ADVERTISEMENT

ദുബായ്∙ ഇന്നലെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല കേന്ദ്ര ബജറ്റിന് പ്രവാസികളുടെ ഇടയിൽ സമ്മിശ്ര പ്രതികരണം. ബിസിനസുകാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരുമടക്കമുള്ളവർ വളരെ ആകാംക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കിയത്. പ്രവാസികളുടെ പ്രധാന പ്രശ്നങ്ങളായ പുനരധിവാസം, വിമാനയാത്ര തുടങ്ങിയ വിഷയങ്ങളിൽ ബജറ്റിൽ പരാമർശമില്ലാത്തതിൽ പ്രവാസികൾ ദുഃഖിതരാണ്. ഇടക്കാല ബജറ്റായതിനാൽ വലിയ പ്രഖ്യാപനങ്ങളോ സംരംഭങ്ങളോ ആരും പ്രതീക്ഷിക്കില്ലെന്നും ഗതാഗതത്തിനും കണക്റ്റിവിറ്റിക്കും പ്രത്യേകിച്ച് റെയിൽവേ, വ്യോമയാന മേഖലകളിൽ വലിയ ഊന്നൽ നൽകുന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി പറഞ്ഞു. 

പ്രധാന റീട്ടെയിൽ ബിസിനസുകാരൻ എന്ന നിലയിൽ ലോജിസ്റ്റിക്‌സ്, സോഴ്‌സിങ്, ഷോപ്പിങ് എന്നിവ പോലുള്ള വിവിധ അനുബന്ധ മേഖലകളിൽ ബജറ്റ് ചെലുത്തുന്ന നല്ല സ്വാധീനത്തെക്കുറിച്ച് വളരെ ശുഭാപ്തിവിശ്വാസമുണ്ട്.  രാജ്യത്ത് അഞ്ച് സംയോജിത അക്വാപാർക്കുകൾ സ്ഥാപിക്കാനുള്ള ബജറ്റ് നിർദ്ദേശം രാജ്യത്തുടനീളമുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന് തീർച്ചയായും പ്രയോജനം ചെയ്യും. ഇതുകൂടാതെ, പുതിയ നടപടികൾ നടപ്പിലാക്കുന്നതിനാൽ ദാരിദ്ര്യനിർമ്മാർജ്ജനം, കർഷകർ, സ്ത്രീശാക്തീകരണം എന്നിവയിൽ ബജറ്റ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. ഇത് വരും വർഷങ്ങളിൽ ആഗോള സാമ്പത്തിക സൂപ്പർ പവറായി മാറാൻ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

∙ ഇടക്കാല ബജറ്റ് നിരാശാജനകം : ഓർമ 
കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റ് തീർത്തും നിരാശാജനകം എന്ന് ഓർമ പ്രസിഡന്‍റ് ഷിജു ബഷീർ , സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ അഭിപ്രായപ്പെട്ടു .തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ ഒന്നും തന്നെയില്ല. ടിക്കറ്റ് ചാർജ് കുറക്കുവാനോ വിദേശരാജ്യങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായമോ മടങ്ങിയെത്തുന്ന പ്രവാസികളെ സഹായിക്കാനുള്ള പദ്ധതികളോ ഒന്നും തന്നെ ഉണ്ടായില്ല . പ്രവാസികളുടെ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടാൻ കേന്ദ്ര സർക്കാരിനാണ് സാധിക്കാത്തത് പൂർണ്ണമായും പ്രവാസികളോടുള്ള ഗൗരവമായ അവഗണനയാണ്. 

തിരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റിൽ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറയാനാണ് മന്ത്രി നിർമല സീതാരാമൻ ശ്രമിച്ചത് . കഴിഞ്ഞ 10 വർഷവും നിരാശ തന്നെയാണ് പ്രവാസികൾക്ക് സമ്മാനിച്ചത് . എയർ ഇന്ത്യ പോലുള്ള പൊതുമേഖലാ കമ്പനികൾ സ്വകാര്യവൽക്കരിച്ചത് കൊണ്ട് യാതൊരു നിയന്ത്രണവും സർക്കാരിനില്ല . മുൻപ് ഉണ്ടായിരുന്ന കൂടുതൽ ലഗേജ് ആനുകൂല്യവും സൗജന്യ ഭക്ഷണവും വരെ നിർത്തലാക്കി. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതികൾ ഒന്നും നാളിതുവരേക്കും പ്രഖ്യാപിച്ചിട്ടില്ല . നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ നേട്ടം നേടിത്തരുന്ന പ്രവാസികൾക്ക് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്ന് എന്നും അവഗണയാണ്.

English Summary:

Expats with mixed reaction to Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com