോൺസറുടെ ആവശ്യമില്ല. റസിഡൻസി പെർമിറ്റ് ഉള്ളവർക്ക് അവരുടെ കുടുംബാംഗങ്ങൾക്കായി പ്രീമിയം റസിഡൻസി സ്റ്റാറ്റസ് നേടാനും ബിസിനസ്സ് നടത്താനും ഫീസ് രഹിത പണ കൈമാറ്റം നടത്താനും ബന്ധുക്കളെ രാജ്യത്തേക്ക് ക്ഷണിക്കാനും കഴിയും. അപേക്ഷിക്കുമ്പോൾ അവർ തിരഞ്ഞെടുക്കുന്ന പ്ലാനിനെ ആശ്രയിച്ച്, ഒരു വർഷത്തേക്ക് (പുതുക്കാവുന്നത്) അല്ലെങ്കിൽ പരിധിയില്ലാത്ത കാലയളവിലേക്ക് രാജ്യത്ത് താമസിക്കാനുള്ള അവകാശം ഇതിലൂടെ ലഭിക്കും

English Summary:

Saudi Arabia unveils proficiencies needed for Special Talent Residency programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com