ദുബായ് കോടതികളിൽ 22 പുതിയ ജഡ്ജിമാർ
Mail This Article
ദുബായ്∙ ദുബായ് കോടതികളിൽ പുതുതായി നിയമിതരായ 22 ജഡ്ജിമാർ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ ജഡ്ജിമാർ വിജയിക്കട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ആശംസിച്ചു. നീതിന്യായ തത്വം സദാ ഉയർത്തിപ്പിടിക്കണം. ജോലിയിൽ കാര്യക്ഷമതയും ഉയർന്ന നിലവാരവും പുലർത്തണം. നിയമവാഴ്ച നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകണമെന്നും ജഡ്ജിമാരോട് അഭ്യർഥിച്ചു.
നീതി ഉയർത്തിപ്പിടിച്ചും നിയമം അനുസരിച്ചും സത്യസന്ധതയോടെ കർത്തവ്യങ്ങൾ നിർവഹിക്കുമെന്ന് ജഡ്ജിമാർ പ്രതിജ്ഞയെടുത്തു. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയും ദുബായുടെ ഒന്നാം ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ, സുപ്രീംകോടതി മേധാവി സെയ്ഫ് ഗാനിം അൽ സുവൈദി തുടങ്ങിയവർ പങ്കെടുത്തു.