ADVERTISEMENT

അബുദാബി∙ ഒഡീഷാ സ്വദേശികളായ കരൺ, സുജിത്, അശോക് എന്നീ ശില്പികൾ പൂർണ സംതൃപ്തിയിലാണ്; അബുദാബി ബാപ്സ് ഹിന്ദു മന്ദിർ യാഥാർഥ്യമാകുമ്പോൾ ഇതിന് വേണ്ടി കരവിരുതിന്‍റെ വിസ്മയം തീർത്ത രണ്ടായിരം ശില്പികളില്‍ മൂന്നു പേരായി തങ്ങളുമുണ്ടല്ലോ.

 അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലെ ചുമർ ശിൽപങ്ങളുടെ അവസാനഘട്ട മിനുക്കുപണിയിൽ. ചിത്രം: മനോരമ
അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലെ ചുമർ ശിൽപങ്ങളുടെ അവസാനഘട്ട മിനുക്കുപണിയിൽ. ചിത്രം: മനോരമ

ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന, ലോകപ്രശസ്തമാകാൻ പോകുന്ന ക്ഷേത്രം രാമായണം, മഹാഭാരതം, പുരാണങ്ങൾ തുടങ്ങിയവയുടെ ശില്പചിത്രീകരണങ്ങളാലാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുക. ക്ഷേത്രത്തിന് ചുറ്റും പുറംഭാഗവും അകത്തളങ്ങളും ഇത്തരം മനോഹരമായ കുഞ്ഞുശിൽപങ്ങളാൽ സമ്പന്നമാണ്. പുറം ഭാഗത്ത് തവിട്ടു നിറത്തിലുള്ള ശിൽപങ്ങളാണെങ്കില്‍ അകത്ത് വെള്ളശിൽപങ്ങൾ ആണെന്നേയുള്ളൂ. അകത്തെ തൂണുകളിലും മച്ചിലുമാണ് ശിൽപങ്ങൾ കുടിയേറിയിരിക്കുന്നത്. ‌‌

അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലെ ചുമർ ശിൽപപങ്ങൾ. ചിത്രം:മനോരമ
അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലെ ചുമർ ശിൽപപങ്ങൾ. ചിത്രം:മനോരമ

 പശുക്കൾ, ഒട്ടകങ്ങൾ, ഒറിക്സ്, ആന തുടങ്ങിയവയും മയിലും പക്ഷികളും പാമ്പും കുതിരപ്പുറത്തേറിയ സൈനികനും തുടങ്ങി മനുഷ്യരുടെയും മൃഗങ്ങളുടെയും ശിൽപങ്ങള്‍ ആർക്കും കണ്ണിമ ചിമ്മാതെ മാത്രമേ നോക്കിനിൽക്കാനാകൂ. രാജസ്ഥാൻ ശിലകൾ കൊണ്ട് മാസങ്ങളായി രാപ്പകൽ ഭേദമന്യേ രണ്ടായിരത്തിലേറെ കലാകാരന്മാർ അവിടെ നിന്നാണ് ശിൽപങ്ങളൊരുക്കിയത്. അവ പിന്നീട് അബുദാബിയിലേയ്ക്ക് കൊണ്ടുവന്ന് പ്രതിഷ്ഠിക്കുകയായിരുന്നു. ഒരു സെന്‍റിമീറ്റർ നീളത്തിലുള്ള പ്രതലത്തിൽ ചെറിയൊരു രംഗത്തിന്‍റെ ശിൽപങ്ങൾ തയ്യാറാക്കാൻ രണ്ട് മാസം വേണ്ടി വന്നതായി കരൺ മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇപ്പോൾ അബുദാബിയിൽ അവസാന മിനുക്കുപണികൾ നടത്തുകയാണിവർ. തങ്ങളുടെ അധ്വാനഫലം ലോകം മുഴുവൻ കാണാൻ പോകുന്നു എന്നയറിവ് ഇവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.

അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലെ ചുമരിലെ അറബിയുടെയും ഒട്ടകങ്ങളുടെയും ശിൽപങ്ങൾ. ചിത്രം:മനോരമ
അബുദാബി ബാപ്സ് ഹിന്ദു മന്ദിറിലെ ചുമരിലെ അറബിയുടെയും ഒട്ടകങ്ങളുടെയും ശിൽപങ്ങൾ. ചിത്രം:മനോരമ

∙അറബിയും ഒട്ടകവും പിന്നെ ഈന്തപ്പനയും
പതിവിന് വിപരീതമായി ഈ ക്ഷേത്രച്ചുമരിൽ ഇടംപിടിച്ച ശിൽപങ്ങളിൽ കൗതുകകരമായ ഒരു ചിത്രീകരണവുമുണ്ട്. അറബ് സമൂഹത്തോടുള്ള സ്നേഹത്തിന്‍റെയും സൗഹാർദത്തിന്‍റെയും ഭാഗമായി ഒട്ടകങ്ങളും  അതിനടുത്ത് വടിയും പിടിച്ച് നിൽക്കുന്ന ഒരു അറബിയേയും ഇവിടെ കാണാം. ഇതാദ്യമായിട്ടായിരിക്കാം ഒരു അറബി ക്ഷേത്രച്ചുമരിൽ ഇടം പിടിക്കുന്നത്. അറബ് നാടിന്‍റെ സവിശേഷതയായ ഈന്തപ്പനയാണ് മറ്റൊരു ശിൽപം. ഇന്ത്യയുടെ മതസൗഹാർദത്തിന്‍റെ ശക്തമായ പ്രതീകമായാണ് ഇതിനെ കാണുന്നത്. കൂടാതെ, യുഎഇയുടെ ഏഴ് എമിറേറ്റുകളുടെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ശിഖരങ്ങളും ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്.

English Summary:

Baps Hindu temple sculptors with satisfaction; Arab, camel and palm trees in the sculptures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com