ADVERTISEMENT

അബുദാബി∙ അബുദാബിയിലെ ബാപ്സ് ഹിന്ദു ശിലാക്ഷേത്രം നാളെ വൈകിട്ട് അഞ്ചുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണു യുഎഇയിലെ ഓരോ പ്രവാസി ഇന്ത്യക്കാരനും. യുഎഇ ഇന്ത്യക്കാർക്കു നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണിതെന്നാണു പ്രവാസികള്‍ പറയുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാഹോദര്യവും നയതന്ത്രബന്ധവും കൂടുതൽ ശക്തമാകുന്നതിൽ പ്രവാസി ഇന്ത്യക്കാർ അതീവ സന്തോഷത്തിലാണ്. മാധ്യമങ്ങളിലൂടെ മാത്രം കണ്ടും കേട്ടും വായിച്ചുമറിഞ്ഞ വിസ്മയ ക്ഷേത്രം നേരിട്ടു കാണാൻ കാത്തിരിക്കുകയാണു പലരും.

ബാപ്സ് ഹിന്ദു ശിലാക്ഷേത്രം നാളെ വിശ്വാസികൾക്കു തുറന്നുകൊടുക്കുമ്പോൾ അത് രാജ്യാതിർത്തികൾ ഭേദിക്കുന്ന മാനവികതയുടെയും സാഹോദര്യത്തിന്റെയും പുതിയ അധ്യായത്തിനു തുടക്കം കുറിക്കുമെന്ന് അബുദാബിയിലെ അഭിഭാഷക അയിഷാ അബൂബക്കർ മനോരമ ഒാൺലൈനോട് പറഞ്ഞു.‘‘അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിൽ ഏറെ കാലത്തെ വാണിജ്യ, കലാ, സാംസ്കാരിക ബന്ധങ്ങളുടെ ചരിത്രമുണ്ട്. 1950 കളിൽ തുടങ്ങിയ സജീവമായ പ്രവാസ ജീവിതത്തില്‍ ഇന്ത്യക്കാരെ ഇൗ മണ്ണ് മനസറിഞ്ഞു സ്വീകരിച്ചു. പങ്കുവയ്ക്കലിന്റെയും ഉൾക്കൊള്ളലിന്റെയും പുതിയ വഴികൾ തുറക്കുന്നതിലൂടെയല്ലാതെ മാനവരാശിക്കു നിലനിൽപ്പോ മുന്നേറ്റമോ ഇനി സാധ്യമല്ലെന്ന വലിയ പ്രഖ്യാപനമാണ് ആരാധനാലയം തുറക്കുന്നതിലൂടെ ഭരണാധികാരികൾ ലോകത്തോടു പ്രഖ്യാപിക്കുന്നത്’’– അഡ്വ.അയിഷ അബൂബക്കർ പറഞ്ഞു. 

അഡ്വ അയിഷ അബൂബക്കർ, രാജേശ്വരി പുതുശ്ശേരി
അഡ്വ അയിഷ അബൂബക്കർ, രാജേശ്വരി പുതുശ്ശേരി

യുഎഇ ഭരണകൂടം ഇന്ത്യൻ പ്രവാസികളോടു കാണിക്കുന്ന സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും കരുതലിന്റെയും പ്രതീകമാണ് അബുദാബിയിലെ ശിലാക്ഷേത്രമെന്നു മാധ്യമപ്രവർത്തകൻ റോയ് റാഫേൽ പറഞ്ഞു. പ്രധാനമന്ത്രി ചുമതലയേറ്റ ശേഷം നരേന്ദ്രമോദി തുടർച്ചയായി നടത്തിയ യുഎഇ പര്യടനവും യുഎഇ ഭരണാധികാരികൾ നടത്തിയ ഇന്ത്യൻ പര്യടനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കി. ഇപ്പോൾ അബുദാബി ക്ഷേത്രത്തിലൂടെ ആ ബന്ധത്തിനു തിളക്കമേറുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യസാഹോദര്യത്തിന്റെ ഉദാത്തമാതൃകയായി യുഎഇ മാറുന്നതായി കവിയും അധ്യാപകനുമായ മുരളി മംഗലത്ത് അഭിപ്രായപ്പെട്ടു. ലോകത്തിനു വിസ്മയമാകാൻ പോകുന്ന ശിലാക്ഷേത്രം യുഎഇയിൽ ഉദ്ഘാടനം ചെയ്യുന്നത് ഒരിന്ത്യക്കാരിയെന്ന നിലയിൽ ഏറെ സന്തോഷവും അഭിമാനവും പകരുന്നതായി എഴുത്തുകാരി രാജേശ്വരി പുതുശ്ശേരി പറഞ്ഞു. 

സൗഹാർദത്തിന്റെ ഉത്സവമായ ക്ഷേത്ര ഉദ്ഘാടന ചടങ്ങു നടക്കുമ്പോൾ യുഎഇയിലെ ഭരണാധികാരികൾക്കു നന്ദിയും സ്നേഹവും കടപ്പാടും ഒരു ഇന്ത്യക്കാരനെന്ന നിലയിൽ പ്രകടിപ്പിക്കുകയാണെന്ന് അഭിഭാഷകനും ഇന്ത്യൻ കോൺസുലേറ്റ് ലീഗൽ കൺസൾട്ടന്റുമായ ഏബ്രഹാം പി.ജോൺ പറഞ്ഞു. ഒരു ഇസ്‍ലാമിക രാജ്യത്ത് ഒരു ഹിന്ദു ക്ഷേത്രം നിർമിക്കാനും ആരാധിക്കാനും യുഎഇ അവസരമൊരുക്കിയത് ഭരണാധികാരികളുടെ മഹാമനസ്കതയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നു സാമൂഹിക പ്രവർത്തകനും എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാനുമായ ശ്രീധരൻ പ്രസാദ് അഭിപ്രായപ്പെട്ടു. ഒാരോ രാജ്യക്കാരനും അവരുടെ കലാ–സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങൾക്കും അവരുടെ വിശ്വാസം തുടരാനും എല്ലാവിധ പിന്തുണയും നൽകുന്ന ഭരണാധികാരികൾക്ക് ആദരവ് അർപ്പിക്കുകയാണെന്ന് അബുദാബിയിൽ താമസിക്കുന്ന കെ.വി.പ്രവീൺ കുമാർ പറഞ്ഞു. 

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ
അഡ്വ. ഏബ്രഹാം പി.ജോൺ, റോയ് റാഫേൽ, പ്രേമി മാത്യു, മുരളി മംഗലത്ത്, അശ്വിനി, സിറാജ് വി.പി.കീഴ്മാടം, ശ്രീധരൻ പ്രസാദ്, കെസിയ മെജോ, കെരൻ മെജോ, കെ.വി.പ്രവീൺ കുമാർ.

പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന യുഎഇ–ഇന്ത്യ ബന്ധം ഇൗ ക്ഷേത്രത്തിലൂടെ കൂടുതൽ ശക്തമാകുന്നതു സന്തോഷം പകരുന്ന കാര്യമാണെന്ന് അബുദാബിയിൽ താമസിക്കുന്ന കെസിയ മെജോ, കെരൻ മെജോ എന്നിവർ അഭിപ്രായപ്പെട്ടു. ലോകത്തെവിടെയുമുള്ള ഇന്ത്യക്കാർക്കും അബുദാബിയിലെ ക്ഷേത്രത്തെയോർത്ത് അഭിമാനിക്കാമെന്നു ഷാർജയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരനും ഫൊട്ടോഗ്രാഫറുമായ സിറാജ് വി.പി.കീഴ്മാടം പറഞ്ഞു. യുഎഇയിൽ ജീവിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും രാജ്യം നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിട്ടാണു താൻ ഇൗ ക്ഷേത്രത്തെ കാണുന്നതെന്നു സാമൂഹിക പ്രവർത്തക പ്രേമി മാത്യുവും ഇൗ ക്ഷേത്രത്തിനു വേണ്ടി എല്ലാ സൗകര്യങ്ങളും നൽകിയ യുഎഇ ഭരണാധികാരികളോടു നന്ദി പറയുകയാണെന്ന് അബുദാബിയിലെ രാഖീ രാജീവും പറഞ്ഞു. മതസൗഹാർദവും സ്നേഹവും ഇതര രാജ്യക്കാരോടു പ്രകടിപ്പിക്കേണ്ടത് എങ്ങനെയാണെന്നു വ്യക്തമാക്കുന്നതിൽ ലോകത്തിന് തന്നെ യുഎഇ മാതൃകയായിരിക്കുന്നുവെന്ന് അബുദാബിയിലെ നിബു സാം ഫിലിപ്പ് അഭിപ്രായപ്പെട്ടു.

∙ ബാപ്സ് ഹിന്ദു ശിലാക്ഷേത്രം; ഒരെത്തിനോട്ടം
ദുബായ് ഹൈവേയിൽനിന്നു മാറി അബു മുറൈഖ എക്സിറ്റ് 366, ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡിലാണ് (ഇ11) അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിലേക്കും െഎക്യത്തിലേക്കും സഹകരണത്തിലേക്കും സാംസ്കാരിക പാലം പണിയുന്നതാണ് ഇൗ ക്ഷേത്രം. യുഎഇയുടെ കാരുണ്യവും ഔദാര്യവുമാണു പദ്ധതി സാധ്യമാക്കിയത്. സർക്കാരും അതിന്റെ ഭരണാധികാരികളും പൂർണ പിന്തുണ നൽകി. ഇന്നത്തെ യുഎഇ പ്രസിഡന്റും 2015ൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവന നൽകിയത്. മന്ദിരം നിർമിക്കാൻ ആദ്യം 13.5 ഏക്കർ സ്ഥലം നല്‍കുകയും പിന്നീട് സഹിഷ്ണുതാവർഷം ആചരിച്ച 2019 ജനുവരിയിൽ 13.5 ഏക്കർ ഭൂമി കൂടിയും അനുവദി‌ക്കുകയുമായിരുന്നു. 

∙ 'ഫെസ്റ്റിവൽ ഓഫ് ഹാർമണി'
ബാപ്സ് ഹിന്ദു മന്ദിറിന്റെ സമർപ്പണ ചടങ്ങിനായി യുഎഇയിലെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന് യുഎഇഭരണകൂടം കഴിഞ്ഞദിവസം അബുദാബിയിൽ ഗംഭീര വരവേൽപാണ് നൽകിയത്. ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമേകുന്ന ഗുരുവാണ് സ്വാമി മഹന്ത്. മന്ദിരത്തിന്റെ ഉദ്ഘാടനം സ്വാമി മഹന്തിന്റെ നേതൃത്വത്തിൽ 'ഫെസ്റ്റിവൽ ഓഫ് ഹാർമണി'യിലൂടെ ആഘോഷിക്കും. ഉദ്ഘാടന പരിപാടിയിൽ യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ഇതിനകം ഓൺലൈനിൽ സന്ദർശനത്തിനു സമയം ബുക്ക് ചെയ്തവരെ 18നു പ്രവേശിപ്പിച്ചുതുടങ്ങും. എന്നാൽ, തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിനു ശ്രമിക്കാവു എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.   

English Summary:

Baps Mandir in Abu Dhabi Inauguration on Wednesday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com