ADVERTISEMENT

മസ്‌കത്ത് ∙ വിമാനത്താവളങ്ങള്‍ വഴിയും കര, സമുദ്ര അതിര്‍ത്തികള്‍ വഴിയും ഒമാനിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഗൈഡുമായിമായി റോയല്‍ ഒമാന്‍ പൊലീസിലെ കസ്റ്റംസ് വിഭാഗം. രാജ്യത്ത് നിരോധിച്ച വസ്തുക്കള്‍, കര്‍ശനമായി നിയന്ത്രിച്ചവ, കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയ ഉത്പന്നങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗൈഡ് യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും.

അജ്ഞാതരില്‍ നിന്ന് ബാഗോ ലഗേജോ സ്വീകരിക്കരുതെന്ന് കസ്റ്റംസ് വിഭാഗം  നിര്‍ദേശിച്ചു. ഉള്ളിലുള്ളവ പരിശോധിക്കാതെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സുഹൃത്തുക്കളുമായി ലഗേജ് കൈമാറരുത്. ഇങ്ങനെ ചെയ്യുന്നത് ആരുടെ കൈവശമാണോ വസ്തുക്കളുള്ളത് അയാളെ ഉത്തരവാദിയാക്കുന്നതിനുള്ള തെളിവാകും. പണമോ അമൂല്യ വസ്തുക്കളോ ഒളിപ്പിച്ച് വയ്ക്കരുത്. വെളിപ്പെടുത്തേണ്ട പരിധിയിലുള്ള വസ്തുക്കളുണ്ടെങ്കില്‍ വെളിപ്പെടുത്താന്‍ മടിക്കരുതെന്നും അധികൃതര്‍ ഗൈഡില്‍ വിശദീകരിച്ചു. നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കള്‍ മറ്റ് യാത്രക്കാരില്‍ കണ്ടാല്‍ അക്കാര്യം അധികാരികളെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഫിലിം പ്രൊജക്ടറുകളും അതിന്റെ അനുബന്ധോപകരണങ്ങളും വ്യക്തിഗത ഉപയോഗത്തിനുള്ള വിഡിയോ ക്യാമറ, കൊണ്ടുനടക്കാവുന്ന സംഗീതോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടിവിയും റിസീവറും, ബേബി സ്‌ട്രോളറുകള്‍, ഭിന്നശേഷിക്കാരുടെ കസേരകളും സ്‌ട്രോളറുകളും, കമ്പ്യൂട്ടര്‍, മൊബൈല്‍ പ്രിന്ററുകള്‍, തുണികളും വ്യക്തിഗത വസ്തുക്കളും, വ്യക്തിഗത ആഭരണങ്ങള്‍, വ്യക്തിഗത സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഗൈഡില്‍ വിശദീകരിക്കുന്നു. അനുവദനീയമായ സിഗരറ്റുകളുടെ എണ്ണം 400ഉം മദ്യത്തിന്റെ അളവ് നാല് ലീറ്ററുമാണ്. ഇലക്ട്രോണിക് സിഗരറ്റുകള്‍ രണ്ടെണ്ണത്തില്‍ അധികമാകരുത്. മാത്രമല്ല യാത്രക്കാരന്‍ 18 വയസ്സ് തികഞ്ഞയാളാകണം.

മരുന്നുകള്‍, ഡ്രഗ്, യന്ത്രം, ഉപകരണം, മെഡിക്കല്‍ മെഷീനുകള്‍, ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, പ്രസിദ്ധീകരണങ്ങള്‍, മാധ്യമ വസ്തുക്കള്‍,  ട്രാന്‍സ്മിറ്ററുകള്‍, ഡ്രോണുകള്‍ പോലുള്ള വയര്‍ലെസ് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക വ്യക്തിഗത സംരക്ഷണത്തിനുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള അംഗീകാരം നേടണം.

എല്ലാ തരത്തിലുമുള്ള ആയുധങ്ങള്‍, മയക്കുമരുന്നുകള്‍, സൈക്കോട്രോപിക് വസ്തുക്കള്‍, സ്‌ഫോടക വസ്തുക്കള്‍, റൈഫിളുകള്‍, പിസ്റ്റലുകള്‍, ആയുധങ്ങളും ഉപകരണങ്ങളുമുള്ള കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സൈനിക യൂണിഫോമിന് സമാനമായ വസ്ത്രം, റൈഫിള്‍ സ്‌കോപ്, നൈറ്റ് സ്‌കോപ്, ആനക്കൊമ്പ്, വൈദ്യുതി തോക്ക് എന്നിവയും ഏകീകൃത കസ്റ്റംസ് നിയമം അനുസരിച്ച്  നിരോധിച്ച വസ്തുക്കളാണ്.

6000 ഒമാനി റിയാല്‍ വരുന്ന പണം, ചെക്കുകള്‍, സെക്യൂരിറ്റികള്‍, ഓഹരികള്‍, പേയ്‌മെന്റ് ഓര്‍ഡറുകള്‍, അമൂല്യ ലോഹങ്ങള്‍, സ്വര്‍ണം, വജ്രം, അമൂല്യ കല്ലുകള്‍, 6000 റിയാലിന് തുല്യമായ മറ്റ് കറന്‍സികള്‍ തുടങ്ങിയവ കൈവശം വച്ച് രാജ്യത്തേക്ക് വരുന്നതോ പുറത്തേക്ക് പോകുന്നതോ ആയ യാത്രക്കാരന്‍ ഇക്കാര്യങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥനോട് വെളിപ്പെടുത്തണം. കസ്റ്റംസ് വെബ്‌സൈറ്റ് മുഖേന ഡിക്ലറേഷന്‍ നടത്താം.

English Summary:

The Royal Oman Police's Customs Department has issued new travel guidelines for visitors to the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com