ADVERTISEMENT

അബുദാബി ∙ ആഗോള പ്രതിഭകൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ലോക രാജ്യങ്ങളിൽ യുഎഇക്ക് ഒന്നാം സ്ഥാനം. എന്നാൽ യുഎഇ കമ്പനികൾ റിക്രൂട്ടിങിന് മുൻതൂക്കം നൽകുന്നത് ഫ്രാൻസ്, ഇന്ത്യ, തുർക്കി, യുകെ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരെയും. ലോക എച്ച്ആർ പ്ലാറ്റ്‌ഫോം ഡീൽ ആണ് ഈ രംഗത്തെ യുഎഇയുടെ മേൽക്കോയ്മ കണ്ടെത്തിയത്. 160 രാജ്യങ്ങളിലെ 3 ലക്ഷം തൊഴിൽ കരാർ പഠന വിധേയമാക്കിയതിൽ നെതർലൻഡ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. ഫ്രാൻസ്, യുകെ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ യഥാക്രമം 3, 4, 5 സ്ഥാനങ്ങളിൽ എത്തി.

സാമ്പത്തിക സേവനങ്ങൾ, വിവരസാങ്കേതിക വിദ്യ, ഐടി സേവനങ്ങൾ, കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ, മാനേജ്‌മെന്റ് കൺസൽറ്റിങ്, മാർക്കറ്റിങ്, പരസ്യം, വ്യവസായം, ഗവേഷണം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുന്നത്. മാനേജ്‌മെന്റ് കൺസൽറ്റന്റ്, കണ്ടന്റ് മാനേജർ, സോഫ്റ്റ്‌വെയർ എൻജിനീയർ, ഇൻഫ്ലുവൻസർ, മാർക്കറ്റിങ് മാനേജർ, സ്ട്രാറ്റജി ഡയറക്ടർ എന്നീ തസ്തികകളിലാണ് കൂടുതൽ നിയമനങ്ങൾ. വ്യവസായ അനുകൂല അന്തരീക്ഷവും നൂതന പദ്ധതികളും നിലപാടുകളുമെല്ലാം ലോകോത്തര നിയമന കേന്ദ്രമെന്ന നിലയിൽ യുഎഇ മികച്ച സ്ഥാനം ഉറപ്പിക്കുന്നതായി ഡീൽ വിപുലീകരണ മേധാവി താരിഖ് സലാം പറഞ്ഞു. വൈവിധ്യവും ബഹുസ്വരവുമായ തൊഴിൽ ശക്തിയാണ് യുഎഇയുടെ ഏറ്റവും വലിയ സമ്പത്ത്. രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ സാമ്പത്തിക വളർച്ച കൈവരിക്കുകയും ആഗോള വിപണിയിൽ ഉന്നത സ്ഥാനം നിലനിർത്തുകയും ചെയ്യുന്നു.

യുഎഇയിലെ തൊഴിൽ വിപണി കോവിഡ് പ്രതിസന്ധിയിൽനിന്ന് ആദ്യം കരകയറിയതും ലോകശ്രദ്ധ നേടി. സർക്കാരിന്റെ സാമ്പത്തിക, സാമൂഹിക ഇടപെടലാണ് വീണ്ടെടുക്കൽ എളുപ്പമാക്കിയത്. മറ്റു രാജ്യങ്ങളിലെ ജീവിത ശൈലിയും സാമ്പത്തിക പ്രശ്‌നങ്ങളും കാരണം കൂടുതൽ തൊഴിലുടമകൾ യുഎഇയിലേക്കു മാറിയതും റിക്രൂട്ട്മെന്റ് ശക്തമാക്കി. ഇതേസമയം പ്രതിഭകളുടെ കുത്തൊഴുക്കിൽ കുറഞ്ഞ ശമ്പളത്തിനും ജോലി ചെയ്യാൻ ഉദ്യോഗാർഥികൾ തയാറാവുന്നത് ശമ്പള വളർച്ചയെ ബാധിച്ചതായും റിപ്പോർട്ടുണ്ട്. പ്രഫഷനലുകളിൽ 82% പേരും ജിസിസി മേഖലയിൽ ജോലി ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ലിങ്ക്ഡ്ഇൻ സർവേയും ചൂണ്ടിക്കാട്ടി. ആകർഷക ജീവിത ശൈലിയും പ്രഫഷനൽ വളർച്ചയ്ക്കുള്ള അവസരവുമാണ് അനുകൂല ഘടകമായി ചൂണ്ടിക്കാട്ടുന്നത്. യുഎഇ ഗോൾഡൻ വീസ പദ്ധതിയാണ് മറ്റൊരു ആകർഷണം.

English Summary:

UAE Ranks First Among the Countries in the World where Professionals Prefer to Work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com