ADVERTISEMENT

അബുദാബി/ദുബായ് ∙ യുഎഇയിൽ താമസിക്കുന്നവർ‌ക്ക് സൗദി മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ മിനിറ്റുകൾക്കകം ലഭിക്കും. ഈ വീസയിൽ ഉംറ നിർവഹിക്കാനും വിനോദ സഞ്ചാരത്തിനും ഇതോടെ അവസരം തുറക്കും. ഹജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സൗദി ടൂറിസം അതോറിറ്റി ആരംഭിച്ച ഏകീകൃത പോർട്ടലായ നുസുക് ആപ് വഴിയാണ് സൗകര്യം ഒരുക്കിയത്. 

ദുബായിൽ ട്രാവൽ, ടൂറിസം, ഹജ്–ഉംറ ഏജൻസികൾ ഉൾപ്പെടെ നാനൂറിലേറെ കമ്പനികൾ പങ്കെടുത്ത സമ്മേളനത്തിൽ സൗദി ഹജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീഅയാണ് പദ്ധതി പ്രഖ്യാപിച്ചത്. മൾട്ടിപ്പിൾ എൻട്രി ഇ-വീസ ഉപയോഗിച്ച് ഒന്നിലേറെ തവണ സൗദി സന്ദർശിക്കാനും വർഷത്തിൽ പരമാവധി 90 ദിവസം താമസിക്കാനും സാധിക്കും. സൗദി വിഷൻ 2030ന്റെ ഭാഗമായി ഉറം തീർഥാടകരുടെ എണ്ണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

∙ വിമാന സർവീസുകൾ 

സൗദി എയർലൈൻസിന് ദുബായിൽനിന്ന് മദീനയിലേക്ക് ആഴ്ചയിൽ 3 സർവീസുണ്ട്. റമസാനിൽ ആഴ്ചയിൽ എല്ലാ ദിവസവും സർവീസുണ്ടാകും. ഫ്ലൈ നാസിൽ അബുദാബിയിൽനിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. ദുബായിൽനിന്ന് ജിദ്ദയിലേക്ക് ആഴ്ചയിൽ 29 വിമാന സർവീസിനു പുറമെ മദീനയിലേക്കുള്ള പ്രതിദിന സർവീസും പ്രഖ്യാപിച്ചു. 

ജിസിസി രാജ്യങ്ങളിൽ യുഎഇയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഉംറ നിർവഹിക്കുന്നത്. ഉംറ നിർവഹിക്കുന്നതിനും മദീനയിലെ മസ്ജിദുന്നബവിയും പ്രവാചകന്റെ കബറിടം സ്ഥിതി ചെയ്യുന്ന റൗദാശരീഫ് സന്ദർശിക്കുന്നതിനും നുസുക് ആപ്പിലൂടെ ബുക്ക് ചെയ്യാം.സൗദിയിലെ ചരിത്ര സ്മാരകങ്ങൾ, പൈതൃക, സാംസ്കാരിക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കാനും സാധിക്കും. താമസം, ഗതാഗതം, വ്യോമയാനം, ടൂറിസം, ഇലക്ട്രോണിക് വീസ തുടങ്ങി  ഒട്ടേറെ സേവനങ്ങൾ നുസുക്കിലൂടെ ലഭിക്കും. നുസുകിന്റെ ഉപയോഗത്തെക്കുറിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

English Summary:

Umrah and Tourism; Saudi Multiple Entry Tourist Visa for those in UAE.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com