അഭിപ്രായങ്ങൾ പറയാൻ പേടി: മുകേഷ്
Mail This Article
ദുബായ് ∙ അഭിപ്രായം തുറന്നു പറയാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലത്തായിരുന്നു തന്‍റെ യൗവനം എന്നത് ഒരു മഹാഭാഗ്യമായി കരുതുന്നുവെന്ന് നടൻ മുകേഷ് പറഞ്ഞു. ഇന്ന് അഭിപ്രായങ്ങൾ പറയാൻ പേടിയാണ്. ഓരോ വാക്കിലും ജാതിയും മതവും നിറവും രാഷ്ട്രീയവും പൊളിറ്റിക്കൽ കറക്റ്റ്നസുമൊക്കെ നോക്കിയെ പറ്റു. പറയുന്ന വാക്കുകൾ ആരെയെങ്കിലും വ്രണപ്പെടുത്തുമോ, ബോഡി ഷെയിമിങ് ആകുമോ എന്നെല്ലാം ചിന്തിച്ചില്ലെങ്കിൽ വലിയ അബദ്ധവും അപകടവുമാകും. എന്തു പറയുമ്പോൾ പല വട്ടം ആലോചിക്കണം – മുകേഷ് പറഞ്ഞു.
അയ്യർ ഇൻ അറേബ്യ എന്ന സിനിമയുടെ ജിസിസി റിലിസിന്‍റെ ഭാഗമായി ദുബായിലെത്തിയ മുകേഷ് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു. എന്നാൽ, അഭിപ്രായ പ്രകടനങ്ങളിലും നേരം പോക്കുകളിലും തമാശകളിലുമൊക്കെ ഇങ്ങനെ വിവിധ നിറം ചേർത്തു കാണുന്നത് സാക്ഷര സമൂഹത്തിൽ ഏറ്റവും മോശപ്പെട്ട കാര്യമാണ്. അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ ഏറ്റെടുക്കണം. അതിനുള്ളൊരു ശ്രമമാണ് അയ്യർ ഇൻ അറേബ്യ എന്ന സിനിമയിലൂടെ സംവിധായകൻ എം.എ.നിഷാദ് നടത്തിയിരിക്കുന്നതെന്നും മുകേഷ് പറഞ്ഞു.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വിഘ്നേഷ് വിജയകുമാറാണ് അയ്യർ ഇൻ അറേബ്യ നിർമിച്ചിരിക്കുന്നത്. ചിത്രം ഒമാനിലും ഖത്തറിലും ബഹ്റൈനിലും പ്രദർശനത്തിന് എത്തി. ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ഉർവശി, ദുർഗാ കൃഷ്ണ, ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, ഡയാന ഹമീദ്, സോഹൻ സിനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദീഖ്, ജയകുമാർ, ഉമാനായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണാ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ ഉൾപ്പെടെ താരനിരയും ചിത്രത്തിലുണ്ട്.