ADVERTISEMENT

അബുദാബി ∙ മൂന്നാമതും അധികാരത്തിലെത്തി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയിലെ ഇന്ത്യൻ സമൂഹം അബുദാബിയിൽ ഒരുക്കിയ അഹ്‌ലൻ മോദി സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിലാണ് മൂന്നാം മോദി സർക്കാർ ഉറപ്പാണെന്ന് പ്രഖ്യാപിച്ചത്. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്നും സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ 35,000 ജനങ്ങളെ സാക്ഷിയാക്കി അദ്ദേഹം ഉറപ്പു നൽകി. ബിജെപി അനുകൂല പ്രവാസി സംഘടന ഐപിഎഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം ഒരുക്കിയത്. സ്വീകരണ പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഉദ്ഘാടനം കൂടിയായി. കഴിഞ്ഞ 10 വർഷത്തെ ഭരണ നേട്ടം എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യ ഇന്ന് ഏതെല്ലാം മേഖലയിലാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്ന് ജനങ്ങളെക്കൊണ്ട് ഏറ്റുപറയിച്ചു. ഹിന്ദി, മലയാളം, തമിഴ്, ബംഗാളി, ഗുജറാത്തി ഭാഷകളിലും ഇതേ വാചകം പ്രധാനമന്ത്രി ആവർത്തിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ എത്തിയവർ.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ എത്തിയവർ.

യുഎഇ ഇന്ത്യക്കാരുടെ വീടാണ്. പ്രവാസികളെ ഓർത്ത് അഭിമാനിക്കുന്നു.  ഇരു രാജ്യങ്ങൾക്കും ഇടയിലെ സുദൃഢ ബന്ധത്തിനു കാരണം, പ്രവാസികളുടെ  അധ്വാനമാണ്. യുഎഇ ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര, നിക്ഷേപ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ – യുഎഇ സഹകരണം ലോകത്തിനു മാതൃകയാണ്. രാജ്യാന്തര സുഹൃത്തായി ലോകം ഇന്ത്യയെ കാണുന്നു. ഇന്ത്യ– യുഎഇ ബന്ധം എഴുതിയാൽ തീരാത്ത പുസ്തകമാകുമെന്ന് അറബിക്കിൽ അദ്ദേഹം പറഞ്ഞു. തന്റെ ഉച്ചാരണത്തിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആമുഖത്തോടെയാണ് മോദി അറബിയിൽ പ്രസംഗിച്ചത്. 

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു സാക്ഷിയാകാൻ യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനും എത്തിയിരുന്നു. വികസിത ഭാരതം എന്നെഴുതിയ പ്രവേശന കവാടത്തിലൂടെയാണ് മോദി സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്.

ഇന്ത്യയിലെ പ്രധാന കലാരൂപങ്ങളെല്ലാം ഇരു വശത്തും പ്രധാനമന്ത്രിയെ വരവേറ്റ് നിന്നു. യുഎഇ സഹിഷ്ണുതാ മന്ത്രി പ്രധാനമന്ത്രിയെ അനുഗമിച്ചു. ഇതിനിടെ ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിലെ ആദ്യ ബാച്ച് വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളിലെയും യുവാക്കൾക്ക് ഇടയിലെ ആത്മ ബന്ധം ഊട്ടിയുറപ്പിക്കുന്ന തീരുമാനമാണ് ഐഐടി ക്യാംപസിലൂടെ യാഥാർഥ്യമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആവശമുയർത്തി ഡി.ജെ മ്യൂസിക്; താളത്തിൽ ആറാടി ജനങ്ങൾ
പ്രധാനമന്ത്രിയെ കാണാൻ ഉച്ചയ്ക്കു മുൻപുതന്നെ സ്റ്റേഡിയത്തിലേക്ക് എത്തിയ ഇന്ത്യക്കാരെ ആവേശഭരിതരാക്കി ഡി.ജെ മ്യൂസിക്. സംഗീതത്തിന്റെ ഈണത്തിനൊപ്പം നർത്തകരും ചുവടുവച്ചതോടെ സ്റ്റേഡിയം ആവേശച്ചൂടിലായി. സംഗീതത്തിൽ അലിഞ്ഞ് ജനങ്ങളും താളമിട്ടു. 12ന് തുടങ്ങിയ സംഗീത പരിപാടി 3 വരെ തുടർന്നു. ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ ,ദുബായ് എന്നീ എമിറേറ്റുകളിൽ നിന്നും അൽഐൻ അൽദഫ്ര തുടങ്ങി അബുദാബിയുടെ വിവിധ പ്രദേശങ്ങളിൽനിന്നും സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തിയിരുന്നു. മലയാളികൾ ഉപ്പെടെയുള്ളവർ മോദിയെ കാണാൻ എത്തി.

English Summary:

PM Modi reiterates his guarantee to make India third largest economic power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com