‘മാധ്യമങ്ങൾ പ്രതിപക്ഷ ശബ്ദമാകുന്നത് അഭിമാനം’
Mail This Article
അബുദാബി∙ മാധ്യപ്രവർത്തനമാണെങ്കിലും മാധ്യമ വിമർശനമാണെങ്കിലും ഇങ്ങനെയെങ്കിലും സംസാരിക്കാനും ജനങ്ങളുടെ പ്രതിപക്ഷ ശബ്ദമാകാനും സാധിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് മനോരമ ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ പറഞ്ഞു. ചോദ്യം ചോദിക്കാനും വിമർശിക്കപ്പെടാനും അധികാരികളോട് ചോദ്യം ചോദിക്കാനുമുള്ള സാഹചര്യം കേരളത്തിലുണ്ട്. ഇപ്പോഴുള്ള ആ സ്വാതന്ത്ര്യം നിലനിൽക്കേണ്ടതുണ്ടെന്ന് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നവരുമാണ് മലയാളികളെന്നത് പ്രതീക്ഷയോടെ കാണുന്നു. പ്രശ്നങ്ങളുടെ പരിഹാരം നീതിയാണ്. അതുകൊണ്ടുതന്നെ നീതി പുലരുകയേ നിർവാഹമുള്ളൂവെന്നും പറഞ്ഞു. അബുദാബി കെഎംസിസി സംഘടിപ്പിച്ച കേരള ഫെസ്റ്റിൽ മീഡിയ ടോക് ഷോയിൽ വാർത്താ തലക്കെട്ടുകൾ, സൃഷ്ടിയും അവതരണവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷാനി.
നിലപാടുകൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിച്ചാവരുതെന്ന് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. ചോദ്യം ചെയ്യാനും വിലയിരുത്താനും പ്രേക്ഷകർക്ക് ഉത്തരവാദിത്തം ഉണ്ടെങ്കിലും തെളിവുകളോടെ സമർഥിക്കാനാകണമെന്നും പറഞ്ഞു. അധികാരികൾ അസഹിഷ്‌ണുക്കളാവുമ്പോൾ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കപ്പെടുകയാണെന്നും പറഞ്ഞു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പു കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖേന പടച്ചുവിടുന്ന വ്യാജ വാർത്തകളുടെ കുത്തൊഴുക്ക് ഉണ്ടാവുന്നത് കരുതിയിരിക്കണമെന്നും 24 ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്‌മി താജ് ഓർമിപ്പിച്ചു. ചോദ്യങ്ങൾ വിലക്കുന്ന ഭരണകൂടങ്ങൾ അസഹിഷ്ണുതയുടെ കെട്ട കാലമാണ് ജനതയ്ക്ക് നൽകുന്നതെന്നു ഏഷ്യാനെറ്റ് ന്യൂസിലെ പി.ജി.സുരേഷ്‌കുമാർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയവും വിശ്വാസവും കൂടിക്കലരുമ്പോൾ ജനാധിപത്യം തകരുമെന്നും മാനവികത നിലനിർത്തുന്നതിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നിർണായക പങ്കുവഹിക്കാനുണ്ടെന്ന് മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ മാതു സജി പറഞ്ഞു. അബൂദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ മോഡറേറ്ററായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച ഫെസ്റ്റ് ഇന്നു രാത്രി സമാപിക്കും.