പ്രതിരോധ ഉപകരണങ്ങളുടെ സംഭരണത്തിന് ഇന്ത്യയും ഒമാനും തമ്മില്‍ ധാരണയിലെത്തി
Mail This Article
മസ്‌കത്ത് ∙ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറി ഗിരിധര്‍ അരാമാനെ ഒമാന്‍ സന്ദര്‍ശനത്തില്‍. ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അലി അല്‍ സഅബി അദ്ദേഹത്തെ സ്വീകരിച്ചു. ഇരുവരുടെയും നേതൃത്വത്തില്‍ ഇന്ത്യ - ഒമാന്‍ ജോയിന്റ് മിലിട്ടറി കോഓപ്പറേഷന്‍ കമ്മിറ്റി യോഗം മസ്‌കത്തില്‍ നടന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ശക്തമായ പ്രതിരോധ സഹകരണം ഇരുപക്ഷവും അവലോകനം ചെയ്തു.
പരിശീലനം, സുയുക്താഭ്യാസം, വിവരങ്ങളുടെ പങ്കുവെപ്പ്, സമുദ്രശാസ്ത്രം, കപ്പല്‍ നിര്‍മാണം, എം ആര്‍ ഒ എന്നീ മേഖലകളിലെ സഹകരണം പുതിയ തലത്തിലേക്കുയര്‍ത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ, പ്രാദേശികഴും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളെ കുറിച്ചും വീക്ഷണങ്ങള്‍ കൈമാറി.കഴിഞ്ഞ ഡിസംബറില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ രൂപപ്പെടുത്തിയ 'എ പാര്‍ട്ട്ണഷിപ്പ് ഫോര്‍ ദി ഫൂച്ചര്‍' സംയുക്ത വിഷന്‍ നടപ്പാക്കുന്നതിനുള്ള കരാറിലും ഇന്ത്യന്‍ പ്രതിരോധ വകുപ്പ് സെക്രട്ടറിയും ഒമാന്‍ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറലും ഒപ്പുവെച്ചു. പ്രതിരോധ സാമഗ്രികളുടെ സംഭരണവും ഇതില്‍ ഉള്‍പ്പെടുന്നു.
ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളികളില്‍ ഒന്നാണ് സുല്‍ത്താനേറ്റെന്നും ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായി പ്രതിരോധ സഹകരണം ഉയര്‍ന്നുവന്നതായും തന്ത്രപരമായ പങ്കാളിത്തം എന്ന കാഴ്ചപ്പാടിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.