ADVERTISEMENT

ദുബായ് ∙ യുഎഇയില്‍ ജോലിയെന്നുളളത് മിക്കവരുടെയും സ്വപ്നമാണ്. സ്വപ്നം കണ്ട ജോലിക്കായി യുഎഇയിലേക്ക് പറക്കാനിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തൊഴില്‍ ചെയ്യുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളും നിയമങ്ങളുമുളള രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ യുഎഇയിലേക്ക് പറക്കും മുന്‍പ് ഈ കാര്യങ്ങളില്‍ ഉറപ്പുവരുത്തണം.

യുഎഇയിലുളള വിവിധ കമ്പനികള്‍ അവരുടെ വെബ്സൈറ്റ് മുഖേന ഉദ്യോഗാർഥികളെ തേടാറുണ്ട്. വെബ്സൈറ്റില്‍ തന്നെ ജോലിയ്ക്ക് അപേക്ഷിക്കാനുളള സൗകര്യമുണ്ടാകും. സ‍ർക്കാർ തലത്തിലും വെബ്സൈറ്റിലൂടെ ജോലി ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യാറുണ്ട്.  ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പ്രാദേശിക അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സികള്‍ പ്രവർത്തിക്കുന്നുണ്ട്. ഇവരില്‍ നിന്നും അനുയോജ്യമായ ജോലി സാധ്യതകള്‍ മനസിലാക്കാനും ഇഷ്ടമുളള ജോലിയിലേക്ക് അപേക്ഷിക്കാനും സാധിക്കും. തട്ടിപ്പുകള്‍ ഏറെ നടക്കുന്ന മേഖലയാണ് തൊഴില്‍ മേഖയയെന്നുളളതുകൊണ്ടുതന്നെ ജോലിയെക്കുറിച്ചും തൊഴില്‍ സ്വഭാവത്തെ കുറിച്ചും ജോലി വാഗ്ദാനം നല്‍കിയ സ്ഥാപനത്തെക്കുറിച്ചുമെല്ലാം യുഎഇയിലുളള സുഹൃത്തുക്കളോടും ബന്ധുക്കളോടും അന്വേഷിക്കുന്നതും ഉചിതമാകും.

Image Credits: Aaftab Sheikh/Istockphoto.com
Image Credits: Aaftab Sheikh/Istockphoto.com

∙ എന്‍ട്രി വീസ
യുഎഇയില്‍ ഇതിനകം ജോലി ലഭിച്ചിട്ടുണ്ടെങ്കില്‍ തൊഴില്‍ പെർമിറ്റ് അടക്കം ജോലിയുമായി ബന്ധപ്പെട്ട പേപ്പർ ജോലികള്‍ തൊഴിലുടമ കൈകാര്യം ചെയ്യണം. തൊഴില്‍ പെർമിറ്റ് ലഭിക്കുന്നതിന് ആദ്യഘട്ടം എന്‍ട്രി വീസ നല്‍കണം. പല രാജ്യങ്ങളിലെയും പൗരന്മാർക്ക് വീസ ഓണ്‍ അറൈവല്‍ യുഎഇ നല്‍കുന്നുണ്ട്. യുഎഇയിലെത്തിയാല്‍ താമസവീസയ്ക്കും ലേബർ കാർഡിനും അപേക്ഷ നല്‍കാം. രാജ്യത്ത് എത്തി 60 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. പല കമ്പനികളും തൊഴില്‍ വീസ അയച്ചുനല്‍കി രാജ്യത്തെത്തി നിശ്ചിത സമയപരിധിക്കുളള ലേബർ കാർഡ് അടക്കമുളള കാര്യങ്ങള്‍ക്ക് അപേക്ഷ നല്‍കുകയാണ് ചെയ്യുന്നത്.

∙ വർക്ക് പെർമിറ്റ് അപേക്ഷ
യുഎഇയില്‍ വർക്ക് പെർമിറ്റ് അപേക്ഷ നല്‍കുന്നതിന് ചില രേഖകള്‍ ആവശ്യമാണ്. ഏറ്റവും കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള പാസ്പോർട്ടിന്‍റെ കോപ്പി, വീസ അപേക്ഷ ഫോം, പാസ് പോർട്ട് സൈസ് ഫോട്ടോ, യുഎഇയിലേക്ക് എത്തിയ എന്‍ട്രി പെർമിറ്റ്, സാധുതയുളള ആരോഗ്യസർട്ടിഫിക്കറ്റ്, തൊഴില്‍ കോണ്‍ട്രാക്ടിന്‍റെ മൂന്ന് കോപ്പികള്‍, വിദ്യാഭ്യാസ - പ്രൊഫഷണൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, ട്രേഡ് ലൈസന്‍റിന്‍റെ കോപ്പി എന്നിവ വേണം. 

റിക്രൂട്ട്മെന്‍റിന്‍റെയും മറ്റുകാര്യങ്ങളുടെയും ചെലവുകള്‍ തൊഴിലുടമയാണ് വഹിക്കേണ്ടത്. പ്രാദേശിക റിക്രൂട്ട്മെന്‍റ് ഏജന്‍സിയ്ക്ക് നല്‍കുന്ന ഫീസില്‍ യുഎഇയിലെ എന്‍ട്രി വീസ, യാത്ര എന്നിവയുടെ ചെലവുകള്‍ ഉള്‍ക്കൊളളണമെന്നതാണ് നിയമം. മാത്രമല്ല യുഎഇയിലെത്തിയതിന് ശേഷമുളള ആരോഗ്യപരിശോധന, അറൈവൽ പ്രോസസ്സിംഗ് ആവശ്യകതകളുടെ ചെലവുകളും ഇതില്‍ ഉള്‍പ്പെടും.

∙ ജോലിയ്ക്കായി എത്തും മുന്‍പ് ശ്രദ്ധിക്കൂ
യുഎഇയിലേക്ക് ജോലിയ്ക്കായി യാത്ര ചെയ്യും മുന്‍പ് ജോലിയുടെ രേഖാമൂലമുളള ഓഫർ ലെറ്റർ ലഭിക്കുമ്പോള്‍ തന്നെ ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും റിക്രൂട്ടിംഗ് ഏജൻ്റോ തൊഴിലുടമയോ നിങ്ങൾക്ക് വ്യക്തമാക്കി തന്നിരിക്കണം. ജോലിയുടെ പേരും ഉത്തരവാദിത്തങ്ങളും ശമ്പളവും അലവൻസുകളും ജോലിയുടെ വിശദമായ വ്യവസ്ഥകളും ഉൾപ്പെടെയുളള കാര്യങ്ങള്‍ ഇതില്‍ പെടും. ഇതെല്ലാം മനസിലാക്കി വേണം യാത്ര. ജോലി ഓഫറിന്‍റെ പകർപ്പ് റിക്രൂട്ടറോട് ആവശ്യപ്പെടുകയും കൈയ്യില്‍ സൂക്ഷിക്കുകയും ചെയ്യണം. വ്യത്യസ്‌ത നിബന്ധനകളും വ്യവസ്ഥകളുമുള്ള ഒരു കരാർ ഒപ്പിടാൻ തൊഴിലുടമ ആവശ്യപ്പെടുകയാണെങ്കില്‍, ഉടൻ തന്നെ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്‍റെ ഉപഭോക്തൃസേവനകേന്ദ്രത്തില്‍  അറിയിക്കാം. ഒപ്പുവച്ചപ്പോള്‍ തൊഴില്‍ കരാറില്‍ പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അർഹതയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തൃപ്തിയില്ലെങ്കില്‍ 80084 എന്ന നമ്പറില്‍ വിളിച്ചും കാര്യങ്ങള്‍ ബോധിപ്പിക്കാവുന്നതാണ്.

English Summary:

UAE Jobs: Things to Know before you go To UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com