ADVERTISEMENT

തിരുവനന്തപുരം∙ നോർക്ക റൂട്ട്സിന്‍റെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും സംതൃപ്തിയോടെയാണ് മടങ്ങിപ്പോകുന്നതെന്ന് സ്ഥാനമൊഴിഞ്ഞ കെ. ഹരികൃഷ്ണൻ നമ്പൂതിരി. കഴിഞ്ഞ ആറ് വർഷം തന്‍റെ ഔദ്യോഗിക ജീവിതത്തിലെ അവിസ്മരണീയമായ കാലഘട്ടമായിരുന്നുവെന്നും ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്ഥാനമൊഴിഞ്ഞ ഇദ്ദേഹം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എല്ലിന്‍റെ മാർക്കറ്റിങ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കാണ് മടങ്ങുന്നത്.

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ മാർക്കറ്റിങ് ഡപ്യൂട്ടി വൈസ് പ്രസിഡന്‍റായിരുന്നപ്പോഴാണ് ഹരികൃഷ്ണൻ നമ്പൂതിരി 2018ൽ സിഇഒയായി നോർക്ക റൂട്ട്സിലേയ്ക്ക് എത്തുന്നത്. ആറ് വർഷം കഴിഞ്ഞ്  മാതൃസ്ഥാപനത്തിലേയ്ക്ക് മടങ്ങിപ്പോകുമ്പോൾ നോർക്കയെ അതിന്‍റെ ഏറ്റവും ശ്രദ്ധേയമായ തലത്തിൽ അദ്ദേഹം എത്തിച്ചുവെന്നതിൽ സംശയമില്ല.

കോവിഡ്, യുക്രെയ്ൻ തുടങ്ങിയ പ്രവാസികളുടെ പ്രതിസന്ധികാലത്ത്  നോർക്കയ്ക്ക് ദിശാബോധം നൽകിയത് ഹരികൃഷ്ണൻ നമ്പൂതിരിയായിരുന്നു. പ്രവാസികളോടൊപ്പം നോർക്ക ഉണ്ടെന്ന വിശ്വാസം അവർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ ഈ പ്രതിസന്ധി ഘട്ടങ്ങളിലെ ഇടപെടലുകൾക്കായി. ലോകത്തെമ്പാടുമുള്ള മലയാളി പ്രവാസികളെ ഒരുമിപ്പിക്കുന്നതിൽ നോർക്കയുടെ സാന്ത്വന - സാമ്പത്തിക പുനരേകീകരണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞത് കാര്യക്ഷമമായി ഇദ്ദേഹത്തിന്‍റെ നേതൃത്വം കൊണ്ടാണ്. 

കോവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി ആരംഭിച്ച പ്രവാസി ഭദ്രത, സുരക്ഷിത കുടിയേറ്റത്തിനായുള്ള ശുഭയാത്ര പദ്ധതി, ജര്‍മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ ജര്‍മന്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടപ്പാക്കിയ ട്രിപ്പിള്‍ വിന്‍, യു.കെ കരിയർ ഫെയറുകൾ, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ തുടങ്ങിയ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കാനും വിജയകരമായി നടപ്പാക്കാനും കെ. ഹരികൃഷ്ണൻ നമ്പൂതിരിയ്ക്ക് കഴിഞ്ഞു. സർക്കാർ മേഖലയിലെ ആദ്യത്തെ വിദേശ ഭാഷാ പഠന കേന്ദ്രമായ എൻ.ഐ.എഫ്.എൽ കേന്ദ്രങ്ങൾ തിരുവനന്തപുരത്തും കോഴിക്കോടും യാഥാർത്ഥ്യമാക്കിയതിലും ഇദ്ദേഹത്തിന്‍റെ നേതൃപാടവമുണ്ട്.

പ്രവാസികളുടെ പ്രശ്‌നങ്ങളെ അതിവേഗത്തില്‍ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാനും സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പ്രത്യേക താല്‍പര്യമെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലായിടത്തേക്കും അദ്ദേഹത്തിന്‍റെ ശ്രദ്ധയെത്തി. ഏകോപനവും നടപടികളും വേഗത്തിലാക്കി.  അതിവേഗത്തില്‍ എംബസികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള അദ്ദേഹത്തിന്‍റെ പാടവവും ശ്രദ്ധേയമായിരുന്നു.ലോക കേരളസഭയുടേയും മേഖലാ സമ്മേളനങ്ങളുടേയും കാര്യക്ഷമമായ നടത്തിപ്പിലൂടെ മലയാളി പ്രവാസികളെ ലോക പൗരന്മാരാക്കി മാറ്റിയതിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ തുടർച്ചയായി നോർക്കയെ സ്കോച്ച് അവാർഡിന് അർഹമാക്കിയതിലും ഹരികൃഷ്ണൻ നമ്പൂതിരി വഹിച്ച പങ്കും ശ്ലാഖനീയമാണ്. നോര്‍ക്കയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സിഇഒ എന്ന അംഗീകാരവും ഇദ്ദേഹത്തിനുള്ളതാണ്.

ഹരികൃഷ്ണൻ നമ്പൂതിരിക്ക് സർക്കാർ പ്രതിനിധികളും നോർക്ക റൂട്ട്സ് ജീവനക്കാരും ഊഷ്മളമായ യാത്രയയപ്പ് നൽകി. നിലവിൽ നോർക്കയുടെ ജനറൽ മാനേജരായി പ്രവർത്തിക്കുന്ന അജിത്ത് കോളശ്ശേരിയ്ക്കാണ് പുതിയ ചീഫ് എക്സിക്യൂവ് ഓഫിസറുടെ ചാർജ്.

English Summary:

K Harikrishnan namboothiri, CEO Norka Roots, said that he is returning with satisfaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com