ADVERTISEMENT

ദുബായ് ∙ നിയമപാലനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദുബായ് പൊലീസിന് ജനങ്ങളുടെ ബിഗ് സല്യൂട്ട്. തടവുകാരെയും കുടുംബത്തെയും സഹായിക്കാനായി 3 വർഷത്തിനിടെ ദുബായ് പൊലീസ് 2.6 കോടി ദിർഹം (58.83 കോടി രൂപ) ആണു ചെലവിട്ടത്. ഓരോ തടവുകാരുടെയും കുടുംബ പശ്ചാത്തലവും സാമ്പത്തിക സ്ഥിതിയും മനസ്സിലാക്കി ദേശ, ഭാഷ, വർണ, വർഗ വ്യത്യാസം നോക്കാതെയായിരുന്നു സഹായം വിതരണം ചെയ്തത്. 

ദുബായ് പൊലീസിലെ ഹ്യുമാനിറ്റേറിയൻ കെയർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് 2,66,63,703 ദിർഹത്തിന്റെ സാമ്പത്തിക സഹായം നൽകിയതെന്ന് ജയിൽകാര്യ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ അബ്ദുൽ കരീം ജുൽഫാർ പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം തടവുകാരുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നിയമവിധേയമായി ജീവകാരുണ്യ പദ്ധതി നടപ്പാക്കുന്നതെന്നും കൂട്ടിച്ചേർത്തു. തടവുകാരുടെ വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ സംരക്ഷണത്തിനായി സമഗ്ര പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. ചെയ്തുപോയ തെറ്റിൽ പശ്ചാത്തപിച്ച് പുതിയ ജീവിതം കെട്ടിപ്പെടുക്കാൻ തടവുകാരെ പ്രാപ്തമാക്കുന്നു. ഇതിനായി തൊഴിൽ പരിശീലനവും വിദ്യാഭ്യാസ പരിശീലനവും നൽകുന്നുണ്ട്. പരിശീലനം പൂർത്തിയാക്കിവർക്ക് ജോലി നൽകുകയും കുടുംബത്തെ പോറ്റാൻ പ്രാപ്തമാക്കുകയും ചെയ്തുവരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നം ലഘൂകരിക്കാനാണ് മുൻഗണനയെന്ന് ഹ്യൂമാനിറ്റേറിയൻ കെയർ വിഭാഗം മേധാവി ക്യാപ്റ്റൻ ഹബീബ് അൽ സറൂനി പറഞ്ഞു. യാത്രാ ടിക്കറ്റുകൾക്കും അനുബന്ധ ചെലവുകൾക്കും മാത്രമായി 79 ലക്ഷം ദിർഹം ചെലവഴിച്ചു. ചികിത്സ, സ്കൂൾ ഫീസ്, കുടുംബത്തിന്റെ നിത്യച്ചെലവ്, കടങ്ങൾ തീർക്കൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായാണ് തുക ചെലവഴിച്ചത്. തടവുകാർക്ക് വീൽചെയർ, കാഴ്ച പരിമിതിയുള്ളവർക്ക് കണ്ണട, വനിതാ തടവുകാരുടെ പ്രസവ ചെലവ്, കുട്ടികളുടെ പരിചരണം തുടങ്ങിയവയ്ക്കും തുക വിനിയോഗിച്ചു. വിവാഹ ജീവിതത്തിലേക്കു കടക്കുന്ന ധന്യമുഹൂർത്തത്തിന് പിതാവിന്റെ സാന്നിധ്യം ആഗ്രഹിച്ചു ദുബായ് പൊലീസിനു കത്തെഴുതിയ പെൺകുട്ടിയുടെ സ്വപ്നം സാക്ഷാത്കരിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഇതുൾപ്പെടെ ഒട്ടേറെ മാനുഷിക പ്രവർത്തനങ്ങളാണ് ദുബായ് പൊലീസ് നടത്തിവരുന്നത്.

English Summary:

People's Big Salute to Dubai Police for Law Enforcement and Charity Work.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com