ADVERTISEMENT

മസ്‌കത്ത് ∙ പ്രകൃതി ഭംഗിയാൽ സമ്പന്നമായ സുൽത്താനേറ്റിന്റെ സുന്ദരമായ ഫ്രെയിമുകളെ കാൻവാസിൽ പകർത്തി കലാകാരൻമാർ. ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കി 'നിറങ്ങളുടെ തരംഗം' (വേവ്‌സ് ഓഫ് കളേഴ്‌സ്) എന്ന ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളിൽ തുടക്കം കുറിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള ഉദ്ഘാടനം നിർവഹിച്ചു.

രമ ശിവകുമാർ ക്യൂറേറ്റർ ആയ ചിത്ര പ്രദർശനത്തിൽ ഐഷ ദോഷാനി, റെജി ചാണ്ടി, മിന റാസ്സി, മെഹ്‌റാൻ, നീതു ചാബ്രിയ, പാറുൽ ബി റസ്ദാൻ, മുഹമ്മദ് റാഫി, അജയൻ പൊയ്യാറ, കൃഷ്ണ ശ്യാം, കവിത വടപ്പള്ളി, റേച്ചൽ ഈപ്പൻ, സിമ്രാൻ, സുദാൻവി റായ്, രാധാകൃഷ്ണൻ, രമ ശിവകുമാർ, അനുരാധ ഷാൻബാഗ്, നിസ്സി നെഹ്‌റൻ, മൈക്കൽ നെറോല, എം ഹാർട്ട്‌സ് എന്നീ കലാകാരന്മാരുടെ 50 ഓളം ചിത്രങ്ങളും ശിൽപങ്ങളും ആണ് പ്രദർശനത്തിൽ ഉള്ളത്. 

wave-of-colours-copy

ഒമാനിലെ പ്രകൃതിദത്തമായ അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങൾ എന്നിവയ്ക്ക് പുറമെ സുൽത്താനേറ്റിന്റെ തനത് പാരമ്പര്യത്തെ ഉൾകൊള്ളുന്ന ചിത്രങ്ങൾ ആസ്വാദകനെ പുതിയ കാഴ്ച്ചകളിലേക്കു കൂട്ടികൊണ്ടുപോകുന്നതാണ്. ആസ്വാദനം എന്നതിലുപരി പ്രകൃതിയെ സംരക്ഷിക്കുന്നതിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. കല എന്നാൽ ലോകം മുഴുവനും ഉൾകൊള്ളുന്ന പര്യവേക്ഷണമാണെന്നും എന്നാൽ പ്രകൃതിക്കു പകരം വെക്കാൻ ഒന്നുമില്ലെന്നും അതിനാൽ പ്രകൃതി കലാകാരനെ മാത്രമല്ല ആസ്വാദകനെ കൂടി വേറൊരു സർഗാത്മകതയിലേക്കും ആസ്വാദനത്തിലേക്കും കൊണ്ടുപോകുന്നുവെന്നും ക്യൂറേറ്റർ രമ ശിവകുമാർ പറഞ്ഞു.

ഒമാനിലെ ഒരുകൂട്ടം കലാകാരമാരുടെ അനുഭവം, ഭാവന, കഴിവ് ഇവ ഒന്നുചേരുന്ന ചിത്രപ്രദർശനം ഒമാൻ എന്ന സുന്ദര ദേശത്തെ കൂടുതൽ അറിയുവാനും അനുഭവിക്കുവാനും ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നിടത്താണ് "വേവ്‌സ് ഓഫ് കളേഴ്‌സ്' വ്യത്യസ്തമാകുന്നതെന്ന് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു. ഫെബ്രുവരി എട്ടിന് തുടക്കം കുറിച്ച പ്രദർശനം ശനിയാഴ്ച സമാപിക്കും. രാവിലെ എട്ട് മണി മുതൽ രാത്രി 11 മണിവരെയാണ് പ്രദർശന സമയം.

English Summary:

Painting Exhibition at Oman Avenues Mall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com