ആ കപ്പൽ കരയടുത്തിട്ട് അര നൂറ്റാണ്ട്: ഗൾഫിലേക്കു മടങ്ങിയത് വിമാനാപകടം നടന്ന ദിവസം; രണ്ടാം ജന്മത്തിന്റെ കഥ

Mail This Article
മലപ്പുറം ∙ മുംബൈയിൽനിന്ന് 4 ദിവസത്തെ യാത്രയ്ക്കു ശേഷം 1974 ജനുവരി 25ന് ദുബായ് തീരത്ത് നങ്കൂരമിട്ട ‘മുഹമ്മദി’ കപ്പലിൽ പ്രതീക്ഷകളും സ്വപ്നങ്ങളും തിരയടിക്കുന്ന മനസ്സുമായി ഒരു 22 വയസ്സുകാരനുണ്ടായിരുന്നു. ജീവിതപ്രാരബ്ധങ്ങൾ മറികടക്കുന്നതിനുള്ള ഒറ്റമൂലിയായി പ്രവാസജീവിതം തിരഞ്ഞെടുത്ത ലക്ഷക്കണക്കിനു മലയാളികളിലൊരാൾ. അരനൂറ്റാണ്ടിനിപ്പുറം അന്നത്തെ ഇരുപത്തിരണ്ടുകാരന് മേൽവിലാസങ്ങൾ പലതുണ്ട്. പാർലമെന്റ് അംഗം, സ്വന്തമായി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകൻ, കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്... രാജ്യസഭാംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററുമായ വ്യവസായി പി.വി.അബ്ദുൽ വഹാബിന്റെ പ്രവാസജീവിതത്തിന് ഇന്ന് 50 വയസ്സ്.

∙ ഓർമകൾക്ക് അത്തറിന്റെ മണം
മലബാറിലെ ഭൂരിഭാഗം ചെറുപ്പക്കാരെയും പോലെ വഹാബിന്റെ ഗൾഫ് ഓർമകൾക്കും അത്തറിന്റെ മണമുണ്ട്. അവധിക്ക് വരുമ്പോൾ അത്തറും ടേപ്പ് റെക്കോർഡറും ക്യാമറയുമെല്ലാം സമ്മാനമായി കൊണ്ടുവന്നിരുന്ന അടുത്ത ബന്ധുക്കളാണ് മനസ്സിൽ ഗൾഫെന്ന സ്വപ്നത്തിന് വിത്തുപാകിയത്. പത്താം ക്ലാസ് പഠനത്തിനുശേഷം പോളിടെക്നിക്കിൽ ഓട്ടമൊബീൽ കോഴ്സിനു ചേരാനായിരുന്നു ആഗ്രഹം. പിതാവ് അലവിക്കുട്ടിക്ക് മകനെ അധ്യാപകനായി കാണാനായിരുന്നു ആഗ്രഹം. വിധിക്കു പക്ഷേ, മറ്റു പദ്ധതികളുണ്ടായിരുന്നു.


∙ ഗൾഫെന്ന സ്വപ്നഭൂമിയിലേക്ക്
പിതാവിന്റെ അപ്രതീക്ഷിത മരണം 8 സഹോദരങ്ങളും ഉമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഭാരം മൂത്ത മകനായ വഹാബിന്റെ ചുമലിലാക്കി. അന്ന് 18 വയസ്സ് ആയതേയുള്ളൂ. 8 സെന്റിൽ ചെറിയ വീട്. മെച്ചപ്പെട്ട ജീവിതസൗഭാഗ്യങ്ങളിലേക്കുള്ള ടിക്കറ്റ് തേടി ഗൾഫെന്ന സ്വപ്നഭൂമിയിലേക്കു വഹാബും കപ്പൽ കയറി. അബുദാബിയിൽ ബന്ധുവിനൊപ്പമായിരുന്നു ആദ്യ മാസങ്ങളിൽ താമസം. സൗദി അതിർത്തിയിലെ സിലയിൽ പൊലീസ് ഔട്ട്പോസ്റ്റ് നിർമാണ സ്ഥലത്തായിരുന്നു ആദ്യ ജോലി. അധികം വൈകാതെ അതേ കമ്പനിയിൽ മറ്റൊരിടത്തേക്കു മാറി.

അബുദാബിയിലുണ്ടായിരുന്ന ബന്ധു സ്വന്തമായി സംരംഭം തുടങ്ങിയപ്പോൾ അതിനൊപ്പം ചേർന്നു. പിന്നീട് ടെക്നിക്കൽ ഗാരേജ് എക്യുപ്മെന്റ്സ്, ഇന്ധന വിതരണം, കിഡ്സ് ഷോപ്പ് തുടങ്ങി വിവിധ മേഖലകളിൽ സംരംഭകനായി. 1991ൽ കേരളത്തിലും നിക്ഷേപ രംഗത്തിറങ്ങി. ഇന്ന് പീവീസ് ഗ്രൂപ്പിന് ഗൾഫ് രാഷ്ട്രങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലുമായി ഒട്ടേറെ സംരംഭങ്ങളുണ്ട്. ‘ദൈവത്തിന്റെ കൃപാകടാക്ഷങ്ങൾക്ക് നന്ദി. ഗൾഫിൽ ജീവിതം തേടിയെത്തിയപ്പോൾ സഹായഹസ്തം നീട്ടിയ നല്ല മനസ്സുകളെ സ്നേഹത്തോടെ ഓർക്കുന്നു ’– പ്രവാസ ജീവിതത്തിന് അര നൂറ്റാണ്ടു പ്രായമാകുമ്പോൾ വഹാബിന് പറയാനുള്ളത് ഇത്രയുമാണ്.

∙ രണ്ടാം ജന്മത്തിന്റെ കഥ...
പി.വി.അബ്ദുൽ വഹാബിന്റെ പ്രവാസ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ മറന്നുപോകാൻ പാടില്ലാത്ത ഒരധ്യായമാണ് 1978 ജനുവരി ഒന്നിനു നടന്ന എയർ ഇന്ത്യ വിമാനാപകടം. അന്ന് അദ്ദേഹം കുടുംബസമേതം അബുദാബയിലാണ്. ഭാര്യയെ നാട്ടിലാക്കിയ ശേഷം ഗൾഫിലേക്കു മടങ്ങാനായി വിമാനാപകടം നടക്കുന്ന ദിവസമാണ് മുംബൈയിലെത്തിയത്. മുംബൈ നരിമാൻ പോയിന്റിലെ എയർ ഇന്ത്യ ഓഫിസിലെത്തി ടിക്കറ്റിനു വേണ്ടി ക്യൂ നിന്നു. ഗൾഫിലേക്ക് ആദ്യ വിമാനം എയർ ഇന്ത്യയുടെ മുംബൈ–ദുബായ് ‘എംപറർ അശോക’ ആയിരുന്നു. കാത്തുനിൽക്കുന്നവരിൽ വഹാബിന് മുന്നിലുണ്ടായിരുന്ന നാലോ അഞ്ചോ പേർക്കപ്പുറം ടിക്കറ്റുകൾ വിറ്റുതീർന്നു. മറ്റു മാർഗങ്ങളില്ലാത്തതിനാൽ പിറ്റേ ദിവസം അബുദാബിയിലേക്കു പോകുന്ന വിമാനത്തിന് ടിക്കറ്റെടുത്ത് മുംബൈയിലുണ്ടായിരുന്ന ബന്ധുവിന്റെ വീട്ടിലേക്കു പോയി. അവിടെ ഭക്ഷണം കഴിച്ചിരിക്കുമ്പോഴാണ് ടിവിയിൽ വാർത്ത കണ്ടത്. മുംബൈയിൽനിന്ന് ദുബായിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം അറബിക്കടലിൽ വീണ് യാത്രക്കാരെല്ലാം മരിച്ചു. നാട്ടിലും ഗൾഫിലും പരന്ന ആശങ്ക മാറിയത് ആ വിമാനത്തിൽ ടിക്കറ്റ് ലഭിക്കാത്ത വാർത്ത വഹാബ് തന്നെ അടുത്ത ബന്ധുക്കളെ വിളിച്ചറിയപ്പോഴാണ്.
