അബുദാബി മൗണ്ടൻ ബൈക്ക് റൈഡ് 9 മുതൽ
Mail This Article
അബുദാബി∙ പ്രഥമ ഹീറോ അബുദാബി മൗണ്ടൻ ബൈക്ക് റൈഡ് ഫെബ്രുവരി 9 മുതൽ 11 വരെ ഹുദൈരിയാത്ത് ഐലൻഡിൽ നടക്കും. മൂന്നു തവണ റോഡ് സൈക്ലിങ് ചാംപ്യനായ പീറ്റർ സാജൻ ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങൾ പങ്കെടുക്കും. രാജ്യാന്തര ബൈക്ക് സിറ്റി എന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉയർത്തുന്നതാവും പരിപാടി.
പ്രഫഷനൽ, അമച്വർ താരങ്ങൾ അണിനിരക്കുന്ന മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. 5.4 കിലോമീറ്റർ, 1.2 കി.മീ ദൈർഘ്യത്തിലുള്ള മത്സരം പ്രഫഷനൽ റൈഡർമാർക്കുള്ളതാണ്. എന്നാൽ എല്ലാ പ്രായത്തിലുമുള്ള ബൈക്ക് റൈഡ് പ്രേമികൾക്ക് അമച്വർ, കിഡ്സ് റേസുകളിൽ പങ്കെടുക്കാമെന്ന് അബുദാബി സ്‌പോർട്‌സ് കൗൺസിൽ ജനറൽ സെക്രട്ടറി ആരിഫ് ഹമദ് അൽ അവാനി പറഞ്ഞു.
രാജ്യാന്തര മാനദണ്ഡം അനുസരിച്ച് എല്ലാ തലങ്ങളിലുമുള്ള അത്‌ലീറ്റുകൾക്കും അനുയോജ്യമായ ലോകോത്തര സൈക്ലിങ് സൗകര്യങ്ങളാണ് ഹുദൈരിയാത്തിൽ ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ ഏക മൗണ്ടൻ ബൈക്ക് പാതയായ ട്രയൽ എക്സിന് 15 കി.മീ നീളമുണ്ട്. ഉയർന്ന നിലവാരമുള്ള രാജ്യാന്തര സൈക്ലിങ് പരിപാടികളുടെ കേന്ദ്രമാകാൻ അനുയോജ്യമാണ്. 2028ലെ യുസിഐ ഗ്രാൻ ഫോണ്ടോ വേൾഡ് ചാംപ്യൻഷിപ്പിനും ഹുദൈരിയാത്ത് ദ്വീപ് ആതിഥേയത്വം വഹിക്കും.