ADVERTISEMENT

അബുദാബി ∙ കൊടുംതണുപ്പകറ്റാൻ അടച്ചിട്ട വീടിനകത്ത് വിറകു കത്തിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. നിറവും മണവുമില്ലാത്ത നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന കാർബൺ മോണോക്‌സൈഡ് ശ്വസിക്കുന്നത് മരണത്തിനുവരെ കാരണമാകും. തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ വിറക് കത്തിച്ച് തീ കായാൻ പാടുള്ളൂ. ഇതുൾപ്പെടെ താമസ കെട്ടിടത്തിലെ അഗ്നിബാധയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.

 ദുബായിൽ, വായുസഞ്ചാരമില്ലാത്ത താമസസ്ഥലത്ത് വിറകും കരിയും കത്തിച്ച് തണുപ്പകറ്റാൻ ശ്രമിച്ച ഏതാനും പേർ മുൻ വർഷങ്ങളിൽ വിഷവാതകം ശ്വസിച്ച് മരിച്ചിരുന്നു. 2022ൽ ജനറേറ്ററിൽനിന്നുള്ള വാതകം ശ്വസിച്ച് ഒരു വനിതയ്ക്കും വളർത്തുമൃഗത്തിനും ജീവൻ നഷ്ടമായി. 

തലവേദന, തലകറക്കം, വയറുവേദന, ഛർദി, നെഞ്ചുവേദന, ആശയക്കുഴപ്പം, ബലഹീനത എന്നിവയാണ് കാർബൺ മോണോക്സൈഡ് വിഷബാധയുടെ ലക്ഷണങ്ങൾ. വിറകു കത്തിക്കുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അബുദാബി പൊലീസ് പുറത്തിറക്കി. തീപിടിത്തത്തിൽനിന്നും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളിൽനിന്നും രക്ഷ നേടാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പൊലീസ് വിശദീകരിച്ചു.‌

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട 
∙ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ വീടിനകത്ത് വിറകും കരിയും ഉപയോഗിച്ച് തീയിടരുത്.

∙ വീടിനു പുറത്ത് തുറസ്സായ സ്ഥലത്തു മാത്രമേ വിറകു കത്തിച്ച് തീ കായാവൂ.

∙ അടച്ചിട്ട മുറിക്കുള്ളിൽ വിറകു കത്തിച്ചാൽ പുക പുറത്തു പോകില്ല. ഇതു ശ്വാസ തടസ്സത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

∙ വിറകടുപ്പിന് സമീപം ഉറങ്ങരുത്

∙ വിറകടുപ്പ് കൂട്ടി തീ കാഞ്ഞ ശേഷം അവ കെടുത്തി എന്ന് ഉറപ്പാക്കണം.

∙ അടുപ്പിനു സമീപമോ പരിസരത്തോ കുട്ടികളെ കളിക്കാൻ വിടരുത്

∙ ചൂടകറ്റാനുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ കാലഹരണപ്പെട്ടതല്ലെന്നും പവർ കേബിളിന് കേടില്ലെന്നും ഉറപ്പാക്കണം.

∙ ഇലക്ട്രിക് ഉപകരണങ്ങളിൽ കുട്ടികൾ സ്പർശിക്കുന്നത് ഒഴിവാക്കണം.

∙ നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കരുത്. അവ അമിതമായി ചൂടായി അഗ്നിബാധയ്ക്ക് കാരണമായേക്കാം.

∙ തണുപ്പകറ്റാൻ ഉപയോഗിക്കുന്ന വീട്ടുപകരണങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.

English Summary:

It's not safe to burn wood inside house to prevent cold weather: Abu Dhabi Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com