രാജ്യാന്തര കോടതിയിൽ നിലപാടറിയിച്ച് യുഎഇ ഗാസ: പരിഹാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം
Mail This Article
അബുദാബി ∙1967ലെ അതിർത്തി പ്രകാരം സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതു മാത്രമാണ് ഗാസ സംഘർഷത്തിന് പരിഹാരമെന്ന് യുഎഇ യുഎൻ സുപ്രീം കോടതിയെ അറിയിച്ചു. പലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ആവർത്തിച്ച രാഷ്‌ട്രീയകാര്യ സഹമന്ത്രിയും യുഎഇയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായ ലാന നുസൈബയാണ് വിഷയത്തിൽ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം അംഗീകരിച്ചാൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും കൂട്ടിച്ചേർത്തു. യുഎൻ രക്ഷാസമിതി പ്രമേയങ്ങൾക്ക് അനുസൃതമായി രാജ്യാന്തര പിന്തുണയോടെ ഇരു കക്ഷികളും തമ്മിൽ ചർച്ച നടത്തി വ്യക്തമായ നടപടികളുടെ പിൻബലത്തോടെ ഇതു യാഥാർഥ്യമാക്കണം. ഇസ്രയേൽ നടത്തുന്ന രാജ്യാന്തര നിയമ ലംഘനങ്ങൾ എണ്ണിപ്പറഞ്ഞ ലാന നുസൈബ, ദ്വിരാഷ്ട്ര പരിഹാരത്തെ ഇതു തടസ്സപ്പെടുത്തുന്നെന്നും കൂട്ടിച്ചേർത്തു.ഇസ്രയേൽ അധിനിവേശം നിയമവിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി വേണമെന്നും രാജ്യാന്തര കോടതിയോട് അഭ്യർഥിച്ചു.