ഫുട്‌ബോൾ താഴെവീഴ്ത്താതെ തട്ടിയത് 49 മണിക്കൂർ; വീണ്ടും ലോക റെക്കോർഡിട്ട് റിക്കാർഡിനോ

Mail This Article
ദോഹ ∙ തുടർച്ചയായ 49 മണിക്കൂർ ഫുട്‌ബോൾ പന്ത് താഴെ വീഴാതെ തട്ടി കളിച്ച് പുതിയ ലോക റെക്കോർഡ് സ്വന്തമാക്കി ബ്രസീൽ സ്വദേശി റിക്കാർഡിനോ ഡി എംബിയക്‌സാഡിനാസ്.
കത്താറ കൾചറൽ വില്ലേജിലെ എഎഫ്‌സി ഏഷ്യൻ കപ്പ് ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഖത്തറിൽ ജഗ്‌ലിങ്ങിൽ പുതിയ റെക്കോർഡ് പിറന്നത്. 49 മണിക്കൂർ 3 മിനിറ്റ് ആണ് റെക്കോർഡ് സമയം. നേരത്തെയുണ്ടായിരുന്ന 48 മണിക്കൂർ 2 മിനിറ്റെന്ന സ്വന്തം റെക്കോർഡ് തന്നെയാണ് റിക്കാർഡിനോ മറികടന്നത്. കത്താറയിലെ അൽ ഹിക്മ സ്‌ക്വയറിൽ ജനുവരി 21ന് രാത്രി 7ന് ആരംഭിച്ച ജഗ്‌ലിങ് 23ന് ആണ് 49 മണിക്കൂർ 3 മിനിറ്റിൽ പുതിയ സമയം കുറിച്ച് സമാപിച്ചത്.
രണ്ടു കാലുകൾ കൊണ്ട് പന്തിനെ നിയന്ത്രിച്ച് തോളും തലയും ഉപയോഗിച്ചാണ് പ്രകടനം നടത്തിയത്. റെക്കോർഡ് സമയം പൂർത്തിയാക്കിയ ഉടൻ തളർന്നു വീണ റിക്കാർഡിനോയ്ക്ക് മെഡിക്കൽ സംഘമെത്തി അടിയന്തര ചികിത്സയും നൽകി. റിക്കാർഡിനോ 2021 ൽ 34 മണിക്കൂർ 5 മിനിറ്റ് പന്ത് തട്ടി ലോക റെക്കോർഡ് നേടിയിരുന്നു. 2022 ഫിഫ ലോകകപ്പിനിടെ കത്താറയിൽ തന്നെയാണ് 48 മണിക്കൂർ ഒരുമിനിറ്റിൽ അടുത്ത റെക്കോർഡിട്ടത്.