ദോഹയിൽ മാച്ച് ഫോർ ഹോപ് മത്സരം 23ന്; വീണ്ടും കളിയാരവം
Mail This Article
ദോഹ ∙ ഫുട്ബോൾ ഇതിഹാസതാരങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രമുഖരും അണിനിരക്കുന്ന ഫുട്ബോൾ മത്സരത്തിന് ദോഹ അഹമ്ദ് ബിൻ അലി സ്റ്റേഡിയം ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുന്ന എജ്യുക്കേഷൻ എബൗ ഓൾ (ഇഎഎ) എന്ന സന്നദ്ധ സംഘടനയ്ക്കു പണം കണ്ടെത്താൻ മാച്ച് ഫോർ ഹോപ് സംഘടിപ്പിക്കുന്ന പ്രദർശന മത്സരം 23നാണ് നടക്കുക. ബ്രിട്ടിഷ് യുട്യൂബർ ‘ചങ്ക്സ്’ (അമീൻ മുഹമ്മദ്), കുവൈത്തി യുട്യൂബർ ‘അബോ ഫ്‌ലാഹ്’ (ഹസൻ സുലൈമാൻ) എന്നിവർ രണ്ടു ടീമുകളുടെ ക്യാപ്റ്റൻമാരായി കളത്തിലിറങ്ങും. കോടിക്കണക്കിന് ആരാധകരാണ് ഇരുവർക്കും വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലായി ഉള്ളത്.
മാലി, റുവാണ്ട, ടാൻസനിയ, പാക്കിസ്ഥാൻ, പലസ്തീൻ, സുഡാൻ എന്നിവിടങ്ങളിലെ ഇഎഎ പ്രവർത്തനങ്ങൾക്കാണ് മത്സരത്തിൽനിന്നുള്ള വരുമാനം പൂർണമായും ചെലവിടുക. കളിക്കാരുടെ സമ്പൂർണ പട്ടിക വൈകാതെ പുറത്തിറക്കുമെന്ന് മത്സരം ഒരുക്കുന്ന ക്യു–ലൈഫ് അറിയിച്ചു. പ്രമുഖ ഗായകർ പങ്കെടുക്കുന്ന സംഗീതവിരുന്നും മത്സരത്തിന്റെ ഭാഗമായി നടക്കും. ഖത്തർ ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചാണ് മത്സരം. വിസിറ്റ് ഖത്തർ, ഖത്തർ എയർവേയ്സ് എന്നിവരാണ് മാച്ച് ഫോർ ഹോപ് എൻജിഒയുടെ ഔദ്യോഗിക പങ്കാളികൾ.
ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ വേദികളിലൊന്നായിരുന്ന അഹ്മദ് അലി സ്റ്റേഡിയത്തിന് 45000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. എഎഫ്സി ഏഷ്യൻ കപ്പിലെ ഏഴു മത്സരങ്ങളും ഇവിടെ വച്ചാണ്. ടിക്കറ്റുകൾക്ക് www.match4hope.com. മാച്ച് ഫോർ ഹോപ്പിനുള്ള സംഭാവനകളും ഇതേ പോർട്ടൽ വഴി നൽകാം.