പ്രവചനാതീതമായ കാലാവസ്ഥ: യുഎഇയിൽ നാളെ ഫ്ലെക്സിബിൾ വർക്കിങ് രീതി സ്വീകരിക്കും
Mail This Article
ദുബായ് ∙ പ്രവചനാതീതമായ കാലാവസ്ഥ കണക്കിലെടുത്ത് നാളെ യുഎഇയിലുടനീളമുള്ള വിദ്യാലയങ്ങളോടും സ്വകാര്യ മേഖലാ കമ്പനികളോട് ഫ്ലെക്സിബിൾ വർക്കിങ് രീതികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവും ആവശ്യപ്പെട്ടു.
ദുബായിലെ സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, യൂണിവേഴ്‌സിറ്റികൾ എന്നിവ വിദ്യാർഥികളുടെ നേരിട്ടുള്ള ഹാജർ നയത്തിൽ അയവുള്ളവരായിരിക്കണമെന്നും അസ്ഥിരമായ കാലാവസ്ഥ കാരണം നാളെ ആവശ്യമെങ്കിൽ വിദൂരപഠനത്തിനുള്ള ഓപ്ഷൻ ഉപയോഗിക്കണമെന്നും അഭ്യർഥിച്ചു. ദുബായ് വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി ഇന്നലെ വൈകിട്ട് എക്‌സിലെ ഒരു പോസ്റ്റിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകി. പ്രവചനാതീതമായ കാലാവസ്ഥയിൽ മാതാപിതാക്കളുടെയും ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആവശ്യങ്ങൾ പരിഗണിക്കണമെന്നും നിർദേശിച്ചു. എല്ലാവരും സുരക്ഷിതരായിരിക്കുകയാണ് പ്രധാന ഉദ്ദേശ്യമെന്നും സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ മാത്രം പുറംജോലി ഉറപ്പാക്കാനും തൊഴിൽപരമായ ആരോഗ്യ സുരക്ഷാ ആവശ്യകതകൾ പാലിക്കാനും കമ്പനികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം എക്‌സിലെ പ്രസ്താവനയിൽ പറഞ്ഞു.