ADVERTISEMENT

ഷാർജ/ഫുജൈറ ∙ ഷാർജ, ഫുജൈറ എമിറേറ്റുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ സുരക്ഷാദൗത്യങ്ങൾ തുടരുന്നു. ഷാർജയിൽ 44 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. വെള്ളക്കെട്ട് നീക്കി ഗതാഗത സുഗമമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഹത്തയിൽ രണ്ടു ദിവസത്തിനിടെ ഒഴുക്കിൽപ്പെട്ട 5 വാഹനങ്ങൾ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. താഴ്‌വരകളിലൂടെ ഒഴുകിയെത്തിയ വെള്ളത്തിലാണ്‌ വാഹനങ്ങൾ മുങ്ങിയത്.

ഒരു വാഹനത്തിൽ 60 വയസ്സുള്ള യാത്രക്കാരനും ഉണ്ടായിരുന്നു. ഷാർജയിൽ 300 ടാങ്കർ ലോറികൾ നിരത്തിലിറക്കിയാണ് വെള്ളം നീക്കുന്നത്. ഇതിനു പുറമേ 120 മൊബൈൽ പമ്പുകളും 75 ഫിക്സഡ് ലിഫ്റ്റിങ് സ്റ്റേഷനുകളും ഉപയോഗിക്കുന്നുണ്ട്. 

വെള്ളം പമ്പ് ചെയ്യുന്നതിന് പുതിയ 4 സ്റ്റേഷനുകൾ നിർമിച്ചു. 300 ഉദ്യോഗസ്ഥരും 375 തൊഴിലാളികളും മുഴുവൻ സമയവും ഇവിടെ ജോലി ചെയ്യുന്നുണ്ട്. 24 മണിക്കൂറും നഗരസഭ സംവിധാനങ്ങളും ഉദ്യോഗസ്ഥരും പ്രവർത്തനസജ്ജരാണെന്നും അധികൃതർ അറിയിച്ചു. മഴ തുടർച്ചയായി പെയ്ത ഫുജൈറ എമിറേറ്റിൽ ഉൾറോഡുകളിലും, പാർപ്പിട മേഖലകളിലും രൂപപ്പെട്ട വെള്ളക്കെട്ടുകൾ പൂർണമായി നീക്കിയിട്ടില്ല. ഷാർജയുടെ ഭാഗമായ കൽബയിലും മഴക്കെടുതി രൂക്ഷമായിരുന്നു. ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ നഗരസഭകൾ കൺട്രോൾ റൂമുകൾ തുറന്നു. നമ്പർ 80036.

മഴ പെയ്തെന്ന് കരുതി വില കൂട്ടരുത്
വാഹന സ്പെയർ പാർട്സിന്റെയും അറ്റകുറ്റപ്പണിയുടെയും നിരക്കുവർധന അബുദാബി സാമ്പത്തിക വികസന വിഭാഗം നിരോധിച്ചു. ശക്തമായ മഴയിലും ആലിപ്പഴ വർഷത്തിലും ആയിരക്കണക്കിനു വാഹനങ്ങൾ കേടായ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇതുസംബന്ധിച്ച സർക്കുലർ സ്പെയർപാർട്സ് കടകൾ, ഗാരിജുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കു നൽകി. പൊതുജന സുരക്ഷയും സ്വത്തുക്കളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതിൽ സമൂഹത്തിന്റെ സഹകരണത്തെ പ്രശംസിക്കുകയും ചെയ്തു. 

മിന്നൽ പരിശോധന
വിലവർധന നടപ്പാക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ മിന്നൽ പരിശോധനയുണ്ടാകുമെന്ന് സാമ്പത്തിക വികസന വിഭാഗം ഓർമിപ്പിച്ചു. 

പിഴ 3,000–10,000 വരെ
ആദ്യം 3000 ദിർഹമായിരിക്കും പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും (6000 ദിർഹം). മൂന്നാമതും നിയമം ലംഘിച്ചാൽ 8000, നാലാം തവണ 10,000 ദിർഹമുമായിരിക്കും പിഴ.

English Summary:

UAE Rain : ongoing security missions under the municipality's leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com